മലപ്പുറം: പൊന്നാനിയിലെ ഇടതുസ്വതന്ത്രന് പി.വി. അന്‍വറിന് 49.94 കോടിയുടെ ആസ്തി. 34.38 കോടിയുടെ സ്വയാര്‍ജിത ആസ്തികളും 15.56 കോടിയുടെ ജംഗമ ആസ്തികളുമാണുള്ളത്. പത്രികാസമര്‍പ്പണത്തിലെ കണക്കുകള്‍ പ്രകാരമാണിത്. സ്ഥാവരവസ്തുക്കളുടെ വികസനത്തിനായി 13.22 കോടി രൂപ ചെലവഴിച്ചു. ഒരുകോടി രൂപയുടെ ആസ്തികളാണ് പിന്തുടര്ച്ചയായി ലഭിച്ചിട്ടുള്ളത്.
അന്‍വറിന്റെ രണ്ടു ഭാര്യമാരുടെ പേരില്‍ 14.37 കോടിയുടെ ആസ്തികളാണുള്ളത്. 68.34 ലക്ഷത്തിന്റെ ജംഗമ വസ്തുക്കള്‍. രണ്ടുപേര്‍ക്കുമായി 76.80 ലക്ഷം രൂപ വില വരുന്ന 2,400 ഗ്രാം സ്വര്‍ണമുണ്ട്. മൂന്നു മക്കളുടെ പേരിലായി രണ്ടരലക്ഷത്തിന്റെ ജംഗമവസ്തുക്കള്‍. അന്‍വറിന്റെ പേരില്‍ കര്‍ണാടകയിലടക്കം വിവിധയിടങ്ങളിലായി ഭൂമിയുണ്ട്.
മലപ്പുറം കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍നിന്ന് 2.39 കോടിയും മഞ്ചേരി ആക്സിസ് ബാങ്കില്‍നിന്ന് ഒരുകോടിയും ഗ്രീന്‍ ഇന്ത്യ ഇന്‍ഫ്രാസ്ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡില്‍ 56.54 ലക്ഷവുമടക്കം 3.96 കോടി രൂപയുടെ വായ്പയെടുത്തിട്ടുണ്ട്. 2016 മോഡല്‍ െടായോട്ട ഇന്നോവ, ടാറ്റ എയ്സ്, ഐഷര്‍ ടിപ്പര്‍, മഹീന്ദ്ര ബൊലേറോ എന്നീ വാഹനങ്ങളുണ്ട്. തന്റെ കമ്പനിയായ പിവീസ് റിയല്‍ എസ്റ്റേറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 6.37 കോടി നിക്ഷേപിച്ചിട്ടുണ്ട്. ഗ്രീന്‍ ഇന്ത്യ ഇന്‍ഫ്രാസ്ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡില്‍ 60,000 രൂപയും എടവണ്ണ നായനാര്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രിയില്‍ ഒരുലക്ഷത്തിന്റെയും നിക്ഷേപം.
വിവിധ ബാങ്കുകളിലായി 6.71 ലക്ഷം രൂപ അന്‍വറിനും ജീവിതപങ്കാളികള്‍ക്ക് 1.34 ലക്ഷവുമുണ്ട്. 2017 -18 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണില്‍ 40.59 ലക്ഷം രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനംചെയ്ത് പണംവാങ്ങി വഞ്ചിച്ചെന്നതിന് മഞ്ചേരി പോലീസ് സ്റ്റേഷനില്‍ അന്‍വറിനെതിരേ പരാതിയുണ്ട്.
Content Highlights: ponnani ldf candidate pv anvar asset details with his nomination