കടുത്ത പോരാട്ടമെന്ന് വിശേഷിപ്പിച്ച വടകരയില്‍ ഏകപക്ഷീയ വിജയം കുറിച്ചത് കെ.മുരളീധരന്‍. പി.ജയരാജന്‍ എന്ന വന്‍മരത്തിന്റെ പതനം ഉറപ്പാക്കിയത് വട്ടിയൂര്‍ക്കാവില്‍ നിന്ന് വടകരയ്ക്ക് വണ്ടി കയറിയ കെ.മുരളീധരന്‍. രാഹുലിന്റെ വരവ് കൂടിയായതോടെ കോണ്‍ഗ്രസോ യുഡിഎഫോ പോലും പ്രതീക്ഷിക്കാത്ത മുന്നേറ്റമാണ് മുരളി കാഴ്ചവെച്ചത്. സിപിഎം മികച്ച ലീഡ് പ്രതീക്ഷിച്ച കൂത്തുപറമ്പില്‍ പോലും ഇടത് ക്യാമ്പിനെ അമ്പരപ്പിച്ചുകൊണ്ട് മുരളി മുന്നിലെത്തി.

വടകരയില്‍ സിറ്റിങ് എംപി മുല്ലപ്പള്ളി 2014ല്‍ നേടിയതിനേക്കാള്‍ 25 ഇരട്ടിയോളമാണ് കെ മുരളീധരന്‍ ഇത്തവണ നേടിയ ഭൂരിപക്ഷം. 526755 വോട്ടുകളാണ് കെ മുരളീധരന്‍ നേടിയത്. 

വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന്‍ 442092 വോട്ടുകള്‍ നേടി. ബിജെപി സ്ഥാനാര്‍ഥി വികെ സജീവന്‍ 80128 വോട്ടുകള്‍ നേടിയപ്പോള്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി 5544 വോട്ടുകള്‍ നേടി. നോട്ടയാണ്(3415) അഞ്ചാം സ്ഥാനത്ത്. 

യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരനും സിപിഎം സ്ഥാനാര്‍ഥി പി ജയരാജനും എന്‍ഡിഎ സ്ഥാനാര്‍ഥി വികെ സജീവനും ഉള്‍പ്പെടെ 13 സ്ഥാനാര്‍ഥികളാണ് വടകരയില്‍ മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഇതില്‍ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ സിഒടി നസീര്‍ ഉള്‍പ്പെടെ 6 പേര്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായാണ് മത്സരിച്ചത്. പ്രധാനപാര്‍ട്ടികള്‍ക്ക് പുറമേ നാഷണല്‍ ലേബര്‍ പാര്‍ട്ടി, സിപിഐ(എംഎല്‍) എന്നിവയും മത്സരത്തിനുണ്ടായിരുന്നു.

സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയ മണ്ഡലങ്ങളിലൊന്നാണ് വടകര. 12,28,969 വോട്ടര്‍മാരുള്ള വടകരയില്‍  82.48 ആയിരുന്നു പോളിങ് ശതമാനം. തീപാറും പോരാട്ടം പ്രതീക്ഷിച്ചിരുന്ന വടകര രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നായിരുന്നു. 

കൂത്തുപറമ്പ്, തലശ്ശേരി, വടകര, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി, നാദാപുരം എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ലോക്‌സഭാ മണ്ഡലമാണ് വടകര. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തലശ്ശേരിയും കൂത്തുപറമ്പും ഇടതുമുന്നണിക്കൊപ്പം നിലനിന്നിരുന്നെങ്കിലും ഇത്തവണ കൂത്തുപറമ്പ് ഇടതിനെ കൈവിട്ടു. തലശ്ശേരി മാത്രമാണ് പി ജയരാജന് മുന്‍തൂക്കമുണ്ടായിരുന്ന നിയമസഭാ മണ്ഡലം.  

കൂത്തുപറമ്പ് 4133, വടകര 22963, കുറ്റ്യാടി 17892, നാദാപുരം 17596, കൊയിലാണ്ടി 21045, പേരാമ്പ്ര 13204 എന്നിങ്ങനെയാണ് കെ മുരളീധരന് മണ്ഡലങ്ങളില്‍ ലഭിച്ച ലീഡ് നില. തലശ്ശേരിയില്‍ മാത്രമാണ് ജയരാജന് മുന്‍തൂക്കം.11469 വോട്ടിന്റെ ലീഡാണ് തലശ്ശേരിയില്‍ ജയരാജന് ഉണ്ടായത്. 

വന്‍ഭൂരിപക്ഷത്തില്‍ തുടക്കത്തിലേ ലീഡ് പിടിച്ച് കെ. മുരളീധരന്‍

തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്ന ആദ്യഘട്ടത്തില്‍ ഇടത് സ്ഥാനാര്‍ഥി പി ജയരാജനാണ് വടകരയില്‍ മുന്നിട്ടു നിന്നിരുന്നതെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ലീഡ് നില മാറിമറിഞ്ഞു. തുടര്‍ന്നങ്ങോട്ട് വ്യക്തമായ ലീഡാണ് മുരളീധരന്‍ നിലനിര്‍ത്തിയത്. 50 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിയുമ്പോഴേക്കും മുരളീധരന്റെ ഭൂരിപക്ഷം അരലക്ഷം കടന്നിരുന്നു. 

2009ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രന് 56,186 വോട്ടായിരുന്നു ഭൂരിപക്ഷം.

2014ല്‍ മുല്ലപ്പള്ളി രണ്ടാം അങ്കത്തിനിറങ്ങിയെങ്കിലും ഭൂരിപക്ഷം 3306 ആയി കുറഞ്ഞു. 

തകര്‍ന്നടിഞ്ഞ് സിപിഎം കോട്ട

സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജനെ വടകരയില്‍ സ്ഥാനാര്‍ഥിയാക്കുമ്പോള്‍ രണ്ടുതവണ നഷ്ടപ്പെട്ട പാര്‍ട്ടിയുടെ ഉരുക്കുകോട്ട തിരിച്ചുപിടിക്കുക എന്ന ഒറ്റലക്ഷ്യം മാത്രമായിരുന്നു പാര്‍ട്ടിക്കുണ്ടായിരുന്നത്. വടകര ജയരാജന് ഒരിക്കലും അപരിചിതമല്ല, അദ്ദേഹത്തിന്റെ വോട്ടും മണ്ഡലത്തിലാണ്.

കണ്ണൂര്‍ ജില്ലയില്‍പ്പെട്ട തലശ്ശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് വടകര മണ്ഡലം. കൂത്തുപറമ്പില്‍നിന്ന് മൂന്നുതവണ വന്‍ഭൂരിപക്ഷത്തില്‍ ജയിച്ചിട്ടുണ്ട് ജയരാജന്‍. മാത്രമല്ല, അദ്ദേഹത്തിന്റെ സഹോദരി പി. സതീദേവി 2004-ല്‍ ഒരുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വടകരയില്‍നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിക്ക് അനുകൂലമായിരുന്ന തുടക്കത്തില്‍ വടകരയിലെ കാലാവസ്ഥ.

എന്നാല്‍ അപൂര്‍വമായെങ്കിലും അരിയില്‍ ഷുക്കൂര്‍ കേസ്, കതിരൂര്‍ മനോജ് വധക്കേസ് എന്നിവയില്‍ പ്രതിസ്ഥാനത്തുള്ള പി. ജയരാജന്‍ മത്സരിക്കുന്നത് ഗുണം ചെയ്യില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നുവെങ്കിലും അതിന് വേണ്ടത്രം പ്രാധാന്യം കൊടുക്കാതെയാണ് ജയരാജന്‍ പ്രചാരണരംഗത്തേക്കിറങ്ങിയത്. യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിന് എത്രയോ ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ പി ജയരാജന്‍ വടകരയില്‍ പ്രചാരണം ആരംഭിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബഹുദൂരം മുന്നിലായിരുന്നു ഇടത് സ്ഥാനാര്‍ഥി ജയരാജന്‍. എന്നാല്‍ ഇതൊന്നും പാര്‍ട്ടിക്ക് ഗുണം ചെയ്തില്ല. 

അക്രമരാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രചാരണവുമായാണ് സിപിഎമ്മിനെതിരെ എതിര്‍പാര്‍ട്ടികള്‍ അണിനിരന്നത്. കൊല്ലിനും കൊലയ്ക്കുമുള്ള വിധിയെഴുത്താവും ഈ തിരഞ്ഞെടുപ്പെന്ന് എതിര്‍ചേരി ഒന്നടങ്കം പ്രഖ്യാപിച്ചിരുന്നു. അത് കുറിക്കുകൊണ്ടു. എഴുപതിനായിരത്തില്‍പ്പരം വോട്ടിനാണ് വടകരയില്‍ ജയരാജന്റെ തോല്‍വി. ആര്‍എംപി യുഡിഎഫിന് നല്‍കിയ നിരുപാധിക പിന്തുണയും വടകരയില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയായി. സിപിഎം അക്രമരാഷ്ട്രീയത്തിന്റെ പ്രയോക്താവാണെന്ന് പറഞ്ഞാണ് വടകരയില്‍ ആര്‍എംപി യുഡിഎഫിന് പിന്തുണ നല്‍കിയത്. വടകരയില്‍ അരലക്ഷത്തോളം വരുന്ന വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് മറിഞ്ഞു. മുസ്ലിം ലീഗിന്റെ പിന്തുണയും വടകരയില്‍ യുഡിഎഫിനുണ്ടായിരുന്നു. 

യുഡിഎഫിന് ശക്തമായ സംഘടനാസംവിധാനമില്ലാത്ത കുറവ് വടകരയിലും പ്രതിഫലിക്കുമെന്ന് ഇടതുകോട്ട കരുതിയിരുന്നുവെങ്കിലും മുരളീധരനെ പോലെ ശക്തനായ ഒരു നേതാവ് മണ്ഡലത്തില്‍ മത്സരിക്കാനെത്തിയത് അണികള്‍ക്ക് പുതിയ ഉണര്‍വാണ് നല്‍കിയത്. അക്രമരാഷ്ട്രീയംതന്നെയാണ് വടകരയിലെ വിധിതീര്‍പ്പില്‍ നിര്‍ണായകവും പ്രധാന പ്രചാരണ വിഷയവുമായത്. കേരളത്തില്‍ ഇത്രത്തോളം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന മറ്റൊരു ലോക്സഭാ മണ്ഡലമില്ല. കല്യോട്ടെ ഇരട്ടക്കൊലപാതകത്തെക്കാള്‍ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവും കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവും തന്നെയാണ് പ്രചാരണത്തില്‍ വിഷയങ്ങളായത്.

അക്രമരാഷ്ട്രീയത്തിന്മേലുള്ള പോരാട്ടം പലവിധ അടിയൊഴുക്കുകള്‍ക്ക് പോലും നിമിത്തവുമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള മത്സരമാണ് വടകരയില്‍ നടന്നതെന്നും കുറഞ്ഞത് 25000 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുമെന്ന് കെ മുരളീധരന്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 

അതേസമയം യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്ന എല്‍ജെഡിയുടെ വോട്ടുകള്‍ ജയരാജന് വേണ്ടത്ര ഗുണം ചെയ്തതുമില്ലെന്നമാണ് വടകരയിലെ തിരഞ്ഞെടുപ്പ് ചിത്രം പറയുന്നത്. 

തിരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമായി ആര്‍എംപിയും 

വടകര മണ്ഡലത്തില്‍ ആര്‍എംപിക്ക് ശക്തമായ സ്വാധീനമുണ്ട്. 2009ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആര്‍എംപി സ്ഥാനാര്‍ഥിയായി മത്സരിച്ച ടിപി ചന്ദ്രശേഖരന്‍ 21,883 വോട്ടുകള്‍ നേടിയിരുന്നു.2014ലെ അടുത്ത തിരഞ്ഞെടുപ്പില്‍ ആര്‍എംപി സ്ഥാനാര്‍ഥി അഡ്വ, കുമാരന്‍കുട്ടി 17229 വോട്ടുകളും നേടി. 2016ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇരുപതിനായിരത്തില്‍പ്പരം വോട്ടുകളാണ് ആര്‍എംപിയുടെ കെകെ രമ നേടിയത്. ചെറുതല്ലാത്ത സംഖ്യയാണത്.

അമ്പതിനായിരത്തില്‍പ്പരം വോട്ടുകള്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ ഉണ്ടെന്നാണ് പാര്‍ട്ടിയുടെ അവകാശവാദം. കൊയിലാണ്ടി, കുറ്റ്യാടി, വടകരയില്‍ തങ്ങള്‍ക്ക് വ്യക്തമായ സ്വാധീനമുണ്ടെന്ന് ആര്‍എംപി അവകാശപ്പെട്ടിരുന്നു. ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ഈ വോട്ടുകളും മറിഞ്ഞു. അതേസമയം കോണ്‍ഗ്രസില്‍ നിന്നും വിട്ടുപോയ എല്‍ജെഡി ഇടതിനെ പിന്തുണച്ചെങ്കിലും അത് വോട്ടുയര്‍ത്താന്‍ മാത്രം സഹായകമായിരുന്നില്ലെന്ന് വേണം കരുതാന്‍. 

അപരന്മാര്‍ കൊണ്ടുപോയി ആയിരത്തിലധികം വോട്ടുകള്‍

വടകര മണ്ഡലത്തില്‍ പി ജയരാജനും കെ മുരളീധരനും അപരന്മാര്‍ വെല്ലുവിളികളായിരുന്നു. മുരളീധരന് രണ്ട് അപരന്മാരും ജയരാജന് ഒരു അപരനുമാണ് ഉണ്ടായിരുന്നത്. സ്വതന്ത്രരായി മത്സരിച്ച ഇവര്‍ മൂന്നുപേരും കൂടി കൊണ്ടുപോയത് 1300 ഓളം വോട്ടുകളാണ്. നോട്ടയുടെ എണ്ണവും ചെറുതല്ലായിരുന്നു. 3391 നോട്ടകളാണ് ഇത്തവണ വടകരയില്‍ രേഖപ്പെടുത്തിയിരുന്നത്. 

Content Highlight: UDF Candidate K Muraleedharan wins, Vatakara Election, Vadakara, Election Results 2019, Lok Sabha Re