കുറ്റിപ്പുറം: പാട്ടുക്കൊണ്ട് ചൂട്ട്കെട്ടി പാതിരാവത്ത് ഒറ്റ നിഴല്‍പോലെയന്ന് നാം നടന്നില്ലേ.. കറ്റമുടിക്കെട്ടുപോലെ നാം നടന്നില്ലേ...
പാട്ട് കേട്ടാസ്വാദിക്കുന്നവര്ക്കിടയിലേക്ക് ആദ്യമെത്തിയത് കത്രിക ചിഹ്നത്തെ ഓര്മിപ്പിച്ചുക്കൊണ്ടുള്ള പൈലറ്റ് വാഹനമാണ്. പിന്നാലെ അകമ്പടിയായി നേതാക്കളുടെ വണ്ടികളും.
സ്ഥാനാര്‍ഥിയുടെ വരവും കാത്ത് കൂടിനിന്നവര്‍ക്കിടയിലേക്ക് എല്‍.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ പുത്തന്‍വീട്ടില്‍ വന്നിറങ്ങി. കൈകൂപ്പിയും ചേര്‍ത്തുപിടിച്ചും എല്ലാവര്‍ക്കിടയിലും ഓടിനടന്ന് വോട്ട് ചോദിച്ചു. സമയം അപ്പോള്‍ 10.50 പറഞ്ഞ സമയത്തേക്കാള്‍ ഒരുമണിക്കൂറിലേറെ വൈകിയെത്തിയതിനാല്‍ രണ്ടുമിനിറ്റ് മാത്രം നീണ്ട ചെറിയ പ്രസംഗം.
രാഷ്ട്രീയത്തിലേക്ക് കടക്കാതെ കാസര്‍ക്കോടും കണ്ണൂരും നിന്നെത്തിയെ അപരന്മാരെ ശ്രദ്ധിക്കാനും ചിഹ്നം കത്രികയാണെന്നുമുള്ള ഓര്‍മപ്പെടുത്തല്‍ മാത്രം. പൊന്നാനിയുടെ വികസനമുരടിപ്പും വര്‍ഗീയ രാഷ്ട്രീയവുമെല്ലാം എണ്ണിപ്പറഞ്ഞുള്ള പ്രസംഗങ്ങളായിരുന്നു ആദ്യ സ്വീകരണകേന്ദ്രങ്ങളില്‍. കുറ്റിപ്പുറം പഞ്ചായത്തിലെ മാണിയങ്കോടുനിന്ന് എട്ടരയോടെ തുടങ്ങിയതാണ് യാത്ര. വണ്ടിയില്‍ കൂടെയുള്ളത് മലപ്പുറത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.പി. സാനുവിന്റെ പിതാവ് വി.പി. സക്കറിയ. മകനുവേണ്ടി പ്രചാരണത്തിനിറങ്ങിയില്ലെങ്കിലും അന്‍വറിന് വോട്ടുപിടിക്കുന്ന ആവേശത്തിലാണ് സക്കറിയ.
നാല് സ്വീകരണകേന്ദ്രങ്ങള്‍ കടന്ന് അണികള്‍ ചാര്‍ത്തിയ ഹാരവും ഏറ്റുവാങ്ങി വണ്ടി പിന്നെയും നീങ്ങി.
ആറ് മിനിറ്റ്, ആറ് വാഗ്ദാനങ്ങള്‍
അടുത്ത സ്വീകരണകേന്ദ്രത്തിലെത്തുംമുമ്പ് പാര്ലമെന്റിലെത്തിയാലുള്ള വാഗ്ദാനങ്ങള്‍ ഓരോന്നായി പറഞ്ഞു. കേന്ദ്രാവിഷ്കൃത കുടിവെള്ള പദ്ധതി നടപ്പിലാക്കി ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം ആദ്യം കാണും. രണ്ടാമത്തെ പരിഗണന മത്സ്യത്തൊഴിലാളികള്‍ക്ക്, മത്സ്യം സൂക്ഷിക്കാന്‍ ശീതീകരിച്ച ശാല.
കടലോരത്തെ ജനങ്ങളുടെ സമഗ്രവികസനം, പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാനുള്ള സഹായം, യുവാക്കള്‍ക്ക് തൊഴിലധിഷ്ഠിത പഠനത്തിന് പൂര്‍ണ പിന്തുണ, പട്ടിക ജാതി-പട്ടിക വര്‍ഗ കോളനികളില്‍ കേന്ദ്ര ഗവണ്മെന്റിന്റെ പദ്ധതികള്‍ കൊണ്ടുവരും.
ഇനി രാഷ്ട്രീയമാവാം
സ്ഥാനാര്‍ഥി സ്വീകരണകേന്ദ്രത്തില്‍ എത്തുന്നതിന്മുമ്പ് നേതാക്കളുടെ പ്രസംഗം. മോദിക്കെതിരെയും ലീഗിനെതിരേയും രൂക്ഷവിമര്‍ശനം. അപരന്മാരെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ലീഗിന്റെ പരാജയഭീതിയാണ് എല്ലാറ്റിനും കാരണമെന്ന് അല്പം ഗൗരവത്തില്‍ പറഞ്ഞു. തന്റെ ഫോട്ടോ ഉപയോഗിച്ചാണ് അപരന്മാര് വോട്ട് തേടുന്നത്. കുട്ടികള്ക്കിടയില്വരെ വര്‍ഗീയത വളര്‍ത്താനാണ് ലീഗ് ശ്രമിക്കുന്നത്.
സഖാവേ... ഇതും ചുവപ്പാ
സ്വീകരണ കേന്ദ്രങ്ങളിലെല്ലാം താരം തണ്ണിമത്തനാണ്. പച്ച തണ്ണിമത്തനെ വെട്ടി പകുതിയാക്കി ചുവപ്പാക്കിയാണ് സ്ഥാനാര്‍ഥിക്ക് നല്‍കുന്നത്. ഇരിമ്പിളിയം മോസ്കോ കവലയിലും കൊട്ടാരം ജങ്ഷനിലുമെല്ലാം തണ്ണിമത്തന് സമ്മാനമായെത്തി. അടുത്തുള്ള ജ്യൂസ് കടയില്‍ വോട്ട് ചോദിച്ചെത്തിയ സ്ഥാനാര്‍ഥിക്ക് നല്ല തണുത്ത ലൈം. അല്പം കുടിച്ച് ബാക്കി നല്‍കിയത് പ്രചാരണം ചിത്രീകരിച്ചിരുന്ന മാധ്യമപ്രവര്ത്തകന്.
കൊടുമുടി ജങ്ഷനിലെത്തിയപ്പോള്‍ പ്രവര്‍ത്തകരിലൊരാള്‍ കട്ടന്‍ ചായയുമായെത്തി. പടക്കംപൊട്ടിച്ചും ബാന്‍ഡ്മേളം മുഴക്കിയും വാഹനത്തിന് പിന്നില്‍ അണികളുടെ ആവേശം. കനല് തിരുവാലി നാടന്‍പാട്ട് സംഘത്തിന്റെ പാട്ടും പ്രചാരണത്തില്‍ നിറഞ്ഞുനിന്നു.
ഇനി അല്പം വിശ്രമം
11.20-ന് അവസാനിക്കേണ്ട ആദ്യഘട്ട പ്രചാരണം അവസാനിച്ചത് 12.30-ന്. അപ്പോഴേക്കും വെയില് സ്ഥാനാര്‍ഥിയെയും അണികളെയും ചുട്ടുപൊള്ളിച്ചു. എന്നാലും ആവേശം ചോര്‍ന്നിട്ടില്ല. നമസ്കാരത്തിനുശേഷം കോട്ടപ്പുറത്ത് പ്രവര്‍ത്തകരിലൊരാളുടെ വീട്ടില്‍നിന്ന് ഉച്ചയൂണ്. ശേഷം ചെറിയ വിശ്രമം. മൂന്ന് മണിയോടെ വീണ്ടും പ്രചാരണത്തിരക്കിലേക്ക്.
ചൂടാറിയപ്പോള്‍ പ്രചാരണച്ചൂട്
ഷെഡ്യൂള്‍ പ്രകാരം എത്താന്‍ ഇനിയും സ്ഥലങ്ങള്‍ ബാക്കി. ഒരു പഞ്ചായത്തില്‍ മൂന്ന് സ്വീകരണ കേന്ദ്രങ്ങളാണുള്ളത്. സ്വീകരണ കേന്ദ്രങ്ങളില്ലാത്ത ഇടങ്ങളില്‍ വണ്ടി പതുക്കെയാക്കി എല്ലാവരോടും വോട്ടഭ്യര്‍ഥിച്ചു. അത്തിപ്പറ്റയില്‍നിന്ന് തുടങ്ങി മന്ത്രി കെ.ടി. ജലീലിന്റെ സാന്നിധ്യത്തില്‍ ഇന്ത്യനൂരില് എട്ടുമണിയോടെ സമാപനം. 12 മണിക്കൂര്‍ 24 സ്വീകരണ കേന്ദ്രങ്ങള്‍.. അണികളും വോട്ടര്‍മാരും നൂറുകണക്കിനാളുകള്‍.. പൊന്നാനിയെ ചുവപ്പിക്കാന്‍ നിലമ്പൂരിന്റെ കരുത്തിനാകുമെന്ന് ഉറപ്പിച്ച് നാളെ കാണാമെന്നും പറഞ്ഞ് മടക്കം.
Content Highlights: a day with ldf candidate pv anvar