വടകര: പി.ജയരാജനെ വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍  മണ്ഡലം തിരിച്ച് പിടിക്കല്‍ എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നോ എന്ന ചോദ്യം തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതല്‍ ഉയര്‍ന്ന് കേട്ടിരുന്നതാണ്. മത്സര ഫലം വരികയും പാര്‍ട്ടി കുത്തകയായിരുന്ന കൂത്തുപറമ്പില്‍ പോലും വിജയം നേടാന്‍ ജയരാജന് കഴിയാതിരിക്കുകയും ചെയ്തതോടെ  ഈ ചോദ്യങ്ങള്‍ക്ക് വീണ്ടും പ്രസക്തിയേറുകയാണ്.  കാരണം മറ്റാര്‍ക്കും നല്‍കാത്ത ഒരു കീഴ് വഴക്കത്തോടെയായിരുന്നു കണ്ണൂര്‍ ജില്ലാ  സെക്രട്ടറി എന്ന നിലയില്‍ നിന്നും വടകരയിലെ സ്ഥാനാര്‍ഥിത്വത്തിലേക്കുള്ള ജയരാജന്റെ വരവ് എന്നത് തന്നെ.

ജയരാജന്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ ആ സ്ഥാനത്തേക്ക് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി ജയരാജനെ സ്ഥിരം സെക്രട്ടറിയായി നിയമിച്ച് കഴിഞ്ഞു. ഇതോടെ പരാജയപ്പെട്ടാലും പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുക എന്ന പി.ജയരാജന്റെ വഴി അടഞ്ഞുപോവുകയും ചെയ്തു. സെക്രട്ടറി സ്ഥാനത്തേക്ക് പി.ജയരാജന്‍ ഇനി തിരിച്ച് വരേണ്ട എന്ന രീതിയിലുള്ള ഒരു സൈലന്റ് നീക്കമായിരുന്നോ സ്ഥാനാര്‍ഥിത്വം എന്ന് സംശയിച്ചാല്‍ തെറ്റില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരടക്കം ചൂണ്ടിക്കാട്ടുന്നത്.

കൊലപാതക രാഷ്ട്രീയമടക്കം പ്രധാന ചര്‍ച്ചവിഷയമാകുമെന്നറിയുന്ന വടകര നിയമസഭാ മണ്ഡലവും ന്യൂനപക്ഷ മണ്ഡലങ്ങള്‍ ഏറേയുള്ളതുമായ വടകരയില്‍ ജയരാജനെ പോലെയുള്ള ഒരു സ്ഥാനാര്‍ഥിയെ സംശയമേതുമില്ലാതെ സിപിഎം നിയോഗിച്ചപ്പോള്‍ തന്നെ ഈ സംശയം ഉയര്‍ന്നതാണ്. ഇത് ആരോപണമെന്നരീതിയില്‍ പാര്‍ട്ടിയും പി.ജയരാജനും തള്ളിയെങ്കിലും യാഥാര്‍ഥ്യം അതായിരുന്നു. അത്രമേല്‍ നെഗറ്റീവ് വോട്ടുകള്‍ ഓരോ നിയോജക മണ്ഡലത്തില്‍ നിന്നും ജയരാജനുണ്ടായി. ഇതിനെ ന്യൂനപക്ഷ ധ്രൂവീകരണം എന്നൊക്കെ ചൂണ്ടിക്കാട്ടി മറികടക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മന്ത്രി മണ്ഡലമായ പേരാമ്പ്രയില്‍ പോലും തിരിച്ചടി നേരിട്ടതില്‍ പി.ജയരാജന്റെ സ്ഥാനാര്‍ഥിത്വത്തിന് വലിയ പങ്കുണ്ട്.  

കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന വി.എന്‍ വാസവന്‍ കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായപ്പോള്‍ അവിടെ എ.വി റസലിന് സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതലയായിരുന്നു നല്‍കിയത്. വേണമെങ്കില്‍ വി.എന്‍ വാസവന് സെക്രട്ടറിയായി തിരിച്ച് വരാമെന്ന നിലയ്ക്കായിരുന്നു അത്. അതുപോലെ ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ മത്സരിക്കാനിറങ്ങിയപ്പോള്‍ ആര്‍.നാസറിന് താല്‍ക്കാലിക ചുമതലയായിരുന്നു നല്‍കിയത്. പക്ഷെ സജി ചെറിയാന്‍ ജയിച്ചതോടെ ആര്‍.നാസര്‍ സ്ഥിരം സെക്രട്ടറിയായി നിയമിക്കപ്പെടുകയും ചെയ്തു. 

ഇതേ കീഴ്‌വഴക്കമല്ല ജയരാജന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. എം.വി ജയരാജനെ ഇവിടെ സ്ഥിരം സെക്രട്ടറിയായി നിയമിച്ച് കഴിഞ്ഞിരിക്കുന്നു. നിലവില്‍ ഒന്നര വര്‍ഷത്തോളം പി.ജയരാജന് സെക്രട്ടറി സ്ഥാനത്തിരിക്കാനുള്ള കാലാവധിയുണ്ടായിരുന്നു. ഈസമയത്താണ് സ്ഥാനാഥിയാവുന്നത്. നേരത്തെ ആലപ്പുഴയില്‍ കെ.സി വേണുഗോപാലിനെതിരെ അന്നത്തെ ജില്ലാ സെക്രട്ടറി സി.ബി ചന്ദ്രബാബുവിനെ മത്സരിത്തിനിറക്കിയപ്പോള്‍ സജി ചെറിയാനെയായിരുന്നു സ്ഥിരം സെക്രട്ടറിയായി നിയമച്ചിരുന്നത്. പക്ഷെ ആലപ്പുഴയില്‍ തോറ്റപ്പോള്‍ സി.ബി ചന്ദ്രബാബുവിന് സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞില്ല. ഇതേ സാഹചര്യമാവും പി.ജയരാജന്റെ കാര്യത്തിലും ഉണ്ടാവുക. 

താന്‍ നിലവില്‍ സംസ്ഥാന സമിതിയംഗമാണെന്നും വടകര തിരിച്ച് പിടിക്കാന്‍ പറ്റിയ സ്ഥാനാര്‍ഥി എന്ന നിലയിലാണ് തന്നെ നിയോഗിച്ചതെന്നും മറ്റൊരു ലക്ഷ്യവും സ്ഥാനാര്‍ഥിത്വത്തിന് പിന്നിലില്ലെന്നുമാണ് തിരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തില്‍ ജയരാജന്‍ പറഞ്ഞത്. പക്ഷെ ജയരാജനെതിരേ നെഗറ്റീവ് വോട്ടുകള്‍ തീര്‍ച്ചയായും ഉണ്ടാവുമെന്ന തിരിച്ചറിവ് സി.പി.എമ്മിനെ പോലുള്ള ഒരു പാര്‍ട്ടിക്ക് ഇല്ലാതെ പോയതാണോ അതല്ല അത് മനപൂര്‍വ്വം കാണാതെ പോയതാണോ എന്ന സംശയമാണ് പ്രധാനമായും ഉയര്‍ന്ന് കേള്‍ക്കുന്നത്. വടകര നിയോജക മണ്ഡലത്തില്‍ നിന്ന് കെ.മുരളീധരന് ലഭിച്ച വോട്ടിന്റെ വിഹിതം മാത്രം  പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. ടി.പി ചന്ദ്രശേഖരന്റെ കൊലപതാകം അടക്കം ഇന്നും പ്രധാന ചര്‍ച്ച വിഷയമാകുന്ന, ആര്‍.എം.പിക്ക് ഏറെ സ്വാധീനമുള്ള വടകരയില്‍  മുരളിക്ക് ലഭിച്ചത് 17596 വോട്ടിന്റെ ലീഡാണ്. കഴിഞ്ഞ തവണ മുല്ലപ്പള്ളിക്ക് ലഭിച്ച മൊത്തം ഭൂരിപക്ഷത്തേക്കാള്‍ എത്രയോ ഇരട്ടി.   

കണ്ണൂരില്‍ വ്യക്തി പൂജയടക്കമുള്ള ആരോപണങ്ങളിള്‍ പെട്ട് ജയരാജന്‍ പ്രതിക്കൂട്ടിലായപ്പോള്‍ ഒരു ഘട്ടത്തില്‍ സെക്രട്ടറി സ്ഥാനം വരെ നഷ്ടപ്പെട്ടേക്കാവുന്ന സാഹചര്യത്തില്‍ നിന്നാണ് ജയരാജന്‍ വീണ്ടും സെക്രട്ടറി സ്ഥാനത്തേക്കെത്തുന്നത്. മാത്രമല്ല പാര്‍ട്ടി എന്നും പഴി കേള്‍ക്കേണ്ടി വന്നിരുന്ന കൊലപാതക രാഷ്ട്രീയത്തില്‍ ആദ്യം ഉയര്‍ന്ന് കേള്‍ക്കുന്നതും ജയരാജന്റെ പേര് തന്നെയായിരുന്നു. സി.പി.എം കൊലപാതക രാഷ്ട്രീയത്തിന് പിന്തുണ നല്‍കുന്നുവെന്ന ആരോപണങ്ങള്‍ക്ക് പ്രധാന ഉദാഹരണമായി എതിരാളികള്‍ ഉയര്‍ത്തിക്കാട്ടുന്നതും ജയരാജനെ തന്നെ. ഇത് പാര്‍ട്ടിയെ ചെറുതായൊന്നുമല്ല ഉലച്ച് കളഞ്ഞത്. ഇതിനൊരു പരിഹാരം കാണുക എന്ന
ലക്ഷ്യത്തോടെയായിരുന്നു ജയരാജനെ വടകരയിലേക്കെത്തിച്ചത് എന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയല്ലെങ്കില്‍ പാര്‍ട്ടിക്ക് മുന്നിലുള്ളത് പി.ജയരാജനെ ഇനി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തുക എന്ന വഴിയാണ്. പാര്‍ട്ടി ഭരണഘടനയനുസരിച്ച് അത് അത്ര പെട്ടന്ന് സാധിക്കുന്ന കാര്യവുമല്ല. അടുത്ത പാര്‍ട്ടി സമ്മേളനം വരെ ഇതിന് കാത്തുനില്‍ക്കുക തന്നെ വേണം. 

Content Highlights:Future Of P Jayarajan After Loksabha Election 2019