മലപ്പുറം: പൊന്നാനി മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ് ബഷീറും മലപ്പുറം മണ്ഡലം സ്ഥാനാര്‍ഥി പി.കെ.കുഞ്ഞാലിക്കുട്ടിയും പത്രിക നല്കി. മലപ്പുറത്ത് നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിന്റെ രണ്ടാംദിവസമായ വെള്ളിയാഴ്ച ഇവര്‍ക്കു പുറമേ പൊന്നാനി മണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാര്‍ഥി കാടാമ്പുഴ സ്വദേശി ബിന്ദുവും പത്രിക നല്കി.
രാവിലെ 11.30-ഓടെയാണ് ഇ.ടിയും കുഞ്ഞാലിക്കുട്ടിയും കളക്ടര്‍ അമിത് മീണയ്ക്ക് പത്രികനല്കിയത്. ആദ്യം പി.കെ. കുഞ്ഞാലിക്കുട്ടി പത്രിക സമര്‍പ്പിച്ചു. തുടര്‍ന്ന് ഇ.ടി. മുഹമ്മദ് ബഷീറും നല്കി. എല്ലാ സ്ഥാനാര്‍ഥികളും ഒരു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ച് പ്രാര്‍ഥന നിര്‍വഹിച്ചതിനുശേഷം ഇരുവരും പാണക്കാട് പൂക്കോയ തങ്ങളുടെയും മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഖബറുകളും സന്ദര്‍ശിച്ചു. അതിനു ശേഷമാണ് പത്രികനല്കാനെത്തിയത്.
യു.ഡി.എഫ്. ജില്ലാ ചെയര്മാന് പി.ടി. അജയ് മോഹന്‍, പി.വി. അബ്ദുള്‍ വഹാബ് എം.പി, യു.എ. ലത്തീഫ്, കെ.പി.എ. മജീദ്, എം.എല്‍.എമാര്‍ തുടങ്ങിയവരും സ്ഥാനാര്‍ഥികളോടൊപ്പമുണ്ടായിരുന്നു.
Content Highlights: et mohammed basheer and pk kunhalikutty submitted nomination