പൂഞ്ഞാര്‍: തന്റെ പാര്‍ട്ടിയായ ജനപക്ഷം ഈ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുടേയും ഭാഗമാകില്ലെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ്. അതേ സമയം ഓരോ മണ്ഡലത്തില്‍ ആരെ പിന്തുണക്കും എന്ന് പറയും. പത്തനംതിട്ടയില്‍ ശബരിമലയുടെ പവിത്രത ഉറപ്പാക്കുന്ന ആള്‍ ജയിക്കണം. ആചാരം സംരക്ഷിക്കുന്നവര്‍ക്ക് പത്തനംതിട്ടയില്‍ വോട്ട് ചെയ്യുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു. കോട്ടയം പ്രസ്‌ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ വിഷയമുണ്ടായപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നാട്ടില്‍ ഇല്ലായിരുന്നു. ഇടത് സ്ഥാനാര്‍ത്ഥി വനിതാ മതിലില്‍ ആയിരുന്നു. കെ.സുരേന്ദ്രന്‍ ആചാരത്തിന് ജയിലില്‍ കിടന്നു. വേണ്ടിവന്നാല്‍ സുരേന്ദ്രന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്.ഡി.പി.ഐ. തമിഴ്‌നാട്ടില്‍ ബിജെപി മുന്നണിയിലാണ്. തനിക്ക് ഇപ്പോഴും എസ്ഡി.പി.ഐയുമായി ബന്ധമില്ല. ബി ജെ പി മുന്നണിയുമായി സഹകരിക്കുന്നതില്‍ പാര്‍ട്ടിയിലെ മുസ്ലിം അംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

Content Highlights: pc george-loksabha election-support k surendran in pathanamthitta