കല്പറ്റ: തോൽവി ഡോ. പത്മരാജനെ ഒട്ടും തളർത്തിയിട്ടില്ല. ജയിച്ചുകയറാൻ പാടുപെടുന്നവരുടെ ഇടയിലേക്ക് തോൽവിയുടെ നൂറുകഥകളുമായി പത്മരാജനും എത്തി. ‘തോൽവിയുടെ’ ലോക റെക്കോഡ് സ്വന്തം പേരിൽ സൂക്ഷിക്കുന്ന ‘ഇലക്ഷൻ കിങ്’ ഇത്തവണ വയനാട്ടിലും മത്സരിക്കും. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ മത്സരിച്ച് തോറ്റതിന് 2004-ൽ ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ തമിഴ്നാട് സേലം സ്വദേശിയായ ഡോ. കെ. പത്മരാജൻ വയനാട് ലോക്‌സഭാ മണ്ഡലത്തിലും നാമനിർദേശ പത്രിക നൽകി. വയനാട്ടിൽ മത്സരിക്കുന്നതോടെ 201 തിരഞ്ഞെടുപ്പുകളിൽ പത്രിക നൽകുന്ന വ്യക്തിയാകും പത്മരാജൻ.

വയനാടിന് പുറമേ തമിഴ്നാട്ടിൽ ധർമപുരി മണ്ഡലത്തിലും ഇദ്ദേഹം പത്രിക നൽകിക്കഴിഞ്ഞു. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വഡോദരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും മത്സരിച്ചിട്ടുണ്ട് ഈ അറുപതുകാരൻ. രാഹുൽഗാന്ധി മത്സരിക്കാനെത്തുന്നതാണ് പത്മരാജനെ ഇത്തവണ വയനാട്ടിൽ മത്സരിക്കാൻ പ്രേരിപ്പിച്ചത്.

നരസിംഹറാവു, വാജ്പേയി, കെ.ആർ. നാരായണൻ, ജയലളിത, കരുണാനിധി, രാജശേഖരറെഡ്ഡി, എ.കെ. ആന്റണി, എ.പി.ജെ. അബ്ദുൾകലാം, പ്രതിഭാ പാട്ടീൽ, മൻമോഹൻ സിങ്ങ് തുടങ്ങി പ്രമുഖർ മത്സരിച്ച ഇടങ്ങളിലെല്ലാം സ്ഥാനാർഥി പത്രിക നൽകിയിട്ടുണ്ട‌്. 1988-ൽ തമിഴ്നാട്ടിലെ മേട്ടൂർ അസംബ്ലി മത്സരത്തോടെയാണ് പത്മരാജൻ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ തുടങ്ങിയത്. ഇതുവരെ ഏതാണ്ട് മുപ്പത് ലക്ഷത്തോളം രൂപയാണ് തിരഞ്ഞെടുപ്പുകൾക്കായി ചെലവഴിച്ചത്. സാധാരണക്കാരനും പൊതുതിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാകും എന്ന് തെളിയിക്കുകയായിരുന്നു പത്മരാജൻ.

ലിംക പിന്നിട്ട ഇദ്ദേഹം ഗിന്നസ് റെക്കോർഡിനായുള്ള പരിശ്രമത്തിലാണ്. ജയം പ്രതീക്ഷിക്കാതെ, വോട്ടുകൾ എണ്ണാതെ ‘വമ്പൻമാരോട്’ മത്സരിക്കാനാണ് പത്മരാജനും താത്പര്യം. ജയത്തെക്കാൾ തോൽവി ഇഷ്ടപ്പെടുന്ന ഇദ്ദേഹം ഇലക്ഷൻ കിങ് എന്നാണ് അറിയപ്പെടുന്നതും. തിരഞ്ഞെടുപ്പിലെ ചില നിയമ ഭേദഗതികൾക്കും പത്മരാജൻ കാരണമായിട്ടുണ്ട്. ഒരു സമയത്ത് രണ്ട് സ്ഥലങ്ങളിൽ മത്സരിക്കാമെന്ന നിയമത്തിന് കാരണമായത് തന്റെ ഇടപെ‌ടലാണെന്ന് പത്മരാജൻ അവകാശപ്പെടുന്നു. 1996-ൽ അഞ്ച് സംസ്ഥാനങ്ങളിലായി പത്മരാജൻ മത്സരിച്ചത് എട്ട് സ്ഥലങ്ങളിലാണ്.

Content Highlights: Dr Pathmarajan to contest lok sabha election from Wayanad, Lok Sabha Elections 2019, The Great Indian War 2019