കോഴിക്കോട്: ഫെയ്‌സ്ബുക്കിലെ സി പി എം അനുകൂല പേജ് 'പോരാളി ഷാജി'ക്ക് ബദലുമായി കോണ്‍ഗ്രസ്. 'പോരാളി വാസു' എന്നാണ് കോണ്‍ഗ്രസ് അനുകൂല പേജിന്റെ പേര്. സി പി എമ്മിന്റെ സൈബര്‍ മുഖമായി പരിഗണിക്കപ്പെടുന്ന പോരാളി ഷാജിയില്‍ നിലവില്‍ അഞ്ചുലക്ഷത്തിലധികം അംഗങ്ങളാണുള്ളത്. എന്നാല്‍ സൈബര്‍ ഇടത്തെ പുതുമുഖമായ വാസുവില്‍ അംഗങ്ങള്‍ താരതമ്യേന കുറവാണ്. ഇരുപത്തയ്യായിരം അംഗങ്ങളാണ് ഉള്ളത്. 

രാഷ്ട്രീയ എതിരാളികള്‍ക്കു നേരെ കുറിക്കുകൊള്ളുന്ന ട്രോളുകള്‍ അവതരിപ്പിക്കുക, നേതാക്കളുടെ തീപ്പൊരി പ്രസംഗങ്ങള്‍ പങ്കുവയ്ക്കുക തുടങ്ങിയവയാണ് ഇരു പേജുകളും ചെയ്യുന്നത്. തിരഞ്ഞെടുപ്പുകാലമായതോടെ പാര്‍ട്ടികളുടെ സൈബര്‍ പോരാളികള്‍ക്കും തിരക്കേറിയിരിക്കുകയാണ്. സാമൂഹികമാധ്യമങ്ങളില്‍ തങ്ങളുടെ നേതാക്കള്‍ക്ക് സ്വീകാര്യത ഉറപ്പാക്കുക, എതിരാളികളുടെ മുന്‍കാല പോസ്റ്റുകളും നയവ്യതിയാനങ്ങളും കുത്തിപ്പൊക്കുക തുടങ്ങിയ ചുമതലകളും ഇത്തരം പേജുകള്‍ നിര്‍വഹിക്കാറുണ്ട്.

സി പി എം സൈബര്‍ പോരാളികള്‍, കൊണ്ടോട്ടി സഖാക്കള്‍, അമ്പാടിമുക്ക് സഖാക്കള്‍, സി പി എം സൈബര്‍ സഖാക്കള്‍ തുടങ്ങിയവ സൈബര്‍ ഇടത്തിലെ സി പി എം അനുകൂല പേജുകളാണ്. എന്റെ കോണ്‍ഗ്രസ് പാര്‍ട്ടി, കോണ്‍ഗ്രസ് മിഷന്‍ 2019, ഒരുമയോടെ യു ഡി എഫ് തുടങ്ങിയവ കോണ്‍ഗ്രസ് അനുകൂല പേജുകളാണ്.

content highlights: porali shaji and porali vasu