കോഴിക്കോട്: വിവാദ വിഷയങ്ങള്‍ ഒഴിവാക്കി കോഴിക്കോട് കടപ്പുറത്തെ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച നാമമാത്രമായ പരാമര്‍ശങ്ങള്‍ മാത്രമാണ് പ്രസംഗത്തിനിടെ മോദി നടത്തിയത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ വയനാട്ടില്‍ മത്സരിക്കാനെത്തുന്നത് ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് എന്ന ആദ്യ വിമര്‍ശനം ഉന്നയിച്ചത് ആഴ്ചകള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. തുടര്‍ന്ന് വയനാടിനും മുസ്ലീം ലീഗിനുമെതിരെ പാകിസ്താന് പരാമര്‍ശം, വൈറസ് പരാമര്‍ശം എന്നിവയെല്ലാമായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും യോഗി ആദിത്യനാഥുമെല്ലാം രംഗം കൊഴുപ്പിക്കുകയും ചെയ്തു. ഇത് ഗുണത്തേക്കാളേറെ വയനാട്ടിലും സമീപ മണ്ഡലങ്ങളിലും എന്‍.ഡി.എയ്ക്ക് ദോഷം ചെയ്യുന്ന തരത്തിലുമെത്തി.
സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട്ടെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഇത്തരം പരാമര്‍ശങ്ങള്‍ ഏറ്റുപിടിച്ച് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമോ എന്ന ഭയവും എന്‍.ഡി.എ ക്യാമ്പിനുണ്ടായിരുന്നു. എന്നാല്‍ പൂര്‍ണ കരുതലോടെയെത്തിയ പ്രധാനമന്ത്രി വയനാടിനെയും രാഹുല്‍ ഗാന്ധിയെയും പേരിന് മാത്രം വിമര്‍ശിച്ച് തന്റെ പ്രസംഗ ചാരുത ഒരിക്കല്‍ കൂടെ തെളിയിച്ചു. ഇത് എന്‍.ഡി.എ ക്യാമ്പിന് വലിയ ആശ്വാസവും നല്കി.
വിശ്വാസ സംരക്ഷണത്തില്‍ ഊന്നി ഇടതു പക്ഷത്തേയും കോണ്‍ഗ്രസിനേയും രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു പ്രസംഗത്തിലുടനീളം പ്രധാനമന്ത്രി. ഉത്തരേന്ത്യയിലെ പോലെ വര്‍ഗീയ കാര്‍ഡിറക്കി വോട്ട് നേടുക എന്നത് കേരളത്തെ സംബന്ധിച്ച് അസാധ്യമാന്ന് എന്നാണ് എന്‍.ഡി.എ നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ടു തന്നെ അത്തരം വിമര്‍ശനങ്ങളും പരാമര്‍ശങ്ങളും ഒഴിവാക്കിയായിരുന്നു സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണവും. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ കോഴിക്കോട്ടെ പരിപാടിയുമെത്തിയത്. മലബാറിലെ എന്‍.ഡി.എ സ്ഥാനാര്‍ഥികളടക്കം വേദിയിലെത്തിയെങ്കിലും വിശ്വാസസംരക്ഷണം തന്നെയായിരുന്നു പ്രധാന പ്രസംഗ വിഷയം.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായതോടെ എതിര് സ്ഥാനാര്ഥികളിരൊളായെത്തിയ തുഷാര്‍ വെള്ളാപ്പള്ളിയും ന്യൂനപക്ഷ വോട്ടുകളില്‍, പ്രധാനമായും മുസ്ലിം വോട്ടുകളില്‍ പ്രതീക്ഷവെച്ചിരുന്നു. വയനാടിന്റെ വിധി നിര്‍ണയത്തില്‍ മുസ്ലിം വോട്ടുകള്‍ക്കുള്ള പങ്കുതന്നെയായിരുന്നു ഇതിനു കാരണം. എന്നാല്‍ വിവാദ പ്രസ്താവനകള്‍ ഈ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. കോണ്‍ഗ്രസും സി.പി.എമ്മും അടക്കമുള്ളവര്‍ വിവാദങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. കോഴിക്കോടെത്തിയ മോദി നികുതി വെട്ടിപ്പ് നടത്തിയ ആള് കേരളത്തില്‍ മത്സരിക്കാനെത്തുന്നു എന്ന പരാമര്‍ശം മാത്രമാണ് കാര്യമായി രാഹുലിനെതിരെ നടത്തിയത്. ബാക്കിയെല്ലാം ശബരിമലയുടെ പേര് പറയാതെ വിശ്വാസസംരക്ഷണം സംബന്ധിച്ച് ഇടത് സര്‍ക്കാരിനെതിരെയുള്ള രൂക്ഷ വിമര്‍ശനമായി മാറി.
Content Highlights: Narendra Modi, Kozhikode, lok sabha election 2019