മലപ്പുറം: തിരഞ്ഞെടുപ്പുകാലത്തെ അപമാനത്തിന് ഒറ്റ ഫോട്ടോകൊണ്ട് മധുരമായ മറുപടി. ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ആലത്തൂരിലെ വിജയിയായ രമ്യാ ഹരിദാസും നിൽക്കുന്ന ഫോട്ടോ വെള്ളിയാഴ്ച ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവൻ പ്രചാരണത്തിനിടയിൽ കുഞ്ഞാലിക്കുട്ടിയെയും രമ്യയെയും കുറിച്ചുനടത്തിയ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പോസ്റ്റ് ചർച്ചാവിഷയമായത്. വിവാദങ്ങളെക്കുറിച്ച് ഒരുവാക്കുപോലും പറഞ്ഞില്ലെങ്കിലും ഒരുപാട് കാര്യങ്ങൾ സംസാരിക്കുന്ന ഈ പോസ്റ്റിനുതാഴെ കുറച്ചുസമയംകൊണ്ടുതന്നെ ആയിരങ്ങളാണ് പ്രതികരിക്കുകയും ഇഷ്ടം പ്രകടിപ്പിക്കുകയും ചെയ്തത്. ലീഗ്, കോൺഗ്രസ് പ്രവർത്തകർ ഈ ഫോട്ടോ വ്യാപകമായി ഷെയർ ചെയ്യുന്നുമുണ്ട്.

‘കേരളത്തിന്റെ അഭിമാനം. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും തിളക്കമുള്ള വിജയത്തിന്റെ ഉടമ കേരളത്തിന്റെ പെങ്ങളൂട്ടി രമ്യാ ഹരിദാസിനോടൊപ്പം ഞാനും എന്റെ കുടുംബവും. അഭിനന്ദനങ്ങൾ രമ്യാ ഹരിദാസ്’ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.

Content Highlights: Kunhalikutty, family, Remya Haridas appear on his FB post, in an apparent reply to Vijayaraghavan