പൊന്നാനി: ആലത്തൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരേ മോശം പരാമര്‍ശവുമായി എല്‍.ഡി.എഫ്. കണ്‍വീനര്‍ എ.വിജയരാഘവന്‍. 'ആലത്തൂരിലെ സ്ഥാനാര്‍ഥി പെണ്‍കുട്ടി പി.കെ. കുഞ്ഞാലിക്കുട്ടിയെ കാണാന്‍പോയിരുന്നു, അതിനാല്‍ ആ കുട്ടിയുടെ കാര്യം ഇനി എന്താകുമെന്ന് പറയാനാകില്ല' എന്നായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. പൊന്നാനിയില്‍ പി.വി. അന്‍വറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെഭാഗമായി സംഘടിപ്പിച്ച  എല്‍.ഡി.എഫ്. കണ്‍വെന്‍ഷനിലായിരുന്നു സംഭവം. 

'ആലത്തൂരിലെ സ്ഥാനാര്‍ഥി പെണ്‍കുട്ടി, അവര്‍ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍വയ്യ, അത് പോയിട്ടുണ്ട്' എന്നായിരുന്നു വിജയരാഘവന്റെ വാക്കുകള്‍. അതേസമയം പരാമര്‍ശം വിവാദമായതോടെ താന്‍ മോശമായി ഒന്നും വിചാരിച്ചിട്ടില്ലെന്നും അങ്ങനെയൊന്നും ഉദ്ദേശിച്ചില്ല സംസാരിച്ചതെന്നും വിജയരാഘവന്‍ പ്രതികരിച്ചു. 

ഏപ്രില്‍ ഒന്നിന് വൈകിട്ട് പൊന്നാനിയില്‍ സംഘടിപ്പിച്ച എല്‍.ഡി.എഫ്. കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തിരുന്നു. ഇതിനുമുന്നോടിയായി പ്രസംഗിക്കുന്നതിനിടെയാണ് വിജയരാഘവന്‍ രമ്യാഹരിദാസിനെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയത്. 

Content Highlights: ldf convenor a vijayaraghavan speech against remya haridas in ponnani