തിരുവനന്തപുരം:    കേരളത്തില്‍ പരസ്പരം എതിര്‍ക്കുന്നവര്‍ ഡല്‍ഹിയില്‍ അധികാരത്തിനുവേണ്ടി ഒരുമിച്ചുവരുന്നുവെന്ന് നരേന്ദ്രമോദി. ഇടത് വലത് മുന്നണികളെ വിമര്‍ശിക്കുകയായിരുന്നു പ്രധാനമന്ത്രി. കോണ്‍ഗ്രസിന്റെ പ്രസിഡന്റിന് പാര്‍ലമെന്റില്‍ എത്തണമെങ്കില്‍ വയനാട്ടില്‍ മത്സരിക്കേണ്ടിവരുന്നു. ഇടതുപക്ഷത്തിനെതിരായി ഒന്നും പറയില്ലെന്ന് അദ്ദേഹം പറയുന്നു. കേരളത്തില്‍ ഗുസ്തിയും കേന്ദ്രത്തില്‍ ചങ്ങാത്തം അതാണ് ഇവരുടെ രാഷ്ട്രീയം.  ഇത് രാഷ്ട്രീയമല്ല, മറിച്ച് സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള തികഞ്ഞ അവസരവാദമാണ്.- അദ്ദേഹം പറഞ്ഞു.

ഇതൊന്നും കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലാകുന്നില്ലെന്നാണ് ഇവര്‍ കരുതുന്നതെങ്കില്‍ അവര്‍ക്ക്  വലിയ തെറ്റാണ് പറ്റിയിരിക്കുന്നത്. ദക്ഷിണേന്ത്യയ്ക്ക് സന്ദേശം നല്‍കാനാണ് രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്താ തിരുവനന്തപുരത്തിറങ്ങി ഒരു സന്ദേശം കൊടുത്തുകൂടെ. തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനമല്ലെ. അതല്ലെങ്കില്‍ പത്തനതിട്ടയിലിറങ്ങി അതിനേക്കാള്‍ നല്ല സന്ദേശം കൊടുത്തുകൂടെ. എന്താ അതിനൊന്നും മുതിരാത്തത്. 

ദക്ഷിണേന്ത്യയ്ക്ക് സന്ദേശം നല്‍കാനുള്ള ശ്രമമല്ല. ഇത് കോണ്‍ഗ്രസിന്റെ പ്രീണന നയത്തിന്റെ സന്ദേശമാണ്. അമേത്തിയിലെ വികസനത്തിന്റെ കാഴ്ചപ്പാടുമായാണ് അദ്ദേഹം എത്തിയിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ അമേത്തിയില്‍ സംഭവിച്ചത് എന്താണ് എന്ന് നമുക്ക് കൈയുള്ള സ്മാര്‍ട്ട് ഫോണുകളില്‍ കൂടി കുറഞ്ഞ ചിലവില്‍ ഡേറ്റ ഉപയോഗിച്ച് മനസിലാക്കാനാകും- അദ്ദേഹം. 

ജനാധിപത്യത്തില്‍ സര്‍ക്കാരുകള്‍ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതും ഇല്ലാതാകുന്നതും. നയങ്ങളുടെ അടിസ്ഥാനത്തിലാണ് എതിര്‍പ്പും പിന്തുണയും. എന്നാല്‍ കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റുകളുടെയും ഇപ്പോഴത്തെ പ്രത്യയ ശാസ്ത്രം അവസരവാദത്തിന്റേതാണ്. 

MODIകൊലപാതക രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ അധികാരത്തില്‍ എത്തുമ്പോള്‍ കേരളം പോലുള്ള സ്വര്‍ഗതുല്യമായ സംസ്ഥാനം പോലും നരകമായി മാറുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  അധികാരത്തിനു വേണ്ടി സ്വന്തം കൂടപ്പിറപ്പിന്റെ പോലും രക്തമെടുക്കുന്ന സംസ്‌കാരം അത് കേരളത്തിന്റേതല്ല. കുട്ടികളെയും അമ്മമാരെയും അനാഥരാക്കുന്ന സംസ്‌കാരം അത് കേരളത്തിന്റേതല്ല. 

രാജ്യം മുഴുവന്‍ വികസനത്തിന്റെ പാതയില്‍ കൂടി ചലിക്കുമ്പോള്‍ കേരളത്തിന് അതേപാതയില്‍ കൂടി സഞ്ചരിക്കണമെങ്കില്‍ കമ്യൂണിസ്റ്റുകാരുടെയും കോണ്‍ഗ്രസുകാരുടെയും സംസ്‌കാരത്തില്‍ സനിന്ന് നമുക്ക് മോചനം നേടേണ്ടതുണ്ട്. 

കേരളത്തിലെ കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് കൊലപാതക രാഷ്ട്രീയം മൂലം ആയിരക്കണക്കിന് ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടമായിട്ടുള്ളത്. അവരുടെ ബലിദാനത്തിന് മുന്നില്‍ പ്രണമിച്ചുകൊണ്ട് ഓരോ ബിജെപി പ്രവര്‍ത്തകരോടും ഞാന്‍ പറയുകയാണ് നിങ്ങളുടെ സഹനത്തിന് ഒരുദിവസം ഫലമുണ്ടാകും. രാഷ്ട്രീയ കൊലപാതകത്തിന്റെ സംസ്‌കാരത്തില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് നമ്മുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. 

കരയിലും, വെള്ളത്തിലും ആകാശത്തും മാത്രമല്ല ബഹിരാകാശത്തുപോലും സുരക്ഷിതമാണ് ഇന്ത്യ. മൊബൈല്‍ ഫോണ്‍ മുതല്‍ മിസൈല്‍ വരെയുള്ള കാര്യങ്ങളില്‍ ഇന്ന് ബഹിരാകാശ നിയന്ത്രണമുണ്ട്. ബഹികാരാശത്തെ രാജ്യത്തിന്റെ ആസ്തികളെ ഛിദ്ര ശക്തികള്‍ ആക്രമിച്ചാല്‍ അത് തടയാന്‍ ഇന്ന് ഇന്ത്യയ്ക്ക് സാധിക്കും. നിങ്ങളുടെ ചൗകീദാര്‍ അതിനുള്ള അധികാരങ്ങള്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് നല്‍കി. 

ഇത് നേരത്തെ തന്നെ ചെയ്യാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് തീരുമാനങ്ങളെടുക്കാന്‍ ഭയമായിരുന്നു. രാജ്യത്തിന് നഷ്ടമുണ്ടാക്കുന്നതും ശാസ്ത്രജ്ഞര്‍ക്ക് ആത്മവിശ്വാസം തകര്‍ക്കുന്നതുമായ എന്തെങ്കിലും ചെയ്യാനാണെങ്കില്‍ കോണ്‍ഗ്രസിന്റെ ഭയം മുഴുവന്‍ പമ്പകടക്കുമായിരുന്നു. നമ്പിനാരായണനോട് എന്താണ് ചെയ്തത് എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. 

കേരളത്തിന്റെ അഭിമാനമായ നമ്പിനാരായണനോട് എന്താണ് കോണ്‍ഗ്രസ് ചെയ്തതെന്ന് നമുക്ക് മറക്കാനാകുമോ. ഇതാണ് ദേശീയതയില്‍ വിശ്വസിക്കുന്ന സര്‍ക്കാരും കുടുംബാധിപത്യത്തില്‍ വിശ്വസിക്കുന്ന സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം. ഇതാണ് തീരുമാനങ്ങളെടുക്കുന്നവരുടെ സര്‍ക്കാരും വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്നവരുടെ സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം. 

നടക്കുന്ന തിരഞ്ഞെടുപ്പ് സാധാരണ നടക്കുന്നതുപോലെയല്ല. ഭാവിയില്‍ രാജ്യം വികസനത്തിന്റെ പാതയില്‍ സഞ്ചരിക്കണോ വേണ്ടയൊ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ്. ലോകത്തിലെ ആദ്യത്തെ മൂന്ന് സാമ്പത്തിക ശക്തിയാകാനുള്ള നീക്കമാണ് ഞങ്ങള്‍ നടത്തുന്നത്.  രാജ്യാന്തര രംഗത്ത് പുതിയ വഴിത്താര തുറക്കണോ എന്നുള്ളതിന്റെ തിരഞ്ഞെടുപ്പാണ്.  

കുമ്മനത്തിന്റെ സത്യസന്ധത കേരളത്തില്‍ മാത്രമല്ല ഡല്‍ഹിയില്‍ വരെ ചര്‍ച്ചാ വിഷയമാണ്. അദ്ദേഹത്തിന് ഇത്തവണ അവസരം നല്‍കണമെന്ന് തിരുവനന്തപുരത്തെ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നു. 2014 മുതല്‍ തിരുവനന്തപുരം ബിജെപിയെ ശക്തമായി പിന്തുണയ്ക്കുന്ന മണ്ഡലമാണെന്നും അദ്ദേഹം പറഞ്ഞു. 

ആധുനിക തിരുവിതാംകൂറിന്റെ ശില്‍പിയായ മാര്‍ത്താണ്ഡവര്‍മ, ശ്രീനാരായണ ഗുരു, അയ്യാ വൈകുണ്ഠ സ്വാമികള്‍, സ്വാതി തിരുനാള്‍, വക്കം അബ്ദുള്‍ ഖാദര്‍ മൗലവി തുടങ്ങിയവര്‍ക്ക് പ്രണാമമര്‍പ്പിച്ചാണ് മോദി പ്രസംഗം തുടങ്ങിയത്. 

കേരളത്തിലെ ബിജെപിയുടെ വളര്‍ച്ച തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും കേരളത്തില്‍ അജണ്ട നിശ്ചയിക്കുന്ന പാര്‍ട്ടിയായി ബിജെപി മാറിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. വന്‍ ജനാവലിയാണ് എന്‍ഡിഎ റാലിയില്‍ പങ്കെടുക്കാനായെത്തിയിരിക്കുന്നത്. 

തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് മോദിയുടെ വിജയ സങ്കല്‍പ റാലിയില്‍ പങ്കെടുക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. 

സ്ഥാനാര്‍ഥികളായ കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള, എംപിമാരായ വി മുരളീധരന്‍, റിച്ചാര്‍ഡ് ഹെ, മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍, മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, ക്രിക്കറ്റ് താരം ശ്രീശാന്ത്, ടോം വടക്കന്‍ തുടങ്ങിയവരും വേദിയിലുണ്ട്.

Content Highlights: PM Narendra Modi in Thiruvananthapuram NDA Vijay Sankalpa Rally