തിരുവന്തപുരം:  വാശിയേറിയ തിരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിച്ചവര്‍ ഒന്നിച്ച് കേക്ക് മുറിച്ച് മധുരം പങ്കിട്ടു. നാളെ ജയം ആര്‍ക്കാണെങ്കിലും ഞങ്ങള്‍ ജനങ്ങള്‍ക്ക് ഒപ്പമാണെന്ന് പറഞ്ഞു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.ദിവാകരനുമാണ് ഫലപ്രഖ്യാപനത്തിന്റെ തലേന്ന് തിരഞ്ഞെടുപ്പ് കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം ഒരുമിച്ച് ഉത്ഘാടനം ചെയ്തത്. പുഞ്ചിരിക്കുന്ന സ്‌മൈലി രൂപം വരച്ച കേക്ക് മുറിച്ച് പരസ്പരം വായില്‍ വെച്ചു കൊടുത്തപ്പോള്‍ ഇരുവരും ചിരിച്ചു. സദസിലും ചിരി പടര്‍ന്നു.

കാര്‍ട്ടൂണുകള്‍ ആസ്വദിക്കുന്ന ആളാണ് താനെന്നും ജനാധിപത്യത്തിന്റെ വളര്‍ച്ചയ്ക്ക് കാര്‍ട്ടൂണ്‍ ക്രിയാത്മകമായ പങ്കുവഹിക്കുന്നുണ്ടെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. ''വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ളവര്‍ക്കും ഒപ്പം ചര്‍ച്ച ചെയ്യാനും ഒന്നിച്ച് ചിരിക്കാനുമുള്ള വേദികള്‍ ഉണ്ടാവണം.കാര്‍ട്ടൂണ്‍ അക്കാദമിയുടെയും ,പ്രസ് ക്ലബ്ബിന്റെയും പ്രദര്‍ശനം അഭിനന്ദനം അര്‍ഹിക്കുന്നു.' അഭിപ്രായഫലത്തെപ്പറ്റി ആശങ്കയില്ലെന്ന് ദിവാകരന്‍ പറഞ്ഞു. 'പത്രക്കാര്‍ക്ക് ഫലത്തെ കുറിച്ച് കണക്കു കൂട്ടാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ ജനത്തിന്റെ തീരുമാനം നാളെ അറിയാമല്ലോ. മത്സരവും ജയവും തനിക്ക് പുത്തരിയല്ല. ഒരു പക്ഷേ, നാളെയും മത്സരിക്കും.'' ചിന്തിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കാര്‍ട്ടൂണുകള്‍ക്ക് ജനാധിപത്യത്തില്‍ വലിയ പ്രസക്തിയുണ്ടെന്ന് ദിവാകരന്‍ പറഞ്ഞു.

കേരള കാര്‍ട്ടൂണ്‍ അക്കാദമിയും തിരുവനന്തപുരം പ്രസ് ക്ലബ്ബും ചേര്‍ന്നാണ് ചിരി പൂരം കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഒരുക്കിയത്  പ്രസ് ക്ലബ്ബ് സെക്രട്ടറി രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.  കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ കെ. ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. കാര്‍ട്ടൂണിസ്റ്റുകളായ സുകുമാര്‍, പി.വി.കൃഷ്ണന്‍, അക്കാദമി വൈസ് ചെയര്‍മാന്‍ പ്രതാപന്‍ പുളിമാത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തിരുവനന്തപുരം പ്രസ് ക്ലബ്ബും ചേര്‍ന്നാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടക്കുന്ന പ്രദര്‍ശനം 23 ന് വൈകുന്നേരം സമാപിക്കും.

38 കാര്‍ട്ടൂണിസ്റ്റുകളുടെ 101 രചനകള്‍ ജനങ്ങള്‍ക്ക് ചിരിയും ചിന്തയും സമ്മാനിക്കുന്നു. പ്രമുഖ ദിനപത്രങ്ങള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവയില്‍ വന്നവയാണ് സൃഷ്ടികള്‍. വിഷയങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് തെന്നിത്തെറിച്ച് നീങ്ങിയ വോട്ടെടുപ്പിന്റെ ഏഴ് ഘട്ടങ്ങളില്‍ ഉയര്‍ന്ന കാര്യങ്ങള്‍ വരകളിലുണ്ട്. ഒപ്പം രാഷ്ട്രീയ താരങ്ങളുടെ കാരിക്കേച്ചറുകളും.

Content Highlights: Election Cartoon Exhibition