ഓരോ വോട്ടിനും മൂന്നു കൂട്ടരും പിടിയിടുന്ന മണ്ഡലം. ഹാട്രിക് ജയം തേടി ഇറങ്ങിയ യു.ഡി.എഫിലെ ശശി തരൂരിനെ നേരിടുന്നത് മുന്‍മന്ത്രിയായ സി. ദിവാകരനും ഗവര്‍ണര്‍സ്ഥാനം രാജിവെച്ച് മത്സരിക്കാനിറങ്ങിയ കുമ്മനം രാജശേഖരനും. വിശ്വവേദികളില്‍ പ്രവര്‍ത്തിച്ച് തിളങ്ങിയ ശശി തരൂരിന്റെ വിജയം കോണ്‍ഗ്രസിന് അനിവാര്യം. കഴിഞ്ഞ പ്രാവശ്യം രണ്ടാം സ്ഥാനത്തെത്തിയതാണ് ബി.ജെ.പി.യുടെ മോഹത്തിന് അടിസ്ഥാനം. മുന്‍ തിരഞ്ഞെടുപ്പിലെ മൂന്നാംസ്ഥാനത്തിന്റെ മാനക്കേട് മാറ്റി ഒന്നാം നിരയിലെത്താനാണ് ഇടതുമുന്നണിയുടെ പോരാട്ടം.

ശബരിമല പ്രശ്നം ആഴത്തില്‍ അടിയൊഴുക്കുകള്‍ സൃഷ്ടിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാമത്തേത് തിരുവനന്തപുരമാകും. അതുകൊണ്ടുതന്നെ പ്രചാരണരംഗത്തെ ഏത് കാര്യവും രാഷ്ട്രീയമെന്നതിനപ്പുറം വര്‍ഗീയമായി കൂടി വ്യാഖ്യാനിക്കുന്ന പ്രവണതയുമുണ്ട്. ഈ അപകടം തിരിച്ചറിഞ്ഞ് സി.പി.എം. ആദ്യവെടി പൊട്ടിച്ചു. കോണ്‍ഗ്രസും ബി.ജെ.പി.യും തമ്മില്‍ ധാരണയുണ്ടെന്നായിരുന്നു ആരോപണം. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം വന്ന് ചര്‍ച്ച ആ വഴി തിരിയുന്നതുവരെ ഈ ആരോപണം ചൂടുപിടിച്ചുനിന്നു.

10 വര്‍ഷം എം.പി.യായ തരൂര്‍ എന്ത് ചെയ്തുവെന്ന ചോദ്യം ഇതിനിടെ ഉയര്‍ന്നു. ചെയ്ത കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയ പുസ്തകമിറക്കിയായിരുന്നു തരൂരിന്റെ മറുപടി. കോണ്‍ഗ്രസ് മറുചോദ്യം ഉന്നയിച്ചു. വിമാനത്താവളത്തിന്റെയും ലാറ്റക്സിന്റെയും സ്വകാര്യവത്കരണത്തിന് ചുക്കാന്‍ പിടിക്കുന്നതാര്? ഓഖിയുടെയും പ്രളയത്തിന്റെയും സമയത്ത് തീരമേഖലകളിലെ പ്രവര്‍ത്തനം തരൂര്‍ പ്രതിരോധമാക്കി. ഹൈന്ദവ ഏകീകരണത്തിന്റെ മുഖമായി കുമ്മനത്തെ അവതരിപ്പിച്ചായിരുന്നു ബി.ജെ.പി.യുടെ പ്രചാരണം. ബി.ജെ.പി.യും കോണ്‍ഗ്രസും ഒരേ തൂവല്‍ പക്ഷികളാണെന്നതാണ് ഇടതുമുന്നണി പ്രചാരണത്തിന്റെ ഊന്നല്‍. ചില കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പി. പാളയത്തിലേക്ക് പോയത് ചൂണ്ടിക്കാട്ടി വര്‍ഗീയതയെ എതിര്‍ക്കാന്‍ ഇടതുപക്ഷത്തിനേ കഴിയൂവെന്നും അവര്‍ സമര്‍ഥിക്കുന്നു.

വീടുകയറി ശബരിമല ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിച്ച് വോട്ട് ചെയ്യുമെന്ന ഉറപ്പുവാങ്ങിയാണ് ബി.ജെ.പി.യുടെ പ്രചാരണം. ഓരോ വോട്ടും ലക്ഷ്യമാക്കി ഗൃഹസന്ദര്‍ശനങ്ങള്‍ക്ക് പ്രാധാന്യംനല്‍കിയാണ് എല്‍.ഡി.എഫിന്റെയും പ്രവര്‍ത്തനം. യു.ഡി.എഫ്. പ്രവര്‍ത്തനം കൂടുതലും കാടിളക്കിയാണ്. ഇതായിരുന്നു ശശി തരൂര്‍ തന്നെ പ്രവര്‍ത്തനത്തെക്കുറിച്ച് പരാതി പറയാന്‍ കാരണം. ഇതോടെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നിടത്ത് വീതം യു.ഡി.എഫും എല്‍.ഡി.എഫും വിജയിച്ചു. ബി.ജെ.പി. ഒരു സീറ്റിലും.

Content HIghlights: lokasabha elecion 2019, thiruvanathapuram constituency