ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊതുവേ യു.ഡി.എഫ് അനുകൂല മണ്ഡലമായാണ് വയനാടിനെ വിലയിരുത്തുന്നത്. 2009-ലും 2014-ലും എം.ഐ ഷാനവാസിനായിരുന്നു ഇവിടെ വിജയം നേടാനായത്. ഇത്തവണ യു.ഡി.എഫ് ടി. സിദ്ദീഖിനെ മത്സരരംഗത്തിറക്കുമ്പോള്‍ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥി പി.പി സുനീറാണ്. എട്ട് വര്‍ഷത്തോളം സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന സുനീര്‍ നിലവില്‍ പാര്‍ട്ടിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗമാണ്. 

പി.പി സുനീര്‍ അദ്ദേഹത്തിന്റെ പ്രചാരണ വിഷയങ്ങളും തിരഞ്ഞെടുപ്പ് പ്രതീക്ഷകളും മാതൃഭൂമിഡോട്ട്കോമുമായി പങ്കുവെക്കുന്നു.

രാഷ്ട്രീയ പ്രവേശനം വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ​

സ്‌കൂള്‍ പഠനകാലത്തുതന്നെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പിന്നീട് തൃശൂര്‍ കേരള വര്‍മ്മ കോളേജിലും പഠന കാലത്ത് എ.ഐ.എസ്.എഫിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.

സ്ഥാനാര്‍ഥിത്വം അപ്രതീക്ഷിതമല്ല

പാര്‍ട്ടി നല്‍കുന്ന മറ്റ് ചുമതലകളേപ്പോലെതന്നെ പ്രധാനപ്പെട്ട ഒന്നാണ് സ്ഥാനാര്‍ഥിത്വവും. മണ്ഡലത്തില്‍ പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന ഘടകത്തില്‍തന്നെ പ്രവര്‍ത്തിക്കുന്നതിനാല്‍ എനിക്ക് സ്ഥാനാര്‍ഥിയാകാനുള്ള അര്‍ഹതയില്ലെന്ന് ആരും പറയാനിടയില്ല. സ്ഥാനാര്‍ഥിത്വം മണ്ഡത്തിലെ പ്രവര്‍ത്തന മികവിന്റെ അംഗീകാരം കൂടിയാണെന്ന് കരുതുന്നു.

നേരത്തെ 1999-ലും 2004-ലും പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി പൊന്നാനിയില്‍ നിന്ന് മത്സരിച്ചിട്ടുണ്ട്. നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും സ്ഥാനാര്‍ഥിയാകുമ്പോള്‍ നല്ലരീതിയിലുള്ള ജനപിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും

എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ തിരഞ്ഞെടുപ്പില്‍ അനുകൂല ഘടകമാണ്. പെന്‍ഷന്‍ കുടിശ്ശിക കൊടുത്തുതീര്‍ക്കാനായത് കൂടാതെ കാര്‍ഷിക, ആരോഗ്യ, വ്യാവസായിക രംഗത്തും സര്‍ക്കാരിന് മുന്നേറ്റം നടത്താനായിട്ടുണ്ട്. ദേശീയപാത നാലുവരിയാക്കുന്നതും വിഴിഞ്ഞം തുറമുഖ പദ്ധതിയും കണ്ണൂര്‍ വിമാനത്താവളവും സര്‍ക്കാരിന്റെ നേട്ടങ്ങളായി കാണാം.

യുവവോട്ടര്‍മാരില്‍ പ്രതീക്ഷ

പ്രചാണാര്‍ഥവും അല്ലാതെയും ഞാന്‍ എത്തിച്ചേരുന്ന കാമ്പസുകളില്‍നിന്ന് നല്ല പ്രതികരണമാണ് ലഭിക്കാറുള്ളത്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്നുവന്ന നേതാവെന്ന നിലയില്‍ അവര്‍ക്കൊപ്പം നില്‍ക്കാനാവുന്ന ഒരാളായി വിദ്യാര്‍ഥികള്‍ എന്നെ കാണുന്നുണ്ട്.

ആദിവാസി വിഭാഗങ്ങള്‍ ഇത്തവണ എല്‍ഡിഎഫിനെ പിന്തുണയ്ക്കും

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കൊപ്പവും അതിനു മുന്‍പ് കോണ്‍ഗ്രസിനൊപ്പവും നിന്നിരുന്ന സംഘടനകള്‍ ഉള്‍പ്പെടെ ഇത്തവണ എല്‍ഡിഎഫിന് അനുകൂല നിലപാട് പ്രഖ്യാപിച്ചുകഴിഞ്ഞു. ഏറനാട് ചാലിയാര്‍ പഞ്ചായത്തിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തിലെ മറ്റ് മേഖലകളിലും വ്യാപിപ്പിച്ചിട്ടുണ്ട്. 

പ്രളയം രാഷ്ട്രീയ വിഷയമായി കാണുന്നില്ല

പ്രളയ സമയത്തും പിന്നീടുമുണ്ടായ പ്രവര്‍ത്തനങ്ങള്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമാണ്. എല്ലാവരും ഒരുമിച്ച് നിന്നാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പ്രളയ കാലത്ത് യുവാക്കളുടെ പ്രവര്‍ത്തനങ്ങളും പ്രശംസനീയമായിരുന്നു. അവര്‍ക്ക് സാമൂഹിക പ്രതിബദ്ധതയേക്കുറിച്ചുള്ള കാഴ്ചപ്പാട് എത്ര വലുതാണെന്ന് മനസിലാക്കാനും പ്രളയകാലത്തായി. 

പ്രളയകാലത്തും പിന്നീട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും എല്‍ഡിഎഫ് സര്‍ക്കാരിന് ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞിട്ടുണ്ട്. അതിനാല്‍തന്നെ ജനങ്ങളില്‍നിന്നും ഇടതുപക്ഷ അനുകൂല പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്.

വയനാടിനെ അമേഠിയോ റായ്ബറേലിയോ ആക്കാന്‍ അനുവദിച്ചുകൂടാ

മറ്റ് പത്തൊമ്പത് മണ്ഡലങ്ങളില്‍നിന്നും വ്യത്യസ്തമായ സാഹചര്യമാണ് വയനാട്ടിലുള്ളത്. പത്ത് വര്‍ഷമായി വയനാട്ടില്‍ അദൃശ്യനായ എംപിയായിരുന്നു ഉണ്ടായിരുന്നത്. വ്യക്തി എന്നതിലുപരിയായി അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിക്കും ഇതില്‍ വലിയ പങ്കാണുള്ളത്. രണ്ട് തവണ ജയിച്ചിട്ടും കോണ്‍ഗ്രസിന് മണ്ഡലത്തില്‍ ഒന്നും ചെയ്യാനായില്ല.

ആരെ നിര്‍ത്തിയാലും കോണ്‍ഗ്രസ് വയനാട്ടില്‍ ജയിക്കുമെന്ന് യുഡിഎഫ് അവകാശപ്പെടുന്നു. ഉത്തരേന്ത്യയിലെ അവികസിത പ്രദേശങ്ങളായ അമേഠിയും റായ്ബറേലിയും പോലെയാണ് വയനാടെന്ന് യുഡിഎഫ് നേതാക്കള്‍ പറയുന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ കോണ്‍ഗ്രസ് എംപി പിന്നീട് മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കുന്നു പോലുമില്ല. 

അവസരം നല്‍കിയാല്‍ ജനങ്ങളില്‍ ഒരാളായി പ്രവര്‍ത്തിക്കും

യുഡിഎഫിനെതിരെ പൊതുവായി ഉയര്‍ന്നുവന്നിട്ടുള്ള ജനവികാരം എല്‍ഡിഎഫിന് മണ്ഡലത്തില്‍ അനുകൂലമായി ഭവിക്കും. വയനാട്ടിലെ ജനങ്ങള്‍ക്ക് നിലവിലെ സാഹചര്യത്തില്‍നിന്നുള്ള മാറ്റമാണ് ആവശ്യം. ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന പ്രതിനിധിയെ ആണ് അവര്‍ക്ക് ആവശ്യം. ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള അവസരം ഇത്തവണ വയനാട്ടുകാര്‍ എനിക്ക് നല്‍കുമെന്ന് കരുതുന്നു. ചെറിയ മാറ്റത്തിലൂടെ വലിയ നേട്ടം സൃഷ്ടിക്കാന്‍ വയനാട്ടുകാര്‍ക്കാകും.

Content Highlights: Interview with PP Suneer, Wayanad Lok Sabha LDF Candidate, General Election 2019, The Great Indian War 2019