തൃശ്ശൂർ: സ്ഥാനാർഥി നിർണയത്തിൽ ഇടതുമുന്നണി കാണിച്ച മേൽക്കോയ്മ പ്രചാരണത്തിലും. രണ്ടാഴ്ച മുന്പേ പ്രചാരണം തുടങ്ങിയ രാജാജി മാത്യു തോമസ് എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മൂന്നുവട്ടം പര്യടനം പൂർത്തിയാക്കി.

സ്ഥാനാർഥി നിർണയം വൈകിയെങ്കിലും അതിേവഗം ബഹുദൂരമെന്ന സിദ്ധാന്തത്തിൽ മുന്നേറുകയാണ് െഎക്യമുന്നണിയുടെ ടി.എൻ. പ്രതാപൻ. നാലു ദിവസമായി പ്രചാരണത്തിലുള്ള പ്രതാപൻ വെള്ളിയാഴ്ച വൈകീട്ടോടെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും രണ്ടുവട്ടം പര്യടനം പൂർത്തിയാക്കി.

മൂന്നുവട്ടം പര്യടനം പൂർത്തിയാക്കിയ രാജാജി ഇനി വാഹനപ്രചാരണത്തിലേക്കാണ്. രാജാജിയുടെ വാഹനപ്രചാരണ ജാഥ 29 വരെയാണ്. ശനിയാഴ്ച രാവിലെ ഏഴിന് വാഹനപ്രചാരണ ജാഥ തുടങ്ങും. ഏങ്ങണ്ടിയൂരിൽനിന്ന് തുറന്ന ജീപ്പിലായിരിക്കും യാത്ര. ഗുരുവായൂർ മണ്ഡലത്തിലാണ് ആദ്യത്തെ വാഹനപ്രചാരണം.

പ്രതാപനാകട്ടെ ഒരാഴ്ച കഴിഞ്ഞേ വാഹനപ്രചാരണത്തിന് തുടക്കമിടൂ. അതേവരെ ഭവനസന്ദർശനങ്ങളും മണ്ഡലതല-ബൂത്തുതല കൺവെൻഷനുകളും സ്ക്വാഡ് വർക്കുമായി ജനങ്ങളിലേക്കിറങ്ങിച്ചെല്ലാനാണ് തീരുമാനിച്ചിരിക്കുന്നത്.

രാജാജിയുടെ വെള്ളിയാഴ്ച

ഒല്ലൂർ നിയോജക മണ്ഡലത്തിലായിരുന്നു വെള്ളിയാഴ്ച രാജാജിയുടെ പര്യടനത്തുടക്കം. കാർഷിക സർവകലാശാലയിലെയും വെറ്ററിനറി സർവകലാശാലയിലെയും ജീവനക്കാരെ കണ്ട് വോട്ട് തേടി. മണ്ണുത്തിയിലെ സെവൻ സീസ്‌ ഡിസ്റ്റിലറിയിലെ തൊഴിലാളികളെയും ജീവനക്കാരെയും കണ്ട് വോട്ടഭ്യർഥിച്ചു.

ഫോൺ ഇൻ പ്രോഗ്രാമിന് ശേഷം തൃശ്ശൂർ മണ്ഡലത്തിലെ ബ്രഹ്മസ്വം മഠം സന്ദർശിച്ചു. പൂങ്കുന്നത്തെ ധനലക്ഷ്മി ബാങ്ക് ആസ്ഥാനം, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്, ജൂബിലി മിഷൻ ആശുപത്രി എന്നിവിടങ്ങളിലായിരുന്നു പിന്നീട് വോട്ടഭ്യർഥന.

തുടർന്ന്‌ തലോർ, തൃക്കൂർ, പറപ്പൂക്കര എന്നിവിടങ്ങളിലേക്ക് നീങ്ങി.

പ്രതാപന്റെ വെള്ളിയാഴ്ച

ചാവക്കാട് കൊല്ലപ്പെട്ട ഹനീഫയുടെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടായിരുന്നു പ്രതാപന്റെ പ്രചാരണത്തുടക്കം. പത്ത് മണിയോടെ തൃശ്ശൂരിലെത്തി തിരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫീസ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

പെരിങ്ങാവ് ധന്വന്തരി ക്ഷേത്രം, ചെമ്പുക്കാവ് കാർത്ത്യായനി ഭഗവതീക്ഷേത്രം, ഒളരിക്കര ഭഗവതീക്ഷേത്രം, എൽത്തുരുത്ത് പൂതൃക്കോവിൽ ക്ഷേത്രം എന്നിവിടങ്ങളിലെ പ്രസാദ ഉൗട്ടിൽ പങ്കെടുത്തു. ഹോളി ഫാമിലി മഠത്തിലെത്തി േവാട്ടഭ്യർഥന. തുടർന്ന് എഴുത്തച്ഛൻ സമാജം പ്രവർത്തകരുടെ സ്വീകരണം. പിന്നീട് ചിത്രൻ നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തി അനുഗ്രഹം തേടി.

ഖാദി വർക്കേഴ്സിന്റെ സമ്മേളനത്തിലെത്തിയശേഷം യു.ഡി.എഫ്. കൺവെൻഷനായി മണലൂർക്ക് പുറപ്പെട്ടു. ഇതിനിടെ തിരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുകയുമായി കേരളവർമ, വിവേകാനന്ദ കോളേജുകളിലെ ചില അധ്യാപകരെത്തി. ഗുരുവായൂർ മണ്ഡലം കൺവെൻഷനായിരുന്നു പിന്നീട്.