കോഴിക്കോട്: പാക് സൃഷ്ടാക്കളുമായും ജിഹാദികളുമായും സഖ്യമുണ്ടാക്കിയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. വിഭജനത്തിന്റെ വിത്ത് വീണ്ടും സൃഷ്ടിക്കാനാണ് ശ്രമം. ഇന്ത്യ എന്ന പൊതുവികാരം ഉയര്‍ത്തിപ്പിടിക്കുന്നതിന് പകരം രാജ്യത്തെ ഉത്തരേന്ത്യയെന്നും ദക്ഷിണേന്ത്യയെന്നും രാഹുല്‍ വിഭജിക്കുകയാണെന്നും കൃഷ്ണദാസ് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

രാഹുല്‍ മത്സരിക്കുമ്പോള്‍ ഗുണഭോക്താക്കള്‍ സി.പി.എം കൂടിയാണ്. സി.പി.എമ്മിനെതിരേ താന്‍ ഒരക്ഷരം പറയില്ലെന്ന രാഹുലിന്റെ പ്രസ്താവന ഇതാണ് വ്യക്തമാക്കുന്നത്. ഇത് അപകടകരമായ പ്രവണതയാണെന്നും വയനാട്ടിലെ ദേശ സ്‌നേഹികള്‍ ഇതിന് മറുപടി നല്‍കുമെന്നും കൃഷ്ണദാസ് പറഞ്ഞു. 

മുസ്‌ലിം ലീഗ് വൈറസാണെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് തുടര്‍ച്ചയെന്നോണമാണ് യോഗിയുടെ നിലപാടിനെ പിന്തുണച്ച് കൊണ്ട് പി.കെ കൃഷ്ണദാസ് രംഗത്തെത്തിയിരിക്കുന്നത്. യോഗി ആദിത്യനാഥ് മാത്രമല്ല ജവഹര്‍ലാല്‍ നെഹ്‌റു ലീഗിനെ വിശേഷിപ്പിച്ചത് ചത്തകുതിരയെന്നാണ്. ഇത് അംഗീകരിക്കുന്നില്ലെങ്കില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നിലപാടിനെ തള്ളിപ്പറയാന്‍ രാഹുല്‍ഗാന്ധി തയ്യാറാവുമോയെന്നും കൃഷ്ണദാസ് ചോദിച്ചു. 

ദൈവനാമം പറയുന്നത് പോലും നിയമം കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിലക്കിയിരിക്കുകയാണ്. വിശ്വാസ സംരക്ഷണത്തിനായി ജനാധിപത്യപരമായ രീതിയില്‍ സമരം ചെയ്ത കോഴിക്കോട് എന്‍.ഡി.എ സ്ഥാനാര്‍ഥിയെ പോലും സംസ്ഥാന സര്‍ക്കാര്‍ ജയിലിലടച്ചു. ഓരോ ദിവസവും ബി.ജെ.പി നേതാക്കളെ ജയിലിലടക്കുകയാണ്. വിശ്വാസികളെ മുന്നില്‍ നിന്ന് കുത്തിയ സിപിഎമ്മും പിന്നില്‍ നിന്ന് കുത്തിയ കോണ്‍ഗ്രസും തമ്മില്‍ കോമാ സഖ്യമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം ആരോപിച്ചു