തൃശ്ശൂര്‍ പിടിച്ചടക്കി ടി.എന്‍ പ്രതാപന്‍. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകള്‍ മുതല്‍ ലീഡ് തുടര്‍ന്ന ടി.എന്‍ പ്രതാപന്‍ 93000 ത്തില്‍പരം ഭൂരിപക്ഷത്തോടെയാണ് തൃശ്ശൂരില്‍ വിജയക്കൊടി നാട്ടിയത്. ഇന്ത്യയിലെ ഏക സിപിഐ എം.പി എന്ന സ്ഥാനം നിലനിര്‍ത്താന്‍ രാജാജി മാത്യൂ തോമസും ശബരിമല വോട്ടാകുമെന്ന പ്രതീക്ഷയില്‍ സുരേഷ് ഗോപിയും മത്സരിക്കാനിറങ്ങിയപ്പോള്‍ തൃശ്ശൂര്‍ സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത പോരാട്ടത്തിനാണ്. 

നിയമസഭാ മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇടയ്‌ക്കെപ്പോഴൊ പുതുക്കാട് സുരേഷ് ഗോപി ലീഡ് നേടിയപ്പോള്‍ പ്രതാപന്‍ മൂന്നാമതായി. ഒല്ലൂരിലും ആദ്യമണിക്കൂറില്‍ രാജാജി നേരിയ ലീഡ് നേടി. സുരേഷ് ഗോപി 10 വോട്ടിന് തൃശ്ശൂര്‍ മണ്ഡലത്തില്‍ ലീഡ് നേടുന്നതും കണ്ടു. ഇതൊഴിച്ചു നിര്‍ത്തിയാല്‍ ടി.എന്‍ പ്രതാപന്റെ സര്‍വ്വാധിപത്യമായിരുന്നു. തൃശ്ശൂരില്‍ രാജാജിയെ പിന്നിലാക്കി സുരേഷ് ഗോപി രണ്ടാമതെത്തിയതും എടുത്തു പറയേണ്ടതാണ്. 

ടിഎന്‍ പ്രതാപന് 415084 വോട്ടും,രാജാജിക്ക് 321456 വോട്ടും സുരേഷ് ഗോപിക്ക് 293822 വോട്ടുമാണ് ലഭിച്ചത്. 2014ല്‍ എല്‍ഡിഎഫിന് 389209 വോട്ടും യുഡിഎഫിന് 350982 വോട്ടും ബിജെപിക്ക് 102681 വോട്ടുമാണ് ലഭിച്ചത്. യുഡിഎഫ് വോട്ടില്‍ 64107 വോട്ടുകളുടെയും ബിജെപിക്ക് 191141 വോട്ടിന്റെയും വര്‍ധനവുണ്ടായപ്പോള്‍ എല്‍ഡിഎഫ് വോട്ടുകളില്‍ 67753 വോട്ടുകളുടെ കുറവുണ്ടായി.

വിജയ ഘടകം

ഇടതുപക്ഷത്തിന് വ്യക്തമായ മേല്‍ക്കൈ ഉള്ള മണ്ഡലത്തില്‍ പ്രതാപന്റെ വിജയത്തിന് കാരണമായ ഘടകങ്ങള്‍ നിരവധിയാണ്. സംസ്ഥാനം മൊത്തം വീശിയടിച്ച രാഹുല്‍ തരംഗം,പ്രതാപന്റെ ജനകീയത, ശബരിമല വിഷയത്തില്‍ യുഡിഎഫിന്റെ നിലപാട് തുടങ്ങി നിരവധി കാരണങ്ങള്‍ പ്രതാപനെ വിജയത്തിലെത്തിച്ചു. 

2014 ല്‍ സി.എന്‍ ജയദേവനെ 38,200 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തൃശ്ശൂര്‍ വിജയിപ്പിച്ചത്. 3,89,209 വോട്ടാണ് ഇടതുമുന്നണിക്ക് അന്ന് ലഭിച്ചത്. രണ്ടാമതെത്തിയ കോണ്‍ഗ്രസിന്റ കെ.പി ധനപാലനാണ് 3,50,982 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തിയത്. ഒരു ലക്ഷത്തില്‍ പരം വോട്ടുകള്‍ നേടി ബിജെപി മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ ആംആ്ദമിക്ക് വേണ്ടി സാറാ ജോസഫ് 44638 വോട്ടുകള്‍ പിടിച്ചു. 

താരമണ്ഡലമായിരുന്നു ഇത്തവണ തൃശ്ശൂര്‍. സ്ഥാനാര്‍ത്ഥിത്വം കൊണ്ടും വിവാദങ്ങള്‍കൊണ്ടും വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന മണ്ഡലം. പ്രവചനങ്ങള്‍ക്ക് അതീതമായി അപ്രതീക്ഷിത ത്രികോണ മത്സരമാണ് തൃശ്ശൂരില്‍ നടന്നത്. 

ടി.എന്‍. പ്രതാപന്‍ എന്നല്ലാതെ രണ്ടാമതൊരു പേര് കോണ്‍ഗ്രസ് തേതൃത്വത്തിന്റെ ചിന്തയില്‍ പോലും ഉണ്ടായിരുന്നില്ല. തീരദേശമേഖലയിലെ സജീവസാനിധ്യം, രാഷ്ട്രീയ ഭേദമന്യേ എല്ലാവരും അംഗീകരിക്കുന്ന ജനകീയ മുഖം, ഗ്രൂപ്പ് രഹിത കോണ്‍ഗ്രസുകാരന്‍, മണ്ഡലത്തില്‍ വര്‍ഷങ്ങളായുള്ള പ്രവര്‍ത്തന പാരമ്പര്യം, തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ് എന്ന നിലയിലുള്ള അനുഭവ സമ്പത്ത് അങ്ങനെ പ്രതാപനെന്ന ഒറ്റ ഉത്തരത്തിലേക്ക് ഒരു സംശയവും ഇല്ലാതെ കോണ്‍ഗ്രസിനെ എത്തിച്ച ഘടകങ്ങള്‍ നിരവധിയായിരുന്നു. ഗ്രൂപ്പുകളില്ലാത്ത പ്രതാപനുവേണ്ടി തൃശ്ശൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നിച്ചു നിന്നു. പ്രചാരണത്തിലും ഈ  ആവേശം ആവോളം കാണാമായിരുന്നു. 2009ല്‍ പി.സി ചാക്കോ 25000ത്തില്‍ പരം വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലമാണ് തൃശ്ശൂര്‍. അന്ന് എതിരാളി സി.എന്‍. ജയദേവനായിരുന്നു. അതേ തൃശ്ശൂരിനെ ജയദേവനില്‍ നിന്നും പിടിച്ചെടുത്ത് കോണ്‍ഗ്രസ് പാളയത്തില്‍ കൊണ്ടു കെട്ടുക എന്ന ചരിത്ര ദൗത്യമായിരുന്നു പ്രതാപന്റേത്. പക്ഷേ എക്സിറ്റ് പോളുകള്‍ പ്രതാപനെന്ന് ഉറപ്പിച്ചെങ്കിലും പ്രചാരണവേളയില്‍ കണ്ട ആത്മവിശ്വാസം വോട്ട് പെട്ടിയിലായ ശേഷം പ്രതാപനുണ്ടായിരുന്നില്ല. പക്ഷേ തൃശ്ശൂര്‍ പ്രതാപനൊപ്പം നിന്നു.

 ഇടതുകോട്ടയില്‍ ഇടറിവീണ് രാജാജി

 

കോണ്‍ഗ്രസിന് ശക്തമായ വേരുകളുള്ള തൃശ്ശൂരിനെ 2014ല്‍ ഇടതുപാളയത്തില്‍ കൊണ്ട് കെട്ടിയത് സി.എന്‍.ജയദേവനായിരുന്നു. ആ വിജയം 2016 നിയമസഭാ ഇലക്ഷനിലും ആവര്‍ത്തിച്ചു. തൃശ്ശൂര്‍ ചുവന്നു തന്നെ നിന്നു. ഇത്തവണ ജയദേവനെ മാറ്റി രാജാജി മാത്യൂ തോമസിന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതിലൂടെയാണ് തൃശ്ശൂരില്‍ ആദ്യ വിവാദങ്ങള്‍ പൊന്തുന്നത്. ഇന്ത്യയിലെ ഏക സി.പി.ഐ എം.പി തൃശ്ശൂരില്‍ നിന്ന് ആണ്. അതുകൊണ്ട് തന്നെ തൃശ്ശൂരിലെ ജയം ഇടതിനും അനിവാര്യമായിരുന്നു.

2014ലും 2016ലും തൃശ്ശൂര്‍ ചുവന്നു. 2016ല്‍ നിയമാസഭാ തിരഞ്ഞെടുപ്പില്‍ ഏഴു നിയമാസഭാ മണ്ഡലങ്ങളിലുമായി 1,20,000 വോട്ടിന്റെ ഭൂരിപക്ഷം ഇടതുമുന്നണിക്കുണ്ടായിരുന്നു. അത് തന്നെയായിരുന്നു ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസവും. അതുകെണ്ടാണോ എന്നറിയില്ല രാജാജിയുടെ പ്രചാരണവേളയില്‍ ആളും ആരവും താരതമ്യേന കുറവായിരുന്നു. പക്ഷേ പ്രചാരണം കൊഴുത്തില്ലെങ്കിലും തൃശ്ശൂരുകാര്‍ സിപിഐയെ വിജയിപ്പിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയായിരുന്നു ഇടതുപക്ഷം. കാരണം മറ്റൊന്നുമല്ല. 2014,16 തിരഞ്ഞെടുപ്പുകളില്‍ നേടിയ തുടര്‍ച്ചയായ വിജയം. 

വിവാദങ്ങളിലൂടെ ഒപ്പത്തിനൊപ്പം

തിരുവനന്തപുരത്തിനും പത്തനംതിട്ടയ്ക്കും പുറമെ ബിജെപി പ്രതീക്ഷ വച്ചുപുലര്‍ത്തിയ മണ്ഡലം കൂടിയായിരുന്നു തൃശ്ശൂര്‍. ബിഡിജെഎസിന്റെ തുഷാര്‍ വെള്ളാപ്പള്ളി ആയിരുന്നു തൃശ്ശൂരിലെ ആദ്യ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ശബരിമല വോട്ടാക്കാമെന്നുള്ള ബിജെപിയുടെ കണക്കുകൂട്ടലും, തൃശ്ശൂരില്‍ ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കാമെന്ന പ്രതീക്ഷയുമാണ് തുഷാര്‍ തൃശ്ശൂര്‍ തിരഞ്ഞെടുക്കാന്‍ കാരണം. പക്ഷേ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം തൃശ്ശൂരിന്റെ  തിരഞ്ഞെടുപ്പ് ചിത്രത്തെ തന്നെ മാറ്റി മറിച്ചു. രാഹുല്‍ വയനാട്ടില്‍ ലാന്റ് ചെയ്തപ്പോള്‍ തുഷാര്‍ ചുരം കയറി. സുരേഷ് ഗോപിക്ക് ഡല്‍ഹിയില്‍ നിന്ന് നേരിട്ട് തൃശ്ശൂര്‍ക്ക് ടിക്കറ്റും കിട്ടി. മോദിയും അമിത് ഷായുമായുള്ള അടുത്ത ബന്ധവും രാജ്യസഭാ എം.പിയെന്ന പ്രവര്‍ത്തന പരിചയവും സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എളുപ്പമാക്കി.

പിന്നീട് കേരളം കണ്ടത് മറ്റൊരു മണ്ഡലത്തിലും കിട്ടാത്ത വാര്‍ത്താപ്രാധാന്യവും ശ്രദ്ധയും ലഭിച്ച തൃശ്ശൂരിനെയാണ്.

സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയായതു മുതല്‍ തൃശ്ശൂരിന്റെ താരപരിവേഷം കൂടി. ശബരിമലയെപ്പറ്റി ശബ്ദിക്കരുതെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശം കാറ്റില്‍പറത്തി സുരേഷ് ഗോപി അയ്യന്റെ പേരില്‍ വോട്ടു ചോദിച്ചു. സംഭവം വിവാദമായി. അതോടെ കലക്ടര്‍ അനുപമ വിശദീകരണം ചോദിച്ചു. അനുപമയ്ക്കെതിരെ അണികളുടെ രോഷപ്രകടനം, സൈബര്‍ ആക്രമണം, അങ്ങനെ തൃശ്ശൂരും സുരേഷ് ഗോപിയും വാര്‍ത്തയില്‍ നിറഞ്ഞു നിന്നു. മറ്റൊരു ബിജെപി സ്ഥാനാര്‍ത്ഥിക്കും ലഭിക്കാത്ത അത്ര മാധ്യമ ശ്രദ്ധ. പിന്നെ ഗര്‍ഭിണിയുടെ വയറില്‍ തൊട്ടനുഗ്രഹിച്ചും, പ്രചാരണത്തിനിടെ വീട്ടില്‍ കയറി ചോദിച്ച് ഭക്ഷണം വാങ്ങിക്കഴിച്ചും സുരേഷ് ഗോപി വാര്‍ത്തകള്‍ സൃഷ്ടിച്ചു. വളരെ വൈകി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയാണ് തൃശ്ശൂരിലേത് എന്നിട്ടും സുരേഷ് ഗോപി ഇരുമുന്നണികള്‍ക്കൊപ്പം ഒപ്പത്തിനൊപ്പമെത്തി എന്നുമാത്രമല്ല. ത്രികോണ മത്സരമെന്ന് മാധ്യമങ്ങളെക്കൊണ്ട് തലക്കെട്ടുവരെ എഴുതിച്ചു. അതും വെറും പതിനേഴു ദിവസം കൊണ്ട്. ഉറച്ച വിജയ പ്രതീക്ഷയിലായിരുന്ന ടി.എന്‍ പ്രതാപന്‍ തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ തൃശ്ശൂരില്‍ നിന്ന് നെഗറ്റീവ് വാര്‍ത്തകള്‍ പ്രതീക്ഷിക്കാമെന്ന് വരെ പറഞ്ഞുവെച്ചു. തന്റെ കോട്ടയായ തീരദേശ മേഖലയില്‍ പോലും ഹിന്ദുവോട്ടുകള്‍ സുരേഷ് ഗോപിക്ക് മറിഞ്ഞു എന്നും പ്രതാപന്‍ തുറന്നു പറഞ്ഞു. 

ശബരിമലയെ മുന്‍ നിര്‍ത്തിയാണ് തൃശ്ശൂര്‍ വിധിയെഴുതുന്നതെങ്കില്‍ പ്രതാപനു കിട്ടേണ്ട വോട്ടുകള്‍ സുരേഷ് ഗോപിയ്ക്കാവും വീഴുകയെന്നതായിരുന്നു പ്രവചനങ്ങള്‍. ആ സാധ്യതയ്ക്ക് മുകളിലാണ് അയ്യനെ പറ്റി പരാമര്‍ശിച്ചും മറ്റും വികാരം വോട്ടാകാനുള്ള സാധ്യതയെ ഒന്നുകൂടി ആളിക്കത്തിച്ചത്. ഒപ്പം സുരേഷ് ഗോപിയുടെ താരപരിവേഷം കൂടിയായപ്പോള്‍ ബിജെപി  വിജയ പ്രതീക്ഷ പങ്കുവെച്ച മണ്ഡലങ്ങളുടെ പട്ടികയില്‍ അങ്ങനെ തൃശ്ശൂരുമെത്തി. പ്രചാരവേളയില്‍ സുരേഷ് ഗോപിക്ക് ചുറ്റും കണ്ട ആള്‍കൂട്ടവും ആവേശവും ആ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുന്നതായിരുന്നു. നെഗറ്റീവ് പബ്ലിസിറ്റിയെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിന് സുരേഷ് ഗോപിയോളം മികച്ചൊരു ഉദാഹരണം ഈ തിരഞ്ഞെടുപ്പില്‍ വേറെയുണ്ടാകില്ല. ഒറ്റപ്രസംഗത്തിലൂടെ അവസാന ലാപ്പില്‍ നിന്നു പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പം ഓടിക്കയറി എതിരാളികളുടെ ആത്മവിശ്വാസം തകര്‍ത്ത സുരേഷ് ഗോപി തന്നെയാണ് ബിജെപി സ്ഥാനാര്‍ത്ഥികളിലെ താരം. 

രണ്ട് ലക്ഷത്തില്‍ പരം വോട്ടുകളാണ് സുരേഷ് ഗോപി സ്വന്തമാക്കിയത്. അതായത് 2014 ലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ശ്രീശന് ലഭിച്ച വോട്ടിനേക്കാള്‍ ഒരു ലക്ഷം വോട്ടുകളുടെ വര്‍ധന. രണ്ടാമത് എത്തിയ രാജാജിയെക്കാളും 20000 വോട്ടുകളുടെ കുറവ് മാത്രമാണ് സുരേഷ് ഗോപിക്ക്  ഉണ്ടായിരുന്നത്.   

കണക്കുകളില്‍ തൃശ്ശൂര്‍

2014 ല്‍ തൃശ്ശൂരിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 1275258 ആണ്. ഇതില്‍ 919244 ആണ് പോള്‍ ചെയ്ത വോട്ടുകള്‍. 72.15 ആയിരുന്നു അന്ന് പോളിങ്ങ് ശതമാനം. ഇപ്രാവശം അത് 77.86 ശതമാനമാണ്. 1293744 വോട്ടര്‍മാരാണ് ഇത്തവണ തൃശ്ശൂരില്‍ ഉള്ളത്. ഇതില്‍ 671984 പേരും  വനിതാ വോട്ടര്‍മാരാണ്.  

2014-ല്‍ ചെങ്കൊടിയേന്തി തൃശ്ശൂര്‍ 

2014 ലോക്സഭാ ഇലക്ഷനില്‍ തൃശ്ശൂരിലെ ഒന്നിലൊഴികെ ആറ് നിയമസഭാ മണ്ഡലങ്ങളിലും എല്‍ഡിഎഫിനായിരുന്നു ലീഡ്. തൃശ്ശൂരില്‍ മാത്രമായിരുന്നു അന്ന് യുഡിഎഫ് ലീഡ് നേടിയത്. 6853 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഈ മണ്ഡലത്തില്‍ യുഡിഎഫ് മുന്നിട്ടുനിന്നത്. നാട്ടികയും പുതുക്കാടും ആണ് എല്‍ഡിഎഫിന് ഏറ്റവും കൂടുതല്‍ ലീഡ് നേടികൊടുത്ത നിയമസഭാ മണ്ഡലങ്ങള്‍. 13900 ത്തില്‍ പരം വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് ഈ മണ്ഡലങ്ങളില്‍ മുന്നിലെത്തിയത്. മറ്റുമണ്ഡലങ്ങളില്‍ പത്തില്‍ താഴെയായിരുന്നു ലീഡ്. ഒല്ലൂരില്‍ വെറും 1342 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് മുന്നിലെത്തിയത്. നിയമസഭാ മണ്ഡലങ്ങളില്‍ ഏറ്റവും കുറവ് ലീഡിന് എല്‍ഡിഎഫ് മുന്നിട്ട് നിന്ന മണ്ഡലവും ഒല്ലൂര്‍ ആണ്. 

2019 ല്‍ കൊടിമാറ്റം 

ഇപ്രാവശ്യം കണക്കുകള്‍ യുഡിഎഫിനൊപ്പം നിന്നു. ഗുരുവായൂരില്‍ യുഡിഎഫ് നേടിയത് 20538 വോട്ടിന്റെ ഭൂരിപക്ഷമാണ്. മണലൂരില്‍ 12000ത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷവും ഒല്ലൂരില്‍ 16000ത്തില്‍ പരവും  തൃശ്ശൂരില്‍ 18000ത്തില്‍ പരവും ഇരിഞ്ഞാലക്കുടയില്‍ 11000ത്തില്‍ പരവും വോട്ടിന്റെ ഭൂരിപക്ഷം സ്വന്തമാക്കി.  പുതുക്കാടും നാട്ടികയിലും മാത്രമാണ് യുഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞത്. നാട്ടികയില്‍ 2427 വോട്ടിന്റെയും പുതുക്കാട് 5000ത്തില്‍ പരം വോട്ടിന്റെയും ഭൂരിപക്ഷത്തിനാണ് പ്രതാപന്‍ തൃശ്ശൂര്‍ പിടിച്ചടക്കിയത്.

കഴിഞ്ഞ നിയമസഭാ ഇലക്ഷന്‍ ഫലം വന്നപ്പോഴും തൃശ്ശൂര്‍ പൂര്‍ണമായും ഇടതിനൊപ്പം നിന്നു. ഗുരുവായൂര്‍,മണലൂര്‍,ഒല്ലൂര്‍,തൃശ്ശൂര്‍,നാട്ടിക, പുതുക്കാട്,ഇരിഞ്ഞാലക്കുട എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍കൊള്ളുന്നതാണ് തൃശ്ശൂര്‍ ലോക്സഭാ മണ്ഡലം. ഈ ഏഴ് മണ്ഡലങ്ങളില്‍ അഞ്ചിലും 13000ത്തില്‍പ്പരം വോട്ടുകള്‍ക്കാണ് ഇടതുപക്ഷം തേരോട്ടം നടത്തിയത്. ഇരിഞ്ഞാലക്കുടയില്‍ ആയിരുന്നു ഏറ്റവും കുറവ് ഭൂരിപക്ഷം(2711), തൃശ്ശൂര്‍ മണ്ഡലത്തിലാകട്ടെ യുഡിഎഫ് പരാജയപ്പെട്ടത് 6987 വോട്ടുകള്‍ക്കാണ്. ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചതാകട്ടെ പുതുക്കാട് മണ്ഡലത്തിലും.  

2014ല്‍ താരതമ്യേന ബിജെപിക്ക് നാട്ടികയിലും പുതുക്കാടും മണലൂരുമാണ് ഏറ്റവും കൂടുകല്‍ വോട്ടുകള്‍ ലഭിച്ചത്. ഇവിടങ്ങളില്‍ 16000 ത്തില്‍ പരം വോട്ടുകളാണ് ബിജെപി നേടിയത്. ബിജെപിക്ക് ഏറ്റവും കുറവു വോട്ട് (12166) ലഭിച്ചത് തൃശ്ശൂര്‍ മണ്ഡലത്തിലാണ്. അതേ തൃശ്ശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപി രാജാജിയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി. 

Content Highlight: T.N Prathapan won from Thrissur 2019 Lok Sabha election