കോട്ടയം: തിരഞ്ഞെടുപ്പിനുമുൻപ് വരുന്നത് മൂന്നു ഞായറാഴ്ചകൾ. അതിൽ ആദ്യത്തെ ഞായറാഴ്ച മുന്നണികൾ ലക്ഷ്യമിട്ടിരിക്കുന്നത് വീട് സന്ദർശനത്തിന്. വോട്ടർപട്ടികയിലെ ഒാരോ പേജിന്റെയും ചുമതല ഒാരോ പ്രവർത്തകനായി നൽകിയിരിക്കുന്ന കോൺഗ്രസും ബി.ജെ.പി.യും നേരത്തെ കയറിയ വീടുകളിൽ വീണ്ടുമെത്തും. ഒരു സ്ക്വാഡ് 50 വീടുകൾവരെ കയറണം എന്നാണ് സി.പി.എം. തീരുമാനം. എന്തായാലും അവധിദിവസം വോട്ടർമാർക്ക് മുന്നിൽ അതിഥികളായി രാഷ്ട്രീയക്കാർ ഉണ്ടാകും.
വേറിട്ട തന്ത്രങ്ങൾ ഒരുക്കിയാണ് അവസാന റൗണ്ടുകളിൽ മുന്നണികളുടെ നീക്കം. വിശ്വാസസംരക്ഷണവിഷയത്തിൽ പാർട്ടിയെ വിമർശിച്ച് പിണങ്ങിനിൽക്കുന്ന സമുദായ അംഗങ്ങളെ പ്രത്യേകം കാണാൻ പ്രാദേശികനേതാക്കളെ ചുമതലപ്പെടുത്തി. ആ സമുദായങ്ങളിലെ നേതാക്കൾക്കാണ് ചുമതല. ചെറുസംഘമായി വീട് കയറി സി.പി.എം. നിലപാട് അവതരിപ്പിക്കും. യുവതികളെ ശബരിമലയ്ക്ക് കൊണ്ടുപോകാൻ ശ്രമിച്ചില്ലെന്നും സുപ്രീംകോടതിവിധി നടപ്പാക്കുക ബാധ്യതയായിരുന്നുവെന്നുമാണ് ബോധ്യപ്പെടുത്തുക. പറഞ്ഞ് കാര്യങ്ങൾ വഷളാക്കരുതെന്ന് പ്രത്യേകം നിർദേശമുണ്ട്.
വിശ്വാസസംരക്ഷണം, പ്രളയം, രാഹുലിന്റെ വരവ് എന്നിവയാണ് കോൺഗ്രസ് ഉയർത്തിപ്പിടിക്കുക. അമിക്കസ് ക്യൂറി റിപ്പോർട്ട് പ്രളയബാധിതമേഖലകളിൽ കാര്യമായി ഉപയോഗിക്കും. വിശ്വാസികളെ സംസ്ഥാനസർക്കാർ വഞ്ചിച്ചുവെന്നാണ് അവതരിപ്പിക്കുക. അഞ്ച് റൗണ്ട് വീടുകയറ്റമാണ് കോൺഗ്രസ് തീരുമാനിച്ചത്. മഹാസമ്പർക്കം എന്നാണ് ബി.ജെ.പി.യുടെ വീടുകയറിയുള്ള പ്രചാരണത്തിന് നൽകിയിരിക്കുന്ന പേര്. ആർ.എസ്.എസ്. പ്രവർത്തകരുടെ നേതൃത്വത്തിലാണിത്. ശബരിമല കർമസമിതി സ്വന്തംനിലയിലും പ്രചാരണം നടത്തുന്നുണ്ട്. അക്കാലം മറക്കരുത് എന്ന രീതിയിൽ നടത്തുന്ന പ്രചാരണത്തിൽ ശബരിമലവിഷയം പറയാതെ പറയും. ചട്ടലംഘനം ഒഴിവാക്കാനാണിത്. എതിർപാർട്ടിക്കാരുടെ വീടുകളും മൂന്നുപാർട്ടികളും ഒഴിവാക്കില്ല.
content highlights: CPIM, election campaign, Sabarimala, LDF