എടപ്പാള്‍: പ്രാതല്‍കഴിഞ്ഞ് ഇ.ടി. കാറില്‍ക്കയറുമ്പോള്‍ സൂര്യന് ഉദിച്ചുയരുകയാണ്. വേദഭൂമിയായ ശുകപുരത്തുനിന്ന് പ്രചാരണം ആരംഭിക്കാനുള്ള യാത്ര. അതിനിടയില്‍ വഴിയില്‍ക്കണ്ട പോസ്റ്ററിലേക്ക് ഇ.ടി. കൈചൂണ്ടി: 'ആര്.ജിക്ക് ഒരു കൂട്ട്, ഇ.ടിക്ക് ഒരു വോട്ട് '
പിന്നെ പ്രത്യാശയുടെ ചെറുചിരിയോടെ അദ്ദേഹം സംസാരിച്ചുതുടങ്ങി: 'ആര്.ജിയെന്നാല്‍ രാഹുല്‍ഗാന്ധി. ഞാന്‍ ഈയിടെ പാര്‍ലമെന്റില്‍ സംസാരിച്ചപ്പോള്‍ രാഹുല്‍ജിയെ ഒരു സൂര്യോദയമായി വിശേഷിപ്പിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പോടെ ആ സൂര്യോദയം സംഭവിക്കും തീര്‍ച്ച...'
പൊന്നാനിയിലെ കോണിയും ഡല്‍ഹിയിലെ സൂര്യോദയത്തിലേക്കുള്ള പടവുകളൊരുക്കാന് സഹായിക്കുമെന്ന കാര്യത്തില്‍ ഇ.ടിക്ക് സംശയമില്ല. ശുകപുരത്തെ ആദ്യവേദിയില്‍ രാഹുലിനെ അധികാരത്തിലേറ്റേണ്ടതിന്റെ അനിവാര്യത പറഞ്ഞുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്.
ഇനിയും മോദി വന്നാല്‍
ഇന്ത്യയെന്ന മോഹനസങ്കല്പം പിന്നെയുണ്ടാവില്ല. ജാതി, മത വിഭജനങ്ങളില്ലാത്ത ഇന്ത്യ നമുക്കുവേണം. ഭരണഘടനയെ വെല്ലുവിളിക്കുകയാണ് മോദി ഭരണകൂടം.
മോദി പാര്‍ലമെന്റില്‍ എത്രതവണ വന്നിട്ടുണ്ട്? നിയമസംവിധാനങ്ങളോടും അവര്‍ക്ക് പുച്ഛമാണ്. നെഹ്റുവിന്റെ കാലത്ത് ലോകം ഇന്ത്യയെ ബഹുമാനിക്കുമായിരുന്നു. മോദിയുടെ ഭരണത്തില്‍ ആ ബഹുമാനം നമുക്കുകിട്ടുന്നുണ്ടോ?
രാഹുല്വന്നാല് മോദിചെയ്ത മുഴുവന്‍ തെറ്റുകളും തിരുത്തും. രാഹുലിന്റെ കൈകള്‍ക്ക് ശക്തി പകരാനാവണം നമ്മുടെ ഓരോ വോട്ടും -ഇ.ടി. പറഞ്ഞു.
ഇടയ്ക്ക് തുറന്ന വാഹനത്തില്‍
പ്രവര്ത്തകരണിയിച്ച ഷാളും മാലയുമിട്ട് തുറന്ന വാഹനത്തില്‍ 'കൈ' വീശി കുറേ ദൂരം... കോണ്‍ഗ്രസ്സിന്റെയും ലീഗിന്റെയും കൊടിവീശി ബൈക്കുകളില്‍ ചെറുപ്പത്തിന്റെ ആവേശമിരമ്പി. 'ട്രാഫിക് ബ്ലോക്കാവരുത്, നമ്മളെക്കൊണ്ട് ആര്‍ക്കും ബുദ്ധിമുട്ടുണ്ടാവരുത്...' ഇ.ടി. പ്രവര്‍ത്തകരോട് ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു.
പ്രസംഗം തുടങ്ങിയപ്പോള്‍ പിന്നെയും രാഷ്ട്രീയം... ഇത്തവണ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരേ...
പ്രതിപക്ഷ ഐക്യത്തിന് എന്നും തടസ്സംനിന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്. മന്‍മോഹന്‍സിങ്ങിന്റെ ഭരണകാലത്ത് അവര്‍ ഇട്ടേച്ചുപോയില്ലേ? മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇന്നൊരു നിര്ണായകശക്തിയേ അല്ല.
രാജ്യത്തിന്റെ പൊതു ആവശ്യമാണ് ഒരു മതേതര സര്‍ക്കാര്‍ വരിക എന്നത്. ഇന്ത്യക്ക് അങ്ങനെയൊരു രാഷ്ട്രീയനായകത്വം വഹിക്കാന്‍ പറ്റുന്ന കക്ഷി കോണ്‍ഗ്രസ് മാത്രമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരേയും ഇ.ടി. സംസാരിച്ചു.
എണ്ണിയെണ്ണിപ്പറയാം...
'വികസനപ്രവര്‍ത്തങ്ങള്‍ എത്രയുമുണ്ട് പറയാന്‍: തിരൂര്‍ റെയില്‍വേസ്റ്റേഷനില്‍ 18 കോടിയുടെ വികസനം. ആറു ട്രെയിനുകള്‍ക്ക് സ്റ്റോപ്പനുവദിച്ചു, പൊന്നാനി -തൃശ്ശൂര്‍ കോള്‍നിലത്തിന്റെ വികസനത്തിന് രണ്ടുസ്കീമുകളിലായി 414 കോടിയാണ് കിട്ടിയത്. പൊന്നാനി മണ്ഡലത്തില്‍ ആറു ഡയാലിസിസ് കേന്ദ്രങ്ങള്‍ തുടങ്ങാനുമായി.
ന്യൂനപക്ഷക്ഷേമത്തിനുള്ള കേന്ദ്രാവിഷ്കൃതപദ്ധതികള്‍ പൊന്നാനിയിലെത്തിച്ചത്, കുറ്റിപ്പുറം -പൊന്നാനി ദേശീയപാതയ്ക്ക് 90 കോടി ലഭിച്ചത്, 19 റോഡുകളുടെ വികസനം, മൂന്നുപഞ്ചായത്തുകള് ദത്തെടുത്തത്... അങ്ങനെ വിവിധകേന്ദ്രങ്ങളില്‍ എണ്ണിയെണ്ണിപ്പറഞ്ഞത് ചെയ്ത കാര്യങ്ങള്‍.
പാര്‍ലമെന്റില്‍ വിവിധ വിഷയങ്ങളില്‍ നടത്തിയ പ്രസംഗങ്ങള്‍, സ്വീകരിച്ച നിലപാടുകള്‍...ഇതെല്ലാം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. മുമ്പ് നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷം ഇത്തവണയുണ്ടാകും- കാറില്‍ കയറുമ്പോള്‍ ഇ.ടി. ആത്മവിശ്വാസംകൊണ്ടു.
വെള്ളിയാഴ്ചത്തെ പര്യടനം പി.ടി. അജയ്മോഹന് ഉദ്ഘാടനംചെയ്തു. രാവിലെ ശുകപുരം താഴത്തങ്ങാടിയില്നിന്നാരംഭിച്ച് അന്‍പതിലേറെ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് രാത്രി നടുവട്ടത്ത് സമാപിച്ചു.
മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവഹാജി, ഡി.സി.സി. സെക്രട്ടറി ടി.പി. മുഹമ്മദ്, യു.ഡി.എഫ്. വട്ടംകുളം തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ അന്‍വര്‍, ചെയര്മാന് കെ. ഭാസ്കരന്, ടി.പി. ഹൈദരാലി, ആര്.കെ. ഹമീദ്, ഇബ്രാഹിം മുതൂര്‍, എം. രോഹിത്, നജീബ് തുടങ്ങിയവര്‍ ഇ.ടിയെ അനുഗമിച്ചു.
Content Highlights: a day with udf candidate et mohammed basheer