കോട്ടയം: ലോകസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റിലേക്ക് തോമസ് ചാഴികാടനെ നിശ്ചയിച്ചത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എന്‍ വാസവനെ സഹായിക്കാനാണെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വാസവനും കേരളകോണ്‍ഗ്രസിലെ ജോസ് കെ മാണിയും തമ്മില്‍ രഹസ്യചര്‍ച്ചയും ബന്ധവുമുണ്ടെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. തോമസ് ചാഴികാടന്‍ ദുര്‍ബല സ്ഥാനാര്‍ഥിയാണെന്നും തോല്‍ക്കുന്ന സ്ഥലങ്ങളില്‍ സ്ഥിരമായി നിര്‍ത്തുന്ന ആളാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

കോട്ടയം സീറ്റില്‍ തോമസ് ചാഴികാടനെ നിര്‍ത്തിയതിന്റെ ലക്ഷ്യങ്ങള്‍? 

കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാസവന്റെ സഹായത്തോടെ ജില്ലാപഞ്ചായത്ത് പിടിച്ചെടുക്കാനുള്ള ശ്രമം ജോസ് കെ മാണി നടത്തി. ഇത് കോണ്‍ഗ്രസിനും അറിയാം. മാണിയെ സഹായിച്ച വാസവനെ തിരിച്ചും സഹായിക്കണമെന്ന് മാണിക്കും ആഗ്രഹമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വാസവനെ തന്നെ കോട്ടയത്ത് സ്ഥാനാര്‍ഥിയാക്കിയത്. ജനകീയ സ്ഥാനാര്‍ഥിയായി ഡോ. സിന്ധുമോള്‍ ജേക്കബിനെ സിപിഎം നിശ്ചയിച്ചിരുന്നതാണ്. അവര്‍ മണ്ഡലത്തില്‍ പ്രവര്‍ത്തനം തുടങ്ങിയതുമാണ്. പക്ഷെ വാസവനും  ജോസ് കെ മാണിയുമായിട്ടുള്ള രഹസ്യ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് സിന്ധുവിനെ മാറ്റി വാസവനെ നിശ്ചയിച്ചത്. വാസവനെ ജയിപ്പിക്കാന്‍ മാണി നേരത്തെ തീരുമാനിച്ചതാണ്. 

തോമസ് ചാഴിക്കാടന്‍ ദുര്‍ബലനായ സ്ഥാനാര്‍ഥിയാണ്. തോല്‍ക്കുന്ന സ്ഥലങ്ങളില്‍ സ്ഥിരമായി നില്‍ക്കുന്ന ആളാണ് തോമസ് ചാഴിക്കാടന്‍. അയാള്‍ ജയിക്കുന്ന ചിത്രമില്ല.  അയാളൊരു രാഷ്ട്രീയക്കാരനല്ല. ഒരു ബാങ്കുദ്യോഗസ്ഥനാണ്. ജോസ് കെ മാണി പറയുന്നതനുസരിച്ച് അങ്ങോട്ടുമിങ്ങോട്ടും ചാടും. പി.ജെ ജോസഫുമായുള്ള തര്‍ക്കത്തിന്റെ പുറത്താണ്ചാഴികാടനെ നിര്‍ത്തിയത്. ജോസഫ് കോട്ടയത്ത് നിന്നാല്‍ വാസവന്‍ തോല്‍ക്കും. ചാഴികാടനെ നിര്‍ത്തിയാല്‍ ചാഴികാടന്‍ തോല്‍ക്കും വാസവന്‍ ജയിക്കും. ജോസ് കെ മാണിക്ക് വേണ്ടത് അതാണ് .ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത . അത് കോണ്‍ഗ്രസും മനസിലാക്കിയിട്ടുണ്ട്. 

പത്തനംതിട്ടയില്‍ മത്സരിക്കുമോ? 

പത്തനംതിട്ട സീറ്റില്‍ മത്സരിക്കും എന്ന് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. പത്തനംതിട്ട സീറ്റില്‍ എനിക്ക് ജയിക്കാന്‍ പറ്റുമെന്ന് നൂറുശതമാനം ഉറപ്പുണ്ട്. ശബരിമല പ്രശ്‌നമുണ്ടായപ്പോള്‍ ഞാന്‍ എടുത്ത അത്രയും ശക്തമായ നിലപാട് ആരും എടുത്തില്ല. ശബരിമല പ്രശ്‌നമുണ്ടായപ്പോള്‍ ഞാനും എന്റെ സഹപ്രവര്‍ത്തകരും മാത്രമാണ് അയ്യപ്പ ഭക്തരെ സഹായിക്കാന്‍ പമ്പയിലും ശബരിമലയിലും ഉണ്ടായിരുന്നത്. ബിജെപി പോലും 19 ാം തീയതിക്ക് ശേഷമാണ് വന്നത്. അതുവരെ ശ്രീധരന്‍പിള്ള പോലും പത്തനംതിട്ടയില്‍ സത്യാഗ്രഹം കിടന്നതല്ലാതെ ഈ സ്ത്രീകളെ തടയാന്‍ കണ്ടില്ല. 

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയേപ്പറ്റി

ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തിയ രഹന ഫാത്തിമയെ ഒളിവില്‍ താമസിപ്പിച്ചത് പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ വീണാ ജോര്‍ജിന്റെ വീട്ടിലായിരുന്നു എന്ന ആരോപണമുണ്ട്. മാത്രമല്ല അയ്യപ്പഭക്തരെ പോലീസ് തല്ലിച്ചതയ്ക്കുമ്പോള്‍ ഇവര്‍ അത് കൈകൊട്ടി ആസ്വദിച്ചു എന്നും പറയപ്പെടുന്നുണ്ട്. പിണറായി വിജയന്റെ വര്‍ഗീയ മതിലിന് നേതൃത്വം കൊടുത്തതും വീണാ ജോര്‍ജാണ്. ആ വീണാ ജോര്‍ജ് ശബരിമല ശാസ്താവിന്റെ പത്തനംതിട്ടയില്‍ എംപി ആവുകയെന്നത് എത്ര നാണംകെട്ട വ്യാമോഹമാണ്. ആരും വോട്ടുചെയ്യില്ല, ദയനീയ പരാജയമായിരിക്കും അക്കാര്യത്തില്‍ സംശയം വേണ്ട. 

ശബരിമലയിലാണ് ബിജെപിയുടെയും കണ്ണ്‌

ഒരു രാഷ്ട്രീയകക്ഷി എന്ന നിലയില്‍ ശബരിമല വിഷയം ഉപയോഗിക്കാന്‍ ബിജെപിക്കും അവകാശമുണ്ട്. അതില്‍ തെറ്റുപറയാനില്ല. പക്ഷെ അവരും സമര രംഗത്ത് വന്നത് ഒക്ടോബര്‍ 19-ാം തിയതിക്ക് ശേഷമാണ്. ശബരിമല നടതുറന്ന് 13,14,15,16,17,18 തിയതികളിലൊന്നും ഇവരാരും അവിടെ ഇല്ല. ഞാനും എന്റെ സഹപ്രവര്‍ത്തകരുമെ അവിടെയുള്ളു. എന്റെ സഹപ്രവര്‍ത്തകര്‍ സ്വാമി ശരണം വിളിച്ചതുകൊണ്ടാണ് സ്ത്രീകളെ തടയാന്‍ കഴിഞ്ഞത്. അന്ന് കോണ്‍ഗ്രസോ ബിജെപിയോ ശബരിമല പ്രശ്‌നത്തില്‍ മുന്നില്‍ വന്നിരുന്നില്ല. 

ശബരിമല വിഷയത്തിലുണ്ടായേക്കാവുന്ന വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടയാക്കില്ലെ പി.സി. ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വം? 

ശബരിമല വിഷയത്തില്‍ ഒന്നിച്ചേക്കാവുന്ന വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടയാകുമോ എന്നത് വെറുതെയാണ്. അവിടെ ജനങ്ങള്‍ക്കറിയാം ഞാനാണോ ശ്രീധരന്‍ പിള്ളയാണോ വേണ്ടത് എന്ന്. ബിജെപി അവിടെ നില്‍ക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ബിജെപിയുടെ ആളുകളുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്. എന്നോട് അനുകൂലമായ സമീപനമാണ് ഈ നിമിഷം വരെ എടുത്തിട്ടുള്ളത്. തര്‍ക്കമുണ്ടെങ്കില്‍ അവര്‍ പറയട്ടെ. ശബരിമലയുടെ പേരില്‍ പത്തനംതിട്ടയിലെ വോട്ട് ഭിന്നിപ്പിക്കുന്ന നിലപാടിന് ഞാനില്ല. അത്തരമൊരു രാഷ്ട്രീയം എനിക്കില്ല. കേരള ജനപക്ഷം എന്ന രാഷ്ട്രീയത്തിലാണ് ഞാന്‍ നില്‍ക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും ഒഴിച്ചുള്ളത് ജനപക്ഷമാണെന്നതാണ് എന്റെ ചിന്ത. 

എല്‍ഡിഎഫും യുഡിഎഫും അല്ലാതെ വേറൊരു രാഷ്ട്രീയത്തിന് ഇടമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ആ ഇടം കേരള ജനപക്ഷമാകാനുള്ള ശ്രമമാണ് നടത്തുന്നത്. അതിനകത്ത് ലോക്‌സഭയോ രാജ്യസഭയോ എംഎല്‍എ സ്ഥാനമോ വലിയ ആനക്കാര്യമായി ഞാന്‍ കരുതുന്നില്ല.

Content Highlights: P.C George, UDF,Thomas Chazhikadan, V N Vasavan, LDF, Kerala Janapaksham, Loksabaha Election, BJP, Sabarimala Issue