തിരൂര്‍: എല്‍.ഡി.എഫ്. പൊന്നാനി പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ ചൊവ്വാഴ്ച കലാലയങ്ങളിലൂടെ വോട്ടുയാത്ര നടത്തി.
കൊടക്കല്‍ ബി.ഇ.എം.യു.പി. സ്കൂള്‍ സന്ദര്‍ശനത്തോടെ തുടങ്ങി. കോലുപ്പാലം, കണ്ണംകുളം, കോട്ടത്തറ എന്നീ അങ്ങാടികളിലിറങ്ങി കച്ചവടക്കാരോടും നാട്ടുകാരോടും വോട്ടഭ്യര്‍ഥിച്ചു. ബി.പി. അങ്ങാടി ഡയറ്റ്, തിരൂര്‍ ടി.എം.ജി. കോളേജ്, മലയാള സര്‍വകലാശാലാ, തിരൂര്‍ കോ-ഓപ്പറേറ്റീവ് കോളേജ്, തിരൂര്‍ കെ.കെ.എം. കോളേജ്, തിരൂര്‍ എസ്.എസ്.എം. പോളിടെക്നിക് എന്നിവിടങ്ങില്‍ സ്വീകരണം ഏറ്റുവാങ്ങി.
യുവത്വം തന്റെ കൂടെയാണെന്നും യുവമനസ്സില്‍ മണ്ഡലത്തില്‍ മാറ്റത്തിന്റെ പടയൊരുക്കം കാണാന്‍ കഴിയുന്നതായും സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ പറഞ്ഞു. വിദ്യാര്‍ഥികളുമായി സംവദിച്ചും സെല്‍ഫിയെടുത്തുമാണ് അദ്ദേഹം കലാലയങ്ങളില്‍ സമയം ചെലവഴിച്ചത്. മലയാള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോളിനെയും അധ്യാപകരേയും വിദ്യാര്‍ഥികളെയും കണ്ടു.
എസ്.എസ്.എം. പോളിടെക്നിക്കില്‍ പ്രിന്‍സിപ്പല്‍ അബ്ദുള്‍ കൈപ്പഞ്ചേരിയും മറ്റ് അധ്യാപകരും വിദ്യാര്‍ഥികളുംചേര്‍ന്ന് പി.വി. അന്‍വറിനെ സ്വീകരിച്ചു. ഗഫൂര്‍ പി. ലില്ലീസ്, പി. ഹംസക്കുട്ടി, വിവിധലോക്കല് കമ്മിറ്റി സെക്രട്ടറിമാര്‍ എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. തുടര്‍ന്ന് തിരൂര്‍ ടൗണ്‍, വളവന്നൂര്‍ കല്‍പ്പകഞ്ചേരി എന്നീ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി. ആതവനാട് സമാപിച്ചു.
തിരുനാവായ: എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ വൈരങ്കോട് ക്ഷേത്രത്തിലും തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തി. സ്ഥാനാര്‍ഥിയെ ക്ഷേത്രം ജീവനക്കാരും ഭക്തരും സ്വീകരിച്ചു. ആതവനാട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലും പര്യടനം നടത്തി.
എടപ്പാള്‍: ഇടതുപക്ഷ സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ വട്ടംകുളം, എടപ്പാള്‍, കാലടി പഞ്ചായത്തുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രമുഖ വ്യക്തികളെ കണ്ട് അനുഗ്രഹംതേടി. സാധാരണക്കാരായവരെയും അന്‍വര്‍ നേരിട്ട് കാണാനെത്തി. തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരെയെല്ലാം നേരില്‍ക്കണ്ട് നാട്ടിലെ വികസനകാര്യങ്ങളും പൊന്നാനിയിലെ വികസനമുരടിപ്പും വിശദീകരിച്ചാണ് അന്‍വര്‍ വോട്ടു തേടുന്നത്. എല്‍.ഡി.എഫ്. വട്ടംകുളം പഞ്ചായത്ത് കണ്‍വെന്‍ഷനിലും അദ്ദേഹമെത്തി. കൂട്ടായി ബഷീര്‍ ഉദ്ഘാടനംചെയ്തു. പ്രഭാകരന് നടുവട്ടം അധ്യക്ഷനായി. പി. ജ്യോതിഭാസ്, യു.പി. പുരുഷോത്തമന്, എം. മുസ്തഫ, ജില്ലാ പഞ്ചായത്തംഗം എം.ബി. ഫൈസല്‍, സി. രാമകൃഷ്ണന്, സി. രാഘവന്, എം.എ. നവാബ് തുടങ്ങി മുന്നണിയിലെ പ്രധാന നേതാക്കളെല്ലാം ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Content Highlights: ponnani ldf candidate pv anvar visits colleges