തൃശ്ശൂര്‍:  തൃശ്ശൂരില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ ആദ്യ പേരാണ് ടി.എന്‍ പ്രതാപന്റേത്. തൃശ്ശൂര്‍ ഡിഡിസിസി പ്രസിഡന്റുകൂടിയായ ടി.എന്‍ പ്രതാപന്‍ ഇത്തവണ ലോക്‌സഭയിലേക്ക് തൃശ്ശൂരില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനവിധി തേടുമെന്ന് പാര്‍ട്ടിക്ക് അകത്തുനിന്നും പുറത്തു നിന്നും ഒരു പോലെ വാര്‍ത്തകള്‍ വന്നു കഴിഞ്ഞു. നിയമസഭ ഇലക്ഷനില്‍ മത്സര രംഗത്തേക്ക് അദ്ദേഹം വരാതിരുന്നതും  ലോക്‌സഭ സ്ഥാനാനാര്‍ത്ഥിത്വം മുന്നില്‍ കണ്ടാണെന്ന വിലയിരുത്തലുകള്‍ പണ്ടേ വന്നുകഴിഞ്ഞതാണ്.  

വാര്‍ത്തകളെല്ലാം വാര്‍ത്തകള്‍ മാത്രമാണെന്നായിരുന്നു കോണ്‍ഗ്രസ് ക്യാമ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള അവസാന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ടി.എന്‍ പ്രതാപന്റെ പ്രതികരണം. കോണ്‍ഗ്രസിന്റെ ഡിസിസി കമ്മിറ്റിയിലോ കേന്ദ്ര സ്‌ക്രീനിങ്ങ് കമ്മിറ്റിയിലോ ഹൈക്കമാന്റോ ഇതുവരെ ഒരു തീരുമാനവും എടുത്തില്ലെന്നും തന്റെ സ്ഥാനാര്‍ത്തിത്വം അഭ്യൂതകാംഷികള്‍ നടത്തുന്ന പ്രചരണമായി കണക്കാക്കാമെന്നും ടി.എന്‍ പ്രതാപന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വം സ്വീകരിക്കുമോയെന്ന ചോദ്യത്തിന് പാര്‍ട്ടി തൂപ്പുകാരന്റെ ജോലി ഏല്‍പ്പിക്കുകയാണെങ്കില്‍ താന്‍ അതും ചെയ്യുമെന്നായിരുന്നു ടി.എന്‍ പ്രതാപന്റെ പ്രതികരണം. 

തൃശ്ശൂരില്‍ ആര് സ്ഥാനാര്‍ത്ഥിയായാലും യുഡിഎഫ് ഉറപ്പായും വിജയിക്കുമെന്നും ടി.എന്‍ പ്രതാപന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ചാലക്കുടിയില്‍ ജയിക്കുമെന്നും ആലത്തൂര്‍ തിരിച്ചു പിടിക്കുമെന്നും ടിഎന്‍ പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു. 

അവിശ്വാസികള്‍ ഭരിക്കുന്നൊരു ഗവണ്‍മെന്റ്  വിശ്വാസികളെ അതിക്രമിച്ചും, വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയും ഭരിക്കുമ്പോള്‍ അത് യുഡിഎഫിന്റെ പെട്ടിയില്‍ വോട്ടായി വീഴുമെന്ന് ശബരിമല വിഷയം ചൂണ്ടിക്കാട്ടി ടി.എന്‍ പ്രതാപന്‍ പറഞ്ഞു. എല്‍ഡിഎഫ് ഗവണ്‍മെന്റിനുള്ള ഒരു വിലയിരുത്തലായി ഈ തിരഞ്ഞെടുപ്പുമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടൊപ്പ. വിശ്വാസികളുടെ വികാരം മുതലെടുത്ത് നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചവരെയും ജനം ഒറ്റപ്പെടുത്തുമെന്നും ബിജെപിയെ ചൂണ്ടികാട്ടി ടി.എന്‍ പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു. 

Content Highlights: Tn prathapan reaction of news related in election, Loksabha Election 2019, Chalakkudy