ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ്‌ പൊന്നാനി. യു.ഡി.എഫ്. സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ് ബഷീറും എല്‍.ഡി.എഫ്. സ്വതന്ത്രസ്ഥാനാര്‍ഥി പി.വി. അന്‍വറും തമ്മിലാണ് പ്രധാനമത്സരം. മുസ്ലീംലീഗിന്റെ ഉറച്ച മണ്ഡലമായ പൊന്നാനിയില്‍ ഇത്തവണ അട്ടിമറി വിജയം നേടാമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. നിലമ്പൂര്‍ എം.എല്‍.എ.യായ അന്‍വറിനെ രംഗത്തിറക്കിയതിലൂടെ അട്ടിമറി ഉറപ്പാണെന്നാണ് ഇടതമുന്നണി പറയുന്നത്. നിലമ്പൂരില്‍ കോണ്‍ഗ്രസിനെതിരെ അട്ടിമറി വിജയം നേടി ശ്രദ്ധനേടിയ പി.വി. അന്‍വര്‍ പൊന്നാനിയിലും ചരിത്രം ആവര്‍ത്തിക്കുമോ. പി.വി. അന്‍വര്‍ തന്നെ പറയുന്നു. 

നിലമ്പൂരില്‍നിന്ന് പൊന്നാനിയിലേക്ക്

നിലമ്പൂരില്‍ എന്നെ എം.എല്‍.എയാക്കിയത് ഇടതുപക്ഷമാണ്. അവര്‍ പൊന്നാനിയിലെ സ്ഥാനാര്‍ഥിയാകാന്‍ ആവശ്യപ്പെടുമ്പോള്‍ അത് ഏറ്റെടുക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. ഇടതുപക്ഷം എന്നോട് സ്ഥാനാര്‍ഥിയാകാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അത് ഏറ്റെടുത്തു, മത്സരംഗത്തിറങ്ങി. 

ലീഗ് കോട്ടയായ പൊന്നാനിയില്‍ വിജയിക്കുമെന്ന ആത്മവിശ്വാസം... 

പൊന്നാനിയില്‍ വിജയിക്കുമെന്ന് നൂറുശതമാനം ആത്മവിശ്വാസമുണ്ട്. ഉറച്ചകോട്ടകളാണല്ലോ ഇളകുക. ഉറച്ചകോട്ടകള്‍ ഇളകുമ്പോള്‍ വലിയ ശബ്ദമുണ്ടാകും. ആ ശബ്ദം ഇത്തവണ കേള്‍ക്കാം

ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കിയ മണ്ഡലമാണ് പൊന്നാനി. മണ്ഡലത്തിലെ കോണ്‍ഗ്രസ് വോട്ടുകള്‍ സമാഹരിക്കാനാകുമെന്ന് പ്രതീക്ഷയുണ്ടോ

ഇ.ടി. മുഹമ്മദ് ബഷീറിനെതിരേ കോണ്‍ഗ്രസില്‍നിന്ന് മാത്രമല്ല മുസ്ലീം ലീഗില്‍നിന്നുപോലും എതിര്‍പ്പുകളുണ്ട്. ഏതൊരു നാട്ടിലും ബഹുജന സമൂഹമുണ്ടാകും. അവരും ഇ.ടി. മുഹമ്മദ് ബഷീറിനെതിരേ യു.ഡി.എഫിനോട് എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഇ.ടി. ഒരു വികസനവിരോധിയാണ്, മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കാത്തയാളാണ് തുടങ്ങിയ പരാതികള്‍ സമൂഹത്തിലെ പല സംഘടനകളും മുസ്ലീം ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഈ എതിര്‍പ്പുകളെയെല്ലാം അവഗണിച്ചാണ് ഇ.ടി. മുഹമ്മദ് ബഷീര്‍ വീണ്ടും പൊന്നാനിയില്‍ സ്ഥാനാര്‍ഥിയായിരിക്കുന്നത്. 

ഭൂമി കയ്യേറ്റ വിവാദങ്ങളും ആരോപണങ്ങളും...

എല്ലാ ആരോപണങ്ങളെയും ഇതുവരെ എങ്ങനെ അതിജീവിച്ചോ അതുപോലെ തന്നെ ഇനിയും അതിജീവിക്കും. ഞാന്‍ കയ്യേറിയത് മനുഷ്യരുടെ മനസുകളാണ്. മനുഷ്യരുടെ മനസുകളുടെ പുറത്തുനില്‍ക്കുന്നവര്‍ക്ക് ഞാന്‍ ജനമനസുകളിലൂടെ യാത്രചെയ്യുന്നത് സഹിക്കാനാകില്ല. ആ കയ്യേറ്റം ഞാന്‍ നിലമ്പൂരിലും നടത്തിയിട്ടുണ്ട്. പൊന്നാനിയിലും ജനഹൃദയങ്ങളാണ് ഞാന്‍ കയ്യേറുന്നത്. പൊന്നാനിയും നിലമ്പൂരും തമ്മില്‍ ഏതാനും കിലോമീറ്ററുകളുടെ ദൂരംമാത്രമേയുള്ളു. അതിനാല്‍ ഇവിടെയുള്ളവര്‍ക്ക് നിലമ്പൂരിലുള്ളവരുമായി ബന്ധപ്പെട്ടാല്‍ അതിന്റെ വാസ്തവം അറിയാനാകും. 

വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആരംഭിച്ച സ്ഥാപനങ്ങളെ സംബന്ധിച്ചാണ് പല ആരോപണങ്ങളും ഉയര്‍ന്നുവന്നത്. ഇതൊന്നും എം.എല്‍.എ ആയതിനുശേഷം ഉണ്ടാക്കിയതല്ല. പൊതുജനങ്ങള്‍ക്ക് ഒന്നും കൊടുക്കാതെ പൊതുമുതല്‍ എടുത്തുശീലിച്ചവരാണ് ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യുമ്പോള്‍ അവര്‍ പതറിപ്പോകുന്നു. അതിനാല്‍ അവര്‍ക്ക് മറ്റുമാര്‍ഗങ്ങളില്ലാത്തതിനാലാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. 


പി.വി. അന്‍വര്‍ എന്ന സ്ഥാനാര്‍ഥിയെ എതിരാളികള്‍ ഭയക്കുന്നുണ്ടോ

അത് എനിക്കാന്‍ പറയാന്‍ പറ്റില്ലല്ലോ, ഞാനൊരു സാധാരണക്കാരനാണ്. ഒരു റോഡിനെ അരികുപ്പറ്റി നടക്കാന്‍ ഇഷ്ടപ്പെടുന്നയാള്‍. ഞാനൊരു കൊമ്പുവച്ച് നടക്കാറില്ല. ഖുര്‍ആനില്‍ ഒരു വാചകമുണ്ട്- നിങ്ങള്‍ ഭൂമിയിലൂടെ അഹങ്കാരത്തോടെ നടക്കരുത്, നിങ്ങള്‍ക്ക് ഭൂമിയെ പിളര്‍ത്താനാകില്ല. അഹങ്കാരികളായി നടക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഞാന്‍ സാധാരണക്കാര്‍ക്കൊപ്പം ഇടപഴകുകയും അവരോടൊപ്പം സമയം ചിലവിടുകയും ചെയ്യുന്നയാളാണ്. നിലമ്പൂരിലെ എം.എല്‍.എയായിട്ടും അങ്ങനെതന്നെയാണ് രീതി. ഇതെല്ലാം കാണുമ്പോള്‍ ജനങ്ങള്‍ക്ക് അത്ഭുതമാണ്. എന്നാല്‍ ചിലരുടെ ധാരണ എം.എല്‍.എ.യോ എം.പിയോ ആയാല്‍ കിരീടം വെയ്ക്കാത്ത രാജാവിനെപ്പോലെ ബലംപിടിച്ച് നടക്കണമെന്നാണ്. പക്ഷേ, ഒരു എം.എല്‍.എയാണെന്ന് എനിക്കുതന്നെ ഓര്‍മ്മയുണ്ടാകാറില്ല. 

ജീവിതത്തില്‍ പല മന്ത്രിമാരെയും ജനപ്രതിനിധികളെയും കണ്ടയാളാണ് ഞാന്‍. എന്നും മന്ത്രിയും എം.പി.യുമായി നടക്കുന്നവര്‍ക്ക് അവരുടെ അഹങ്കാരം കൊണ്ട് ഇത്തരം സ്ഥാനമില്ലാത്ത ഘട്ടവും വരും. അതിനാല്‍ സ്ഥാനങ്ങളൊന്നും ഇല്ലാത്ത ഘട്ടത്തില്‍ എങ്ങനെ ജീവിക്കുന്നുവോ അതുപോലെതന്നെ എല്ലാസമയത്തും ജീവിക്കുന്നയാളാണ് ഞാന്‍. അതിനാല്‍ ജനങ്ങള്‍ എല്ലാസമയത്തും നമ്മളോടൊപ്പമുണ്ടാവും. 


മുസ്ലീം ലീഗ് എസ്ഡിപിഐ രഹസ്യ കൂടിക്കാഴ്ച, വെല്‍ഫയര്‍ പാര്‍ട്ടിയുടെ യു.ഡി.എഫ്. പിന്തുണ...

കേരളത്തിലെ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് പ്രധാനമത്സരം. പൊന്നാനിയിലും അങ്ങനെയായിരുന്നു. എന്നാല്‍ പൊന്നാനിയിലെ ചിത്രം ഇപ്പോള്‍ മാറി. പൊന്നാനിയില്‍ യു.ഡി.എഫും ജനങ്ങളും തമ്മിലാണ് മത്സരം. മണ്ഡലത്തിലെ ജനങ്ങളാകെ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമ്പോള്‍ അങ്കലാപ്പിലായ യു.ഡി.എഫ്. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ കൂട്ടുപിടിക്കുന്നു. ഏത് വര്‍ഗീയകക്ഷികളായാലും വോട്ട് പെട്ടിയാകണമെന്നേ അവര്‍ക്കുള്ളു. അതുപോലെ തന്നെയാണ് വെല്‍ഫയര്‍ പാര്‍ട്ടിയുടെ പിന്തുണയും. ഇതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യുന്നില്ല. 

കേന്ദ്രത്തില്‍ ബി.ജെ.പി. സ്വീകരിക്കുന്ന അതേ വര്‍ഗീയ ധ്രുവീകരണമാണ് ഇവിടെ മുസ്ലീം ലീഗും ചെയ്യുന്നത്. അത് എതിര്‍ക്കപ്പെടേണ്ടതാണ്. ഇതെല്ലാം പൊന്നാനിയിലെ ജനങ്ങള്‍ തിരിച്ചറിയും. 


എം.പി. പരാജയമാണെന്ന എല്‍.ഡി.എഫ്. പ്രചാരണം...

പൊന്നാനിയിലെ നിലവിലെ എം.പി. പരാജയമാണെന്ന്  പൊന്നാനിയിലെ ജനങ്ങളാണ് പറയുന്നത്. ജനങ്ങളുമായി സംസാരിക്കുമ്പോള്‍ എം.പിയെക്കുറിച്ചുള്ള പരാതികള്‍ മാത്രമാണ് കേള്‍ക്കുന്നത്. എന്തിനെയെങ്കിലുംകുറിച്ച് പറയണമെങ്കില്‍ അതിനുവേണ്ടി ഈ മണ്ഡലത്തില്‍ അദ്ദേഹം ഒരുകാര്യവും ചെയ്തിട്ടില്ലല്ലോ. എന്തെങ്കിലും ചെയ്താല്‍ അല്ലേ അതിനെക്കുറിച്ച് പറയാനാകൂ. മണ്ഡലത്തിലൂടെ കടന്നുപോകുന്ന പ്രധാന ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാന്‍ ഒരു കത്ത് പോലും അദ്ദേഹം നല്‍കിയിട്ടില്ല. കേന്ദ്രീയ വിദ്യാലയമില്ലാത്ത ഏക മണ്ഡലമാണ് പൊന്നാനി. 

ആദ്യതവണ എം.പിയായതിന് ശേഷം രണ്ടാംതവണ മത്സരിക്കുമ്പോള്‍ ജനങ്ങളുടെ കൈയും കാലും പിടിച്ച് ഒരവസരം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മത്സരിച്ചത്. ആ അഞ്ചുവര്‍ഷവും ഒന്നുംചെയ്തില്ല. അദ്ദേഹം അദ്ദേഹത്തിന്റെയും മകന്റെയും സാമ്രാജ്യം വളര്‍ത്തുന്നതിലാണ് ശ്രദ്ധിച്ചത്. ഇതെല്ലാം മണ്ഡലത്തിലെ ജനങ്ങള്‍ കാണുന്നുണ്ട്. പ്രത്യേകിച്ചും യുവവോട്ടര്‍മാര്‍. അവര്‍ ഇക്കാര്യങ്ങളെല്ലാം സസൂക്ഷ്മം നിരീക്ഷിക്കുന്നവരാണ്. 

നിലമ്പൂരില്‍ മൂന്നുവര്‍ഷം കൊണ്ട് ഞാന്‍ 450 കോടി രൂപയുടെ വികസനപദ്ധതികള്‍ നടപ്പിലാക്കി. എന്നാല്‍ ഇ.ടി. മുഹമ്മദ് ബഷീറിനെ പൊന്നാനിയില്‍ എന്താണ് നടപ്പാക്കാന്‍ കഴിഞ്ഞത്? കോണിയും സ്വര്‍ഗവുമെല്ലാം പറഞ്ഞ് ഇനി ജനങ്ങളെ കബളിപ്പിക്കാനാകില്ല. ആ കാലമെല്ലാം കഴിഞ്ഞു. അതെല്ലാം വിശ്വസിക്കുന്ന തലമുറ മാറിക്കൊണ്ടിരിക്കുകയാണ്.

പൊന്നാനിയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്... 

മണ്ഡലത്തിലെ അടിസ്ഥാനസൗകര്യ വികസനത്തിനാണ് പ്രധാന്യം നല്‍കേണ്ടത്. കാര്‍ഷിക മേഖലയിലും മത്സ്യബന്ധന മേഖലയിലും ഇടപെടല്‍ ആവശ്യമാണ്. ആരോഗ്യ, വിദ്യാഭ്യാസ, ഐടി, മേഖലകളിലും ഇടപെടണം. ഏറെ പ്രശസ്തമായ കോട്ടക്കല്‍ ആര്യവൈദ്യശാല ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന മണ്ഡലമാണ് പൊന്നാനി. ആര്യവൈദ്യശാലയുമായി ബന്ധിപ്പിച്ച് ഒട്ടേറെ വികസനപദ്ധതികള്‍ നടപ്പിലാക്കാം. ഇതുവരെ സ്വന്തം നട്ടെല്ലില്‍ നില്‍ക്കുന്ന ആര്യവൈദ്യശാലയെ പരിപോഷിപ്പിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചാല്‍ ഒരുപാട് സാധ്യതകളുണ്ട്. ഇതുപോലെ എന്തെല്ലാമാണ് മണ്ഡലത്തില്‍ മുന്‍ഗണന നല്‍കി നടപ്പാക്കേണ്ടതെന്ന് ഇവിടത്തെ ജനങ്ങളുമായി സംവദിച്ച് നടപ്പില്‍ വരുത്തും. 

പ്രചാരണം മൂന്നാംഘട്ടത്തിലേക്ക്, വോട്ടര്‍മാരില്‍നിന്നുള്ള പ്രതികരണം...

ജനങ്ങള്‍ക്ക് എന്നോട് വളരേയേറെ സ്‌നേഹമുണ്ടെന്ന് മനസിലായി. അതോടൊപ്പം മറുപക്ഷത്തിനെതിരെ ജനങ്ങള്‍ക്കിടയില്‍ ശക്തമായ വികാരവും നിലനില്‍ക്കുന്നു. 

കോണ്‍ഗ്രസില്‍നിന്ന് വോട്ടുകള്‍ പ്രതീക്ഷിക്കുന്നുവോ...

കോണ്‍ഗ്രസില്‍നിന്ന് മാത്രമല്ല, യു.ഡി.എഫില്‍നിന്നും വോട്ട് കിട്ടും. യു.ഡി.എഫ് എന്നുപറഞ്ഞാല്‍ ആരെല്ലാമാണെന്ന് അറിയാമല്ലോ. ഇതിനെല്ലാം പുറമേ ജനങ്ങളില്‍നിന്നുള്ള വോട്ടും ലഭിക്കും. 

ഇ.ടി. മുഹമ്മദ് ബഷീറിനെതിരേ ഏറ്റവുമധികം എതിര്‍പ്പുള്ളത് ലീഗില്‍നിന്നാണ്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ആവശ്യവും ഇ.ടി. മുഹമ്മദ് ബഷീര്‍ തോല്‍ക്കണമെന്നാണ്. ലീഗ് തന്നെയാണ് ഇ.ടിയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. രണ്ട് എം.പിമാര്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ തന്റെ സ്വാധീനം നഷ്ടപ്പെടുമോ എന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും അനുയായികളുടെയും ഭയം. 

പ്രതീക്ഷകള്‍...

ഇത് പ്രതീക്ഷയുടെ പ്രശ്‌നമല്ല. ഇവിടുത്തെ ജനങ്ങള്‍ ആ കാര്യം തീരുമാനിച്ചുകഴിഞ്ഞു. പൊന്നാനിയില്‍ മാറ്റം ആവശ്യമാണെന്നാണ് അവരുടെ തീരുമാനം. അത് നടക്കും. അതില്‍ യാതൊരു തര്‍ക്കവും ആവശ്യമില്ല. 

Content Highlights: ponnani loksabha election; interview with ldf candidate pv anvar