തിരുവനന്തപുരം: ബി.ജെ.പിയുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് പി.പി. മുകുന്ദൻ ലോക്‌സഭാ തിരഞ്ഞടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നു. തിരുവനന്തപുരത്ത് മത്സരിക്കാൻ ശിവസേനയടക്കം നിരവധി സംഘടനകൾ ആവശ്യപ്പെട്ടെന്നും അവരുമായി ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും പറഞ്ഞ മുകുന്ദൻ ബി.ജെ.പി. സംസ്ഥാന നേതൃത്വത്തെ നിശിതമായി വിമർശിച്ചു.

ആർ.എസ്.എസിൽ വലിയ സ്വാധീനുള്ള നേതാവാണ് മുകുന്ദൻ. നേരത്തേ ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറിയായിരുന്ന അദ്ദേഹം ഇടക്കാലത്ത് പാർട്ടിക്ക് അനഭിമതനായി. കുമ്മനം രാജശേഖരൻ സംസ്ഥാന അധ്യക്ഷനായിരിക്കെ അദ്ദേഹത്തെ പാർട്ടിയിലേക്ക്‌ മടക്കിക്കൊണ്ടുവരാൻ തീരുമാനിച്ചെങ്കിലും ഒരുവിഭാഗത്തിന് എതിർപ്പായിരുന്നു. ശബരിമല കേസിൽപ്പെട്ട് ജയിലിലായിരുന്ന ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രനെ അദ്ദേഹം സന്ദർശിക്കുകയും സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിൽ എത്തുകയും ചെയ്തിരുന്നു. ഇതോടെ അദ്ദേഹം പാർട്ടിയിലേക്കു മടങ്ങിയെത്തുമെന്ന അഭ്യൂഹവും വന്നു. ഇതിനിടെയാണ് ബി.ജെ.പിക്ക് നിർണായക സ്വാധീനമുള്ള തിരുവനന്തപുരത്ത് പാർട്ടിയെ സമ്മർദത്തിലാക്കി മുകുന്ദൻ മത്സരിക്കാൻ തയ്യാറെടുക്കുന്നത്.

നേതാക്കളുടെ നിലപാടുകൾ ബി.ജെ.പിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നാണ് മുകുന്ദൻ വിമർശിച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട് അനുകൂലസസാഹചര്യം ഇല്ലാതാക്കി. പാർട്ടിയിൽ വേണ്ടത് പുനഃസംഘടനയോ അഴിച്ചുപണിയോ അല്ലെന്നും പുനഃക്രമീകരണമാണെന്നും അദ്ദേഹം പറയുന്നു.

മോദിസർക്കാരിന്റെ പ്രവർത്തനം താഴെത്തട്ടിൽ എത്തിക്കുന്നില്ല. കേരളത്തിലെ സമൂഹിക വ്യവസ്ഥിതി വിലയിരുത്താൻ കേന്ദ്രനേതൃത്വത്തിനു കഴിയുന്നുമില്ല. സംസ്ഥാനത്ത് മുൻകാല പ്രവർത്തകരും പുതിയതലമുറയുമായി അന്തരമേറി. ഇത് അപടകമാണ്. പഴയകാല പ്രവർത്തകരെ രംഗത്തിറക്കാനും താത്പര്യമില്ല.

കണ്ണൂരിൽ പാർട്ടി ഓഫീസ് ഉദ്ഘാടനത്തിന് വേദിയിലിരിക്കാൻ സംഘടനാ നേതാക്കൾ നേരിട്ടെത്തി ആവശ്യപ്പെട്ടതാണ്. എത്താമെന്നു സമ്മതിച്ചെങ്കിലും ഒഴിവാക്കി. സാമുദായിക സംഘടനകളും എല്ലാതലങ്ങളിലുംപെട്ട പ്രവർത്തകരും മത്സരിക്കാനുള്ള തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചതായും മുകുന്ദൻ പറഞ്ഞു.

Content Highlights: P P mukundan may contest from thiruvananthapuram, bjp crisis