വടകര: ഇടതു കോട്ടയായ കൂത്തുപറമ്പില്‍ പോലും പരാജയമേറ്റുവാങ്ങി പി.ജയരാജന്‍ വടകരയില്‍ നിന്നും പിന്‍വാങ്ങിയ ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മറ്റാരേക്കാളും ആര്‍.എം.പിക്കായിരുന്നു ഏറെ നിര്‍ണായകം. കാരണം, ഈ വിധിയെഴുത്തല്ല ഉണ്ടായിരുന്നതെങ്കില്‍ അത് ആര്‍.എം.പിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടു പോവുമായിരുന്നു. ഏകദേശം 50,000 വോട്ടെങ്കിലും തങ്ങളുടേതായി മണ്ഡലത്തിലുണ്ടെന്നായിരുന്നു ആര്‍.എം.പിയുടെ അവകാശ വാദം. അത് വലിയ പോറലേല്‍ക്കാതെ ഇത്തവണ  മുരളിക്ക് ലഭിച്ചുവെന്നാണ് ആര്‍.എം.പി വിലയിരുത്തുന്നത്. യു.ഡി.എഫ് കൊലപാതക രാഷ്ട്രീയം പ്രധാന ചര്‍ച്ചയാക്കിയപ്പോള്‍ ആര്‍.എം.പിയുടെ സ്വന്തം നിലയിലുള്ള പ്രചാരണം അതിന് ആക്കംകൂട്ടി . ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള മണ്ഡലത്തില്‍ വോട്ടുകള്‍ പൂര്‍ണമായും ജയരാജന് എതിരാവുകയായിരുന്നു. അങ്ങനെ കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര  മേഖലയിലെല്ലാം  മുരളീധരന് ലീഡ് വര്‍ധിപ്പിക്കാനായി.

ആര്‍.എം.പി സ്വാധീനം യു.ഡി.എഫിന് ഏറെ ഗുണം ചെയ്തുവെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് വടകര നിയമസഭാ മണ്ഡലത്തില്‍ കെ.മുരളീധരന് കിട്ടിയ ഭൂരിപക്ഷം. ഇവിടെ നിന്ന് മാത്രം 22936 വോട്ടിന്റെ ഭൂരിപക്ഷമാണ് മുരളീധരന് ലഭിച്ചത്. ഏഴ് നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്ന വടകരയില്‍ മുരളിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചതും ഇവിടെ നിന്ന് തന്നെ. ആര്‍.എം.പി കെ. മുരളീധരന് നിരുപാധികം പിന്തുണ നല്‍കിയായിരുന്നു ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. എല്‍.ജെ.ഡി എല്‍.ഡി.എഫിനൊപ്പം ചേര്‍ന്നതോടെ ഏവരും ഉറ്റുനോക്കിയിരുന്നത് വടകര നിയമസഭാ മണ്ഡലത്തിലെ ആര്‍.എം.പിയുടെ സ്വാധീനം തന്നെയായിരുന്നു. പക്ഷെ ആര്‍.എം.പി കോണ്‍ഗ്രസിനോട് അടുത്തതോടെ അവരുടെ പ്രസക്തി പോയെന്നും അണികള്‍ സി.പി.എമ്മിലേക്ക് തിരിച്ചുപോരുന്നുവെന്നുമായിരുന്നു സി.പി.എം പ്രചാരണം. എന്നാല്‍ ഈ ആരോപണത്തെ അസ്ഥാനത്താക്കിയാണ് കൃത്യമായ സംഘടനാ പ്രവര്‍ത്തനത്തിലൂടെ തങ്ങളുടെ വോട്ട് ആര്‍.എം.പി ഉറപ്പിച്ചത്.

വിധിയെഴുത്ത് മറിച്ചായിരുന്നുവെങ്കില്‍ തങ്ങള്‍ക്കാര്‍ക്കും ഈ ഭാഗത്തേക്ക് വരേണ്ടിവരുമായിരുന്നില്ല എന്നാണ് വിധിക്ക് ശേഷം ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍.വേണു പറഞ്ഞത്. കാരണം അത്രമേല്‍ വെല്ലുവിളിയായിരുന്നു ഒഞ്ചിയത്തും വടകരയിലുമെല്ലാം ആര്‍.എം.പിക്ക് നേരിടേണ്ടിവന്നത്. എന്നാല്‍ വടകര നിയമസഭാ മണ്ഡലത്തില്‍ മുരളീധരന്‍ ഏറ്റവും വലിയ ലീഡ് നേടിയപ്പോള്‍ അതില്‍ ആര്‍.എം.പിയുടെ പങ്ക് വ്യക്തമാകുകയായിരുന്നു. 

പി. ജയരാജനെ സ്ഥാനാര്‍ഥിയാക്കാന്‍ സി.പി.എമ്മില്‍ ധാരണയായതോടെ എന്തുവിലകൊടുത്തും അദ്ദേഹത്തെ പരാജയപ്പെടുത്താനുള്ള ശ്രമം ആര്‍.എം.പി. ക്യാമ്പുകളില്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആര്‍.എം.പി. വടകര മണ്ഡലത്തില്‍നിന്നു നേടിയത് 17,229 വോട്ടാണ്. 2009-ല്‍ ടി.പി. ചന്ദ്രശേഖരന് 21,833 വോട്ട് ലഭിച്ചു. എന്നാല്‍ 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍നിന്നുമാത്രം 20,504 വോട്ട് കെ.കെ. രമ നേടി. വടകര പാര്‍ലമെന്റ് മണ്ഡലത്തിന്റെ വിജയപരാജയങ്ങളെ നിര്‍ണയിക്കാന്‍ കഴിയുന്ന വോട്ടുവിഹിതം തങ്ങളുടെ കൈവശമുണ്ടെന്ന ആത്മവിശ്വാസം പാര്‍ട്ടിക്കുണ്ടായിരുന്നു. ഇതിന്റെ കരുത്തിലാണ് ആര്‍.എം.പി. അടവുനയത്തിന് ഒരുങ്ങിയതും. 

തലശ്ശേരി മണ്ഡലത്തില്‍ 11469 വോട്ടിന്റെ ലീഡ് ജയരാജന്‍ നേടിയതൊഴിച്ചാല്‍ മറ്റെല്ലാ മണ്ഡലത്തിലും മുരളീധരന്‍ നടത്തിയ തേരോട്ടം അക്ഷരാര്‍ഥത്തില്‍ പാര്‍ട്ടി സംഘടനാ സംവിധാനത്തെ തന്നെയാണ് ചോദ്യം ചെയ്യുന്നത്. പാര്‍ട്ടി കോട്ടയായ കൂത്തുപറമ്പില്‍  4133 വോട്ടിന്റെ ലീഡാണ് മുരളി നേടിയത്. പ്രധാന ന്യൂനപക്ഷ മേഖലയായ കുറ്റ്യാടിയില്‍ 17892 വോട്ടിന്റെ ലീഡും നാദാപുരത്ത് 17596 വോട്ടിന്റെ ലീഡും ലഭിച്ചു. പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള കൊയിലാണ്ടിയില്‍ 21045 വോട്ടിന്റെ ലീഡും പേരാമ്പ്രയില്‍ 13204 വോട്ടിന്റെ ലീഡും മുരളീധരന്‍ നേടിയിട്ടുണ്ട്.

Content Highlights:Election result Also Decisive For RMP