കല്പറ്റ: തിരഞ്ഞെടുപ്പുരംഗത്തെ ഡിജിറ്റൽ യുദ്ധം കാണാൻ വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്ക് വരണം. ‘വാർ റൂം’വരെ തുറന്നുകഴിഞ്ഞു അവിടെ. രാഹുൽ ഗാന്ധിയുടെ പ്രചാരണാർഥം കോൺഗ്രസ് തുറന്നതാണ് ഈ യുദ്ധമുറി. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തെയും എതിരാളികളുടെ തെറ്റായ പ്രചാരണത്തെയും നേരിടാനുള്ള പഴുതടച്ച പ്രചാരണമാണ് വാർറൂമിന്റെ ലക്ഷ്യമെന്ന് അതിന്റെ ചുമതലയുള്ള കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ പറഞ്ഞു.

മുക്കത്തെ യുദ്ധമുറിയിലിരുന്ന് എട്ടംഗ മാധ്യമസംഘം കോൺഗ്രസിനും രാഹുലിനും എതിരേ വരുന്ന വാർത്തകൾ നിരന്തരം വീക്ഷിക്കും. അവയ്ക്കുള്ള മറുപടികൾ തയ്യാറാക്കും. മറുപടി പറയേണ്ട വ്യക്തിയെ തീരുമാനിക്കും. ഡേറ്റ മൈനിങ് വിഭാഗത്തിനാണ് അതിന്റെ ചുമതല.

എല്ലാ വിവരങ്ങളും ശേഖരിച്ചാൽ സാമൂഹിക മാധ്യമവിഭാഗം മേധാവി ദിവ്യസ്പന്ദനയുടെ നേതൃത്വത്തിൽ ഡൽഹിയിലുള്ള എ.ഐ.സി.സി. ഐ.ടി. വിഭാഗത്തിന് കൈമാറും. അവരുടെ അനുമതിയോടെ പ്രത്യാക്രമണമോ ആക്രമണമോ തുടങ്ങും.

കഴിഞ്ഞില്ല, അമേഠിയിൽ രാഹുൽഗാന്ധി ഒന്നും ചെയ്തില്ലെന്നും അതിനാലുള്ള ജനരോഷം ഭയന്നാണ് വയനാട്ടിലേക്കുള്ള ഒളിച്ചോട്ടമെന്നുമല്ലേ എതിരാളികളുടെ പ്രചാരണം? അതിനെ നേരിടാൻ മലയാളത്തിൽ വീഡിയോ തയ്യാറായിക്കഴിഞ്ഞു. രാഹുൽഗാന്ധി അമേഠിയിൽ ചെയ്ത കാര്യങ്ങളും ആരംഭിച്ച സ്ഥാപനങ്ങളുമെല്ലാം ആർക്കുമിനി മലയാളത്തിൽ കേൾക്കാം, കാണാം എന്ന്‌ അനിൽകുമാർ പറയുന്നു.

‘വാർ റൂ’മൊന്നുമില്ലെങ്കിലും ഇടതുമുന്നണി സ്ഥാനാർഥി പി.പി. സുനീറിനും എൻ.ഡി.എ. സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്കും വേണ്ടി ഡിജിറ്റൽ മാധ്യമസംഘങ്ങൾ സക്രിയമായി രംഗത്തുണ്ട്. തിരുവനന്തപുരത്ത്‌ ഡിജിറ്റൽ മാർക്കറ്റിങ് സ്ഥാപനം നടത്തുന്ന മിധിലാജിനാണ് സുനീറിന്‌ വേണ്ടിയുള്ള പ്രവർത്തനത്തിന്റെ ചുമതല. രാഹുൽ ഗാന്ധിയുടെ ലേസർ ആക്രമണ ആരോപണത്തെ അവർ നേരിട്ടത് ഒരു ടിക് ടോക്കിലൂടെയാണ്. രണ്ടുകുട്ടികൾ ലേസർ തോക്കുമായി കളിക്കുന്നു. അവരിലൊരാൾ തോക്കിൽനിന്നുള്ള പ്രകാശമേറ്റ് വീഴുന്നു. ഉടനെ ചോദ്യം, ‘നീ എന്താ രാഹുൽ ഗാന്ധിയാണോ?’

തുഷാർ വെള്ളാപ്പള്ളിക്കുവേണ്ടി ഡിജിറ്റൽ മീഡിയ മാർക്കറ്റിങ്ങിൽ പ്രവർത്തിക്കുന്നത് തിരുവനന്തപുരം സ്വദേശി രാജീവും കോട്ടയം സ്വദേശി അരുണുമാണ്. തുഷാറിനൊപ്പം സഞ്ചരിക്കുന്ന ഒരു മാധ്യമസംഘമുണ്ട്. അവരയക്കുന്ന ഫോട്ടോയും വീഡിയോയും എഡിറ്റും ഡിസൈനും ചെയ്ത്‌ ചൂടോടെ സാമൂഹികമാധ്യമങ്ങളിലേക്ക് വിടുന്നു. കൂടുതൽ മെച്ചപ്പെടുത്തലും രൂപകല്പനയുമെല്ലാം തൃശ്ശൂർ കേന്ദ്രത്തിൽ.

ഫെയ്‌സ് ബുക്ക്, വാട്‌സാപ്പ്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, ഷെയർ ഇറ്റ് എന്നിവയിലെല്ലാം വയനാട് യുദ്ധം സജീവമാണ്.

Content Highlights: cyber campaign-wayanad