തിരൂര്‍: പൊന്നാനിയില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം നല്കിയപ്പോള് വലിയ ആശയക്കുഴപ്പത്തില്‍ അകപ്പെട്ടിരിക്കുകയാണ് ഇടതുമുന്നണി. ഒരേ പേരിലുള്ള അപരന്മാര് മത്സരത്തിനിറങ്ങിയപ്പോള്‍ ഒരിക്കലും ചിഹ്നത്തിലൂടെ പണികിട്ടുമെന്ന് ഇടതുപ്രവര്‍ത്തകര്‍ സ്വപ്നത്തില്‍പോലും കരുതിയിട്ടുണ്ടാവില്ല. ഇടതുസ്വതന്ത്രനായ പി.വി. അന്‍വറിന് പ്രതീക്ഷിച്ച ചിഹ്നം കിട്ടാത്തതും മണ്ഡലത്തില്‍ സുപരിചിതമായ കപ്പും സോസറും ചിഹ്നം അതേപേരിലുള്ള അപരന് പി.വി. അന്‍വറിന് നറുക്കെടുപ്പിലൂടെ ലഭിച്ചതുമാണ് ഇടതുമുന്നണിക്ക് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
2014 ലോക്സഭ തിരഞ്ഞെടുപ്പ് മുതലാണ് കപ്പും സോസറും പൊന്നാനിയിലെ വോട്ടര്‍മാര്‍ക്കിടയില്‍ സുപരിചിതമായത്. ഇടതുസ്വതന്ത്രനായി മത്സരിച്ച വി. അബ്ദുറഹിമാന് കപ്പും സോസറും ചിഹ്നത്തിലായിരുന്നു 2014 ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 2015-ല്‍ നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും കപ്പും സോസറും ചിഹ്നം പലയിടത്തും ഇടതുസ്ഥാനാര്‍ഥികള്‍ സ്വന്തമാക്കി. വി. അബ്ദുറഹിമാന് കപ്പും സോസറിനും നേടിക്കൊടുത്ത പ്രശസ്തി തന്നെയായിരുന്നു തദ്ദേശതിരഞ്ഞെടുപ്പിലും കപ്പും സോസറിനും ഡിമാന്‍ഡുണ്ടാകാന്‍ കാരണം. ജനകീയ മുന്നണിയെന്ന പേരില്‍ മുസ്ലീംലീഗിനെതിരേ സി.പി.എമ്മും കോണ്‍ഗ്രസും മറ്റുരാഷ്ട്രീയ കക്ഷികളും അണിനിരന്ന പല വാര്‍ഡുകളിലും ജനകീയ മുന്നണി സ്ഥാനാര്‍ഥികളുടെ ചിഹ്നം കപ്പും സോസറുമായി.
2016-ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ് കപ്പും സോസറും പിന്നീട് രംഗത്തെത്തിയത്. താനൂരില്‍ ഇടതുസ്വതന്ത്രനായി മത്സരിച്ച വി. അബ്ദുറഹിമാന് വീണ്ടും കപ്പും സോസറും ചിഹ്നത്തില്‍ ജനവിധി തേടി. നേരത്തെ ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കിടയില്‍ ചിഹ്നം സുപരിചിതമായതോടെ ഇടതുമുന്നണിക്ക് ചിഹ്നം പരിചയപ്പെടുത്താന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവന്നില്ല. 2016-ലെ തിരഞ്ഞെടുപ്പില്‍ കപ്പും സോസറും ചിഹ്നത്തില്‍ മത്സരിച്ച വി. അബ്ദുറഹിമാന് മുസ്ലീം ലീഗിനെതിരേ അട്ടിമറി വിജയംനേടുകയും ചെയ്തു.
2019-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍ പൊന്നാനിയില്‍ സ്ഥാനാര്‍ഥിയായി എത്തിയതോടെ ഇടതുക്യാമ്പ് ആവേശത്തിലായി. ഇത്തവണയും കപ്പും സോസറും ചിഹ്നത്തില്‍ മത്സരിക്കാമെന്നായിരുന്നു ഇടതുമുന്നണിയുടെ കണക്കുക്കൂട്ടല്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ കപ്പും സോസറും, ഓട്ടോറിക്ഷ, കത്രിക എന്നീ ചിഹ്നങ്ങളാണ് പി.വി. അന്‍വര്‍ ആവശ്യപ്പെട്ടത്. പക്ഷേ, അപരന്മാരായി പത്രിക നല്കിയ പി.വി. അന്‍വര്‍ റസീന മന്സിലും മറ്റുള്ള മൂന്നുപേരും കപ്പും സോസറും ആവശ്യപ്പെട്ടതോടെ പൊന്നാനിയിലെ ചിഹ്നത്തില്‍ തര്‍ക്കം ഉടലെടുത്തു. കപ്പും സോസറിനുമായി നറുക്കെടുപ്പ് നടത്തിയെങ്കിലും ഭാഗ്യം തുണച്ചത് ഇടതുസ്വതന്ത്രന്റെ അപരനായ പി.വി. അന്‍വര്‍ റസീന മന്സിലിന്. ഇടതുസ്വതന്ത്രന് പി.വി. അന്‍വര്‍ രണ്ടാതായി ആവശ്യപ്പെട്ട ഓട്ടോറിക്ഷ എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥിക്കും ലഭിച്ചു. ഇതോടെ പൊന്നാനിയിലെ ഇടതുസ്വതന്ത്രന്റെ ചിഹ്നം കത്രികയായി.
എന്നാല്‍ കപ്പും സോസറുമാണ് ഇടതുസ്വതന്ത്രന്റെ ചിഹ്നമെന്ന രീതിയില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. ഇതോടെ ഇടതുസ്വതന്ത്രനായ പി.വി. അന്‍വറും ഇടതുമുന്നണിയും കത്രിക ചിഹ്നം വോട്ടര്‍മാരിലേക്ക് എത്തിക്കാനുള്ള നെട്ടോട്ടത്തിലാണ്. തനിക്കെതിരേ കുപ്രാചരണം നടത്തുന്നവര്‍ക്കെതിരേ പി.വി. അന്‍വര്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. നേരത്തെ പി.വി. അന്‍വര്‍ എന്നുമാത്രമാണ് പോസ്റ്ററുകളില്‍ പേര് നല്കിയിരുന്നതെങ്കില് ഇപ്പോള്‍ പി.വി. അന്‍വര്‍ പുത്തന്‍വീട്ടില്‍ എന്ന മുഴുവന്‍പേരും പതിച്ചിട്ടുണ്ട്. അപരശല്യം ചെറുക്കാനായി സാമൂഹിക മാധ്യമങ്ങളിലൂടെയും ഇടതുമുന്നണി പ്രചാരണം നടത്തുന്നു.
ഇടതുസ്വതന്ത്രനായി മത്സരിക്കുന്ന പി.വി. അന്‍വറിനെതിരേ രണ്ട് അപരന്മാരാണ് പൊന്നാനിയില്‍ മത്സരരംഗത്തുള്ളത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ് ബഷീറിനെതിരേ മൂന്ന് ബഷീറുമാരും മത്സരിക്കുന്നു.
Content Highlights: ponnani loksabha election; pv anvar and other candidates election symbol controversy