പൊന്നാനി: എസ്.ഡി.പി.ഐ. നേതാക്കളുമായി മുസ്ലീം ലീഗ് സ്ഥാനാര്‍ഥികളും എം.പി.മാരുമായ ഇ.ടി. മുഹമ്മദ് ബഷീറും പി.കെ. കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ച നടത്തിയത് പൊന്നാനിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യവിഷയമാകുന്നു. ലീഗ്-എസ്.ഡി.പി.ഐ. നേതാക്കള്‍ ഹോട്ടല്‍മുറിയിലേക്ക് പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങളും വാര്‍ത്തകളും പുറത്തുവന്നതോടെ സാമൂഹികമാധ്യമങ്ങളിലടക്കം മുസ്ലീം ലീഗിനെതിരായ പോസ്റ്റുകളും ട്രോളുകളും പ്രചരിക്കുകയാണ്.
എസ്.ഡി.പി.ഐ.യുമായി ഒരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നതിനിടെയും ഇ.ടിയും പി.കെ. കുഞ്ഞാലിക്കുട്ടിയും എസ്.ഡി.പി.ഐ. നേതാക്കളുമായി എന്തുകാര്യം ചര്‍ച്ച ചെയ്യാനാണെന്നാണ് സാമൂഹികമാധ്യമങ്ങളിലെ ചോദ്യം.
എന്നാല്‍ രഹസ്യ ചര്ച്ചനടത്താനാണെങ്കില് സര്‍ക്കാര്‍ ഹോട്ടലില്‍ നടത്തുമോ, മറ്റെവിടെയെങ്കിലും നടത്തിക്കൂടെ എന്നാണ് ലീഗ് നേതാക്കള്‍ ചോദിക്കുന്നത്. തന്നെയുമല്ല പി.കെ കുഞ്ഞാലിക്കുട്ടി ഹോട്ടലിലേക്ക് എത്തുകയും കൃത്യം ആറ് മിനിറ്റിനുള്ളില്‍ തിരിച്ചുപോകുന്നതും വീഡിയോയിലുണ്ട്.
യാദൃച്ഛികമായി എസ്ഡിപിഐ നേതാക്കളെ അവിടെ വച്ച് കണ്ടതാണ് അല്ലാതെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൂടിക്കാഴ്ചയല്ല എന്നും അവര്‍ വിശദീകരിക്കുന്നു. മുന്‍കൂട്ടി ഉറപ്പിച്ച ചര്‍ച്ചയാണോ അതോ എസ്ഡിപിഐ നേതാക്കളെ കണ്ടതോടെ കുഞ്ഞാലിക്കുട്ടി അധികം തങ്ങാതെ മടങ്ങുകയായിരുന്നോ എന്നും സംശയിക്കപ്പെടുന്നു.
അപ്പോഴും കൂടിക്കാഴ്ച എസ്ഡിപിഐ നേതാക്കള്‍ സ്ഥിരീകരിച്ചതോടെയാണ് ലീഗ് പ്രതിരോധത്തിലായത്.
പൊന്നാനി ലോക്സഭ തിരഞ്ഞെടുപ്പ് തന്നെയാണ് ഇത്തരമൊരു രഹസ്യകൂടിക്കാഴ്ചയിലേക്ക് ലീഗിനെ നയിച്ചതെന്നാണ് സൂചന. പൊന്നാനിയില്‍ കഴിഞ്ഞതവണ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ് സംഭവിച്ചതും ഇത്തവണ പി.വി. അന്‍വര്‍ എതിരാളിയായെത്തിയതും ലീഗിനെ ആശങ്കയിലാഴ്ത്തയിരുന്നു. ഈ സാഹചര്യത്തിലാണ് പൊന്നാനിയില്‍ കഴിഞ്ഞതവണ 25000-ലധികം വോട്ട് നേടിയ എസ്.ഡി.പി.ഐ. നേതാക്കളുമായി ലീഗ് നേതാക്കള്‍ രഹസ്യകൂടിക്കാഴ്ച നടത്തിയതെന്നതാണ് ശ്രദ്ധേയം.
അതിനിടെ എസ്.ഡി.പി.ഐ. നേതാക്കളുമായി ഇത്തരത്തിലുള്ള ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ ആവര്‍ത്തിച്ചുപറയുമ്പോള്‍ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംസാരിച്ചെന്നായിരുന്നു എസ്.ഡി.പി.ഐ. നേതാക്കളുടെ പ്രതികരണം. ഇരുവിഭാഗം നേതാക്കളുടെയും വ്യത്യസ്തമായ ഈ പ്രതികരണങ്ങള്‍ തന്നെയാണ് രാഷ്ട്രീയ എതിരാളികള്‍ എടുത്തുകാണിക്കുന്നത്.
നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍ പൊന്നാനിയില്‍ സ്ഥാനാര്‍ഥിയായി എത്തിയതോടെ മുസ്ലീംലീഗിനും യു.ഡി.എഫിനും കാര്യങ്ങള്‍ അത്ര പന്തിയാകില്ലെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. പി.വി. അന്‍വറിനൊപ്പം വി. അബ്ദുറഹിമാന് എം.എല്‍.എ., നിയമസഭ തിരഞ്ഞെടുപ്പില്‍ പി.കെ. അബ്ദുറബ്ബിനെ വിറപ്പിച്ച നിയാസ് പുളിക്കലകത്ത് തുടങ്ങിയ നേതാക്കളും പ്രചാരണത്തില്‍ സജീവമായതോടെ ലീഗ് കേന്ദ്രങ്ങളില്‍ ആശങ്ക വര്‍ധിക്കുകയും ചെയ്തു. ഇതിനിടെ മണ്ഡലത്തില്‍ നിലനില്‍ക്കുന്ന ലീഗ്-കോണ്‍ഗ്രസ് തര്‍ക്കങ്ങളും അന്‍വറിന് അനുകൂലമാകുമെന്നും യു.ഡി.എഫ്. കേന്ദ്രങ്ങള്‍ ഭയപ്പെടുന്നു.
കഴിഞ്ഞദിവസം പി.വി. അന്‍വറുമായി ഡി.സി.സി. നേതാവ് കൂടിക്കാഴ്ച നടത്തിയത് യു.ഡി.എഫിനുള്ളില്‍ വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. ഇത്തരത്തില്‍ കോണ്‍ഗ്രസില്‍നിന്ന് വിമതശല്യം ഉണ്ടാകാതിരിക്കാന്‍ മുസ്ലീംലീഗ് നേതൃത്വവും അണികളും ജാഗ്രത പാലിക്കുന്നതിനിടെയാണ് ഇടിത്തീപ്പോലെ കൊണ്ടോട്ടിയിലെ രഹസ്യ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.
കൊണ്ടോട്ടി കെ.ടി.ഡി.സി. ഹോട്ടലില്‍ എന്താണ് സംഭവിച്ചതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും അണികളോടും വോട്ടര്‍മാരോടും വിശദീകരിക്കേണ്ടിവരുമെന്ന് തീര്‍ച്ചയാണ്. അതിനിടെ എസ്.ഡി.പി.ഐക്കെതിരേ നിരന്തരം രംഗത്തുവരുന്ന കെ.എം. ഷാജിയും ഈ സംഭവത്തില്‍ എങ്ങനെ പ്രതികരിക്കുമെന്നതും രാഷ്ട്രീയലോകം ഉറ്റുനോക്കുന്നു.
ലീഗ്-എസ്.ഡി.പി.ഐ. കൂടിക്കാഴ്ചയുടെ വാര്‍ത്തകള്‍ പുറത്തുവന്നതോടെ മുസ്ലീംലീഗിനെതിരായ ശക്തമായ പ്രചാരണായുധമാണ് സി.പി.എമ്മിന് ലഭിച്ചിരിക്കുന്നത്. വരുംദിവസങ്ങളില്‍ പൊന്നാനിയില്‍ സി.പി.എം. ഉന്നയിക്കുന്ന പ്രധാന രാഷ്ട്രീയ വിഷയവും ഇതുതന്നെയായിരിക്കും.
Content Highlights: sdpi muslim league leaders secret meeting in kondotty ktdc hotel, ldf allegations and campaign against iuml in ponnani