പൊന്നാന്നി: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പൊന്നാന്നിയില്‍ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. മുസ്ലീം ലീഗ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീര്‍ രണ്ടു ലക്ഷത്തോളം വോട്ടുകള്‍ക്കാണ് വിജയിച്ചത്. അതേസമയം മണ്ഡലത്തില്‍ നേടിയ വോട്ടിന്റെ എണ്ണം കൊണ്ട് എല്ലാവരെയും ഞെട്ടിച്ചത് സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി.എ സമീറയാണ്. 16,288 വോട്ടാണ് സമീറ നേടിയത്. ഒരുപക്ഷേ സമീറയെ ഇത്രയും വോട്ട് നേടാന്‍ സഹായിച്ചത് സ്വന്തം തിരഞ്ഞെടുപ്പ് ചിഹ്നമാണെന്ന സംശയവുമുണ്ട്.
കട്ടിങ് പ്ലയറാണ് പി.എ സമീറയ്ക്ക് കിട്ടിയ ചിഹ്നം. മണ്ഡലത്തില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച പി.വി അന്‍വറിന്റെ ചിഹ്നം കത്രികയാണ്. കാഴ്ചയില്‍ കത്രികയ്ക്ക് സമാനമായ ചിഹ്നമാണ് കട്ടിങ് പ്ലയര്‍ എന്നതാണ് സമീറക്ക് തുണയായത്. പൊന്നാന്നിയിലെ എല്ലാ നിയമസഭ മണ്ഡലത്തിലും ആയിരത്തിന് മുകളില്‍ വോട്ടാണ് സമീറയ്ക്ക് ലഭിച്ചത്.
മണ്ഡലത്തില്‍ അഞ്ചാം സ്ഥാനത്ത് എത്താനും സമീറയ്ക്ക് കഴിഞ്ഞു. മൂന്നാം സ്ഥാനത്ത് ബി.ജെ.പിയും നാലാം സ്ഥാനത്ത് എസ്.ഡി.പി.ഐയുമാണ്. സമീറയെക്കാള് രണ്ടായിരത്തോളം വോട്ട് മാത്രമാണ് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിക്കുള്ളത്. പി.വി അന്‍വറിന്റെയോ ഇ.ടി മുഹമ്മദ് ബഷീറിന്റെയോ അപരന്മാര്ക്ക് പോലും സമീറയുടെ അത്ര വോട്ട് പിടിക്കാനായില്ല.
തൃത്താലയില്‍ 3189 വോട്ടും തിരുരങ്ങാടിയില്‍ 1673 വോട്ടും താനൂരില്‍ 1664 വോട്ടും തിരൂരില്‍ 2255 വോട്ടും തവനൂരില്‍ 2450 വോട്ടും പൊന്നാന്നിയില്‍ 2815 വോട്ടുമാണ് സമീറ നേടിയത്.
content highlights: Ponnani, Independent candidate, LDF, UDF, ET Muhammed Basheer, PV Anvar