മലപ്പുറം: ഒടുവില്‍ പൊന്നാനിയിലെ തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. ഇനി അറിയാനുള്ളത് ബി.ജെ.പി. സ്ഥാനാര്‍ഥി ആരാണെന്നത് മാത്രം. പ്രതീക്ഷിച്ചത് പോലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ഇ.ടി. മുഹമ്മദ് ബഷീര്‍ വീണ്ടും മത്സരിക്കുമ്പോള്‍ നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറാണ് എതിരാളി. പൊതുസ്വതന്ത്രനായി മത്സരിക്കുന്ന പി.വി. അന്‍വര്‍ അട്ടിമറി സ്വപ്നങ്ങളുമായി പോരാട്ടത്തിനിറങ്ങുമ്പോള്‍ ഹാട്രിക് വിജയം തേടിയാണ് സിറ്റിങ് എം.പി. ഇ.ടി. മുഹമ്മദ് ബഷീര്‍ ജനവിധി തേടുന്നത്.
പൊന്നാനിയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അവസാനദിവസം വരെ ആശയക്കുഴപ്പം നിലനിന്നിരുന്നെങ്കിലും പി.വി. അന്‍വറിനെ തന്നെ മത്സരിപ്പിക്കാന്‍ സി.പി.എം. തീരുമാനമെടുക്കുകയായിരുന്നു. നിലവില്‍ നിലമ്പൂര്‍ എം.എല്‍.എയായ പി.വി. അന്‍വര്‍ പൊന്നാനി പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് മത്സരത്തിനിറങ്ങുന്നത്. ജനങ്ങളുടെ ഹൃദയത്തിലാണ് താന്‍ കൈയേറ്റം നടത്തിയതെന്നും ആ കൈയേറ്റം പൊന്നാനിയിലും തുടരുമെന്നുമായിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണം. ഭൂമി കൈയേറ്റ വിവാദത്തെക്കുറിച്ചും സ്ഥാനാര്‍ഥി പ്രഖ്യാപനത്തെക്കുറിച്ചും ചോദിച്ചപ്പോഴായിരുന്നു പി.വി. അന്‍വര്‍ ഇങ്ങനെ പ്രതികരിച്ചത്. ജനങ്ങളുടെ ഹൃദയത്തില്‍ ഇടംനേടിയപ്പോഴാണ് താന്‍ ഭൂമി കൈയേറ്റക്കാരനാണെന്ന ആരോപണം ഉയര്‍ന്നതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ രണ്ട് തവണയും പൊന്നാനിയെ പ്രതിനിധീകരിച്ച ഇ.ടി. മുഹമ്മദ് ബഷീറാണ് ഇക്കുറിയും യു.ഡി.എഫ്. സ്ഥാനാര്‍ഥി. 2009-ല്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച ഹുസൈന് രണ്ടത്താണിയെയും 2014-ല്‍ വി. അബ്ദുറഹിമാനെയും പരാജയപ്പെടുത്തിയാണ് അദ്ദേഹം ലോക്സഭയിലെത്തിയത്. 2019-ലും വിജയം ആവര്‍ത്തിച്ച് പൊന്നാനിയില്‍നിന്ന് ഹാട്രിക് തികയ്ക്കാമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെയും മുസ്ലീം ലീഗിന്റെയും പ്രതീക്ഷ. ഇത്തവണ ഭൂരിപക്ഷം വര്‍ധിക്കുമെന്ന് ലീഗ് കേന്ദ്രങ്ങള്‍ ഉറപ്പിച്ചുപറയുമ്പോള് പൊന്നാനിയില്‍ പോരാട്ടം പൊടിപാറുമെന്നുമാണ് വിലയിരുത്തല്‍.
ഇടത്,വലത് മുന്നണികള്‍ക്ക് പുറമേ എസ്.ഡി.പി.ഐയും പൊന്നാനിയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ ആദ്യ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നേരത്തെ ആരംഭിച്ചതും എസ്.ഡി.പി.ഐ.യാണ്. അഡ്വ. കെ.സി. നസീറാണ് എസ്.ഡി.പി.ഐയുടെ സ്ഥാനാര്‍ഥി. ഹാദിയ കേസിലടക്കം സജീവമായി ഇടപെട്ട അഭിഭാഷകനാണ് അഡ്വ. കെ.സി. നസീര്‍. മണ്ഡലത്തില്‍ കാര്യമായ സ്വാധീനമുള്ള എസ്.ഡി.പി.ഐ.ക്ക് തങ്ങളുടെ കരുത്ത് കാണിക്കാനുള്ള അവസരം കൂടിയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ്.
Content Highlights: ponnani loksabha constituency ldf and udf announced their candidates, PV Anwar, ET Mohammed Basheer, IUML,CPM,SDPI,KC Naseer,