കോഴിക്കോട്: ഇതേ നിലക്ക് പോകുകയാണെങ്കില്‍ 2030 ആകുമ്പോഴേക്കും അമേരിക്കയെ തള്ളി മാറ്റി ഇന്ത്യ ലോകത്തെ ഒന്നാമത്തെയോ രണ്ടാമത്തെയോ സാമ്പത്തിക ശക്തിയായി മാറുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള.

അങ്ങനെ അന്താരാഷ്ട്ര സമൂഹം പ്രഖ്യാപിക്കപ്പെട്ട ഒരു കാലഘട്ടത്തിലേക്ക് നമ്മള്‍ എത്തിയിരിക്കുന്നു. നമ്മള്‍ ഇറക്കിയ പ്രകടപത്രികയിലെ കണക്ക് പ്രകാരം 345 ലക്ഷം കോടി രൂപ ഉള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുക എന്ന് പറഞ്ഞാല്‍ അടുത്ത മൂന്ന് കൊല്ലത്തിനുള്ളില്‍ മൂന്നാമത്തെ ശക്തിയായി മാറും. അത് കഴിഞ്ഞ് 2030 ആകുമ്പോള്‍ അമേരിക്കയെ തള്ളിമാറ്റി ഇന്ത്യ ഒന്നാമതോ രണ്ടാമതോ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വിജയ് സങ്കല്‍പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല സമരത്തിനായി ആദ്യമായിട്ടിറങ്ങിയ പ്രസ്ഥാനം ബിജെപിയാണ്. ശബരിമല സമരത്തിലെ പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പ് വിഷയമാക്കുമെന്ന് ഉറപ്പിച്ച് പറയുന്നു. അത് തടയാന്‍ ആര്‍ക്കും കഴിയില്ല. 

വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നരേന്ദ്ര മോദിയെന്ന അതുല്യ പ്രതിഭക്ക് പകരം മോദി മാത്രമേയുള്ളൂവെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. ബിജെപി പ്രകടനപത്രികയില്‍ ശബരിമല വിഷയം ഉള്‍പ്പെടുത്തിയതിന് അദ്ദേഹം മോദിക്ക് നന്ദി അറിയിക്കുകയും ചെയ്തു.

Content Highlights: ps sreedharan pillai-bjp-kozhikode rally-pm modi