വടകര: വടകര പാർലമെന്റ് മണ്ഡലത്തിൽ പി. ജയരാജൻ സി.പി.എം. സ്ഥാനാർഥിയായി എത്തുമെന്നുറപ്പായതോടെ എല്ലാ കണ്ണുകളും ആർ.എം.പി.ഐ. ക്യാമ്പിലേക്ക്. വടകരമണ്ഡലത്തിൽ മത്സരിക്കുന്നതിനു പകരം പി. ജയരാജന്റെ തോൽവി ഉറപ്പാക്കുന്ന വിധത്തിലുള്ള അടവുനയമാണ് വേണ്ടതെന്ന ചർച്ച പാർട്ടിഘടകങ്ങളിൽ ഉയർന്നുകഴിഞ്ഞു.

രണ്ടുരീതിയിലുള്ള അടവുനയമാണ് ആർ.എം.പി.ഐ. ആലോചിക്കുന്നത്. ഒന്നുകിൽ സ്വന്തം സ്ഥാനാർഥിയെ നിർത്താതെ യു.ഡി.എഫ് സ്ഥാനാർഥിയെ പിന്തുണയ്ക്കുക, അല്ലെങ്കിൽ പാർട്ടി സ്ഥാനാർഥിയെ നിർത്തി യു.ഡി.എഫ്. പിന്തുണ ഉറപ്പാക്കുക. തീരുമാനം വൈകാതെ ഉണ്ടാകും. വടകരയിൽ മത്സരിക്കാൻ ആർ.എം.പി.ഐ. നേരത്തേ തീരുമാനിച്ചിരുന്നു. പുതിയ സാഹചര്യത്തിലാണ് വടകരയിലും അടവുനയം എന്ന രീതിയിലേക്ക് ചർച്ചമാറിയത്. യു.ഡി.എഫ്. സ്ഥാനാർഥി നിർണയത്തിനുംകൂടി കാത്തിരിക്കുകയാണ് ആർ.എം.പി.ഐ. ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയെ കളത്തിലിറക്കിയാൽ അത് അക്രമരാഷ്ട്രീയത്തിനെതിരെയുള്ള ശക്തമായ നീക്കമാകുമെന്ന അഭിപ്രായം ആർ.എം.പി.ഐയിൽ മാത്രമല്ല, യു.ഡി.എഫിലുമുണ്ട്.

നേരത്തേ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ മനസ്സിലും ഇക്കാര്യമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് പ്രാദേശികതലത്തിൽ അഭിപ്രായം തേടുകയും ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തിൽ രമയുടെ സ്ഥാനാർഥിത്വം ഗുണംചെയ്യുമെന്ന് ഒരുവിഭാഗം പറയുന്നുണ്ടെങ്കിലും മണ്ഡലത്തിലെ എല്ലാ ഭാഗങ്ങളിലും ആർ.എം.പിക്ക് സംഘടനാ സംവിധാനം ഇല്ലെന്നത് പോരായ്മായായി ചൂണ്ടിക്കാണിക്കപ്പെടുന്നു. തലശ്ശേരി, കൂത്തുപറമ്പ് ഉൾപ്പെടെ ഏഴ് നിയമസഭാ മണ്ഡലങ്ങൾ വടകര ലോക്‌സഭാ മണ്ഡലത്തിൽ വരുന്നുണ്ട്. ഇതിൽ വടകരയിൽ മാത്രമാണ് ആർ.എം.പിക്ക് സ്വാധീനമുള്ളത്.

കെ.കെ. രമ മത്സരിക്കാൻ തയ്യാറാകുമോ എന്നും വ്യക്തമല്ല. ഇതുവരെ ഈ രീതിയിലുള്ള ചർച്ചകൾ നടന്നിട്ടില്ലെന്നാണ് രമ ‘മാതൃഭൂമി’യോടു പ്രതികരിച്ചത്. യു.ഡി.എഫ്. സ്ഥാനാർഥിയായി കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വരുമെന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന. മത്സരിക്കാനില്ലെന്ന് അദ്ദേഹം നേരത്തേതന്നെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പി. ജയരാജനെ നേരിടാൻ മുല്ലപ്പള്ളി തന്നെ വേണമെന്ന അഭിപ്രായം മുന്നണിക്കുള്ളിൽ ശക്തമായിട്ടുണ്ട്. ഹൈക്കമാൻഡും ഈ നിർദേശം വെച്ചാൽ മുല്ലപ്പള്ളി തന്നെ സ്ഥാനാർഥിയാകും. ഈ സാഹചര്യത്തിൽ മുല്ലപ്പള്ളിയെ പിന്തുണയ്ക്കാൻ ആർ.എം.പി.ഐയും തയ്യാറായേക്കും. അക്രമരാഷ്ട്രീയത്തിനെതിരേയുള്ള പോരാട്ടം എന്ന നിലയ്ക്ക് ഇതിനെ ന്യായീകരിക്കാൻ നേതൃത്വത്തിന് സാധിക്കും. എതിർസ്ഥാനാർഥി ജയരാജനായതിനാൽ ഇതിനെ അണികൾ ചോദ്യംചെയ്യില്ലെന്നും ആർ.എം.പി.ഐ. നേതൃത്വം കണക്കുകൂട്ടുന്നു.

പി. ജയരാജനെ സ്ഥാനാർഥിയാക്കാൻ സി.പി.എമ്മിൽ ധാരണയായതോടെതന്നെ എന്തുവിലകൊടുത്തും അദ്ദേഹത്തെ പരാജയപ്പെടുത്തുക എന്ന പ്രചാരണമാണ് ആർ.എം.പി.ഐ. ക്യാമ്പുകളിൽ നടക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആർ.എം.പി.ഐ. വടകര മണ്ഡലത്തിൽനിന്നു നേടിയത് 17,229 വോട്ടാണ്. 2009-ൽ ടി.പി. ചന്ദ്രശേഖരന് 21,833 വോട്ട് ലഭിച്ചു. എന്നാൽ 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽനിന്നുമാത്രം 20,504 വോട്ട് കെ.കെ. രമ നേടി. വടകര പാർലമെന്റ് മണ്ഡലത്തിന്റെ വിജയപരാജയങ്ങളെ നിർണയിക്കാൻ കഴിയുന്ന വോട്ടുവിഹിതം തങ്ങളുടെ കൈവശമുണ്ടെന്ന ആത്മവിശ്വാസം പാർട്ടിക്കുണ്ട്. ഇതിന്റെ കരുത്തിലാണ് ആർ.എം.പി.ഐ. അടവുനയത്തിന് ഒരുങ്ങുന്നതും.

content highlights: RMPI, CPIM, Congress, P Jayarajan, KK Rama