കോഴിക്കോട്: തന്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്ന് പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്കെതിരെ ആലത്തൂരിലെ കോണ്‍ഗ്രസ് എം.പി. രമ്യാ ഹരിദാസ്. ടീച്ചര്‍ക്ക് നന്ദി എന്ന്‌ ഹാസ്യരൂപത്തില്‍ നന്ദി അറിയിച്ചുകൊണ്ട് രമ്യാ ഹരിദാസിന്റെ പേരിലുള്ള ഒരു പേജില്‍ നിന്ന് ഫേയ്‌സ്ബുക്ക് പോസ്റ്റ് പ്രചരിച്ച സാഹചര്യത്തിലാണ് അക്കൗണ്ട് തന്റേതല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അവര്‍ രംഗത്തെത്തിയിരിക്കുന്നത്. 

താന്‍ മനസ്സില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് തന്റേതല്ലാത്ത ഫേസ്ബുക്ക് പേജില്‍ വന്നത്. പല ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമുള്ള മറുപടികൂടിയായിരുന്നു ആലത്തൂരിലെ വിജയം. അതുകൊണ്ടുതന്നെ ആരേയും ആക്ഷേപിക്കാനോ പരിഹസിക്കാനോ ഇല്ല. ആരെയെങ്കിലും അധിക്ഷേപിക്കുന്നത് തന്റെ ശൈലിയല്ലെന്നും ഇത്തരം വ്യാജ അക്കൗണ്ടുകള്‍ അതുണ്ടാക്കിയവര്‍ പിന്‍വലിക്കണമെന്നും അവര്‍ ഫേയ്‌സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

ഒരു അക്കൗണ്ടും ഒരു പേജും മാത്രമാണ് തനിക്കുള്ളതെന്നും അതില്‍ മാത്രമാണ് താന്റെ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതെന്നും രമ്യാ ഹരിദാസ് വ്യക്തമാക്കി. അതിന്റെ ലിങ്കുകളും ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

ആലത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ ബിജുവിനെതിരെ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച രമ്യാ ഹരിദാസിന് പ്രചാരണ സമയത്ത് ഏറെ അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവന്നിരുന്നു. രമ്യാ ഹരിദാസ് ജീവിത സാഹചര്യങ്ങള്‍ പറഞ്ഞും പാട്ടുപാടിയും വോട്ടു പിടിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ദീപാ നിശാന്ത് പരിഹാസവുമായി രംഗത്തെത്തിയിരുന്നു. ദീപാ നിശാന്തിന്റെ പരിഹാസത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

കവി എസ്. കലേഷിന്റെ കവിത മോഷ്ടിച്ച് സ്വന്തം പേരില്‍ ഒരു മാസികയില്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ദീപാ നിശാന്ത് വലിയ വിമര്‍ശനം നേരിട്ടിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഇവര്‍ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.

Content Highlights: Ramya haridas facebook post on fake account, Deepa nishanth