തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി ജയിക്കുമെന്ന തരത്തിലുള്ള അഭിപ്രായ സർവേകൾ യഥാര്‍ഥത്തില്‍ തനിക്ക് കാര്യങ്ങള്‍ അനുകൂലമാക്കിയെന്ന് ശശി തരൂര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദി തരംഗം തിരുവനന്തപുരത്ത് പോലും പ്രകടമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

"തിരുവനന്തപുരം മണ്ഡലത്തില്‍ 250ഓളം പേരാണ് അഭിപ്രായ സര്‍വേയിൽ പങ്കെടുത്തത്. അതായത് ഓരോ നിയമസഭാ മണ്ഡലങ്ങളിൽ നിന്നും 36 പേര്‍വീതം. അതുകൊണ്ട് തന്നെ ഈ പ്രവചനത്തെ  രാഷ്ട്രീയം വിലയിരുത്തുന്നവര്‍ ഒരിക്കലും വിശ്വസിക്കില്ല. ഈ പ്രവചനങ്ങൾ ഗുണം ചെയ്യുക കോണ്‍ഗ്രസിനാണ്"- ശശി തരൂർ പറഞ്ഞു. 

ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ തനിക്ക് 25000 മുതല്‍ 30000 വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കും. 2009 ൽ ഒരു ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. എന്നാൽ 2014 ൽ അത് പതിനയ്യായിരത്തിലേക്ക് ചുരുങ്ങിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭാര്യ സുനന്ദപുഷ്‌കറിന്റെ മരണം തിരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റി. അന്ന് തനിക്ക് ലഭിച്ച വോട്ടിലും അത് പ്രകടമായിരുന്നു.  കൂടാതെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദി തരംഗം തിരുവനന്തപുരത്ത് പോലും ശക്തമായി പ്രകടമായിരുന്നു. യുവാക്കള്‍ പ്രതീക്ഷയോടെ ബി ജെ പി ക്ക് വോട്ട് നല്‍കി. എന്നാല്‍ അതൊന്നും ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാകില്ല."- മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറുമായുള്ള അഭിമുഖത്തിനിടെ അദ്ദേഹം വ്യക്തമാക്കി. 

പാറശാല, കോവളം, നെയ്യാറ്റിന്‍കര എന്നീ മണ്ഡലങ്ങളാണ് കോൺഗ്രസിന്റെ വോട്ട് ബാങ്ക്. ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമാകും. എങ്കില്‍പോലും അവരുടെ മുഴുവന്‍ വോട്ടുകളും കോണ്‍ഗ്രസിന് ലഭിക്കില്ല.  എന്നാല്‍ ആകെയുള്ള ഏഴ് മണ്ഡലങ്ങളിൽ നാലോ അഞ്ചോ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം നേടാന്‍ സാധിക്കും.

എല്ലാ വിഭാഗത്തിൽപ്പെടുന്നവരും ഉൾപ്പെടുന്നു എന്നതാണ് തിരുവനന്തപുരത്തിന്റെ പ്രത്യേകത. പ്രത്യേകിച്ച് ക്രിസ്ത്യൻ മുസ്ലീം ന്യൂനപക്ഷങ്ങൾ ഉൾപ്പെടുന്ന മണ്ഡലം. അവരുടെ  വോട്ടുകൾ മുഴുവനായി ആർക്കും ലഭിക്കാറില്ല. ഒരു പക്ഷേ രാജ്യത്ത്  ബി.ജെ.പി.ക്ക് പോലും അഞ്ച്  മുതൽ പത്ത് ശതമാനം മുസ്ലീം സമുദായ ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കാറുണ്ട്. അങ്ങനെ വോട്ട് ലഭിക്കുന്നത് പലപ്പോഴും സ്ഥാനാര്‍ഥിയോടുള്ള താത്പര്യത്തിന്റെ പ്രതിഫലനവുമാകാം. - അദ്ദേഹം പറഞ്ഞു. 

മണ്ഡലത്തിൽ തിര‍ഞ്ഞെടുപ്പ് പ്രചാരണം മന്ദഗതിയിലാണെന്ന് ആരോപിച്ച് എ ഐ സി സിക്ക് കത്തയച്ചൂവെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. ഞാന്‍ അങ്ങനെയൊരു കത്ത് അയച്ചിട്ടില്ല. ആദ്യ ഘട്ടത്തില്‍ മന്ദഗതിയിലായിരുന്നു പ്രചാരണം നടന്നുകൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ പ്രവര്‍ത്തകരെ ഒന്ന് ഉഷാറാക്കിയെടുക്കാന്‍ കുറച്ച് പ്രയാസപ്പെട്ടു. എന്നാല്‍ രണ്ടാംഘട്ടമായപ്പോഴേക്കും മണ്ഡലത്തില്‍ ശക്തമായി പ്രചാരണരംഗത്തേക്ക് എത്താന്‍ സാധിച്ചു. തലക്കേറ്റ പരിക്ക് പ്രചാരണ ഷെഡ്യൂളുകളെ അല്പം തെറ്റിച്ചെങ്കിലും രണ്ട് ദിവസങ്ങള്‍ കൊണ്ട് തന്നെ പ്രചാരണരംഗത്തേക്ക് തിരിച്ചെത്താന്‍ സാധിച്ചു- അദ്ദേഹം പറഞ്ഞു.

Content Highlights: Congress will win in Thiruvananthapuram,  Shashi tharoor , 2019 Loksabha Elections