കേരളത്തില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമാകാന്‍ പി.സി ജോര്‍ജ് എംഎല്‍എ. ഇദ്ദേഹത്തിന്റെ പാര്‍ട്ടിയായ കേരള ജനപക്ഷത്തിനെ എന്‍ഡിഎ മുന്നണിയുടെ ഭാഗമാക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. യുഡിഎഫില്‍ ഉള്‍പ്പെടുത്താമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നും വിശ്വാസത്തെ തകര്‍ക്കുന്ന ഇടതുപക്ഷവുമായി യോജിച്ചുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

എന്‍ഡിഎ മുന്നണിയുടെ ഭാഗമാകാന്‍ ശ്രമം നടക്കുന്നുതായി വാര്‍ത്തകള്‍ ഉണ്ടല്ലോ? 

കേരള രാഷ്ട്രീയത്തിലെ ഒരു രാഷ്ട്രീയ കക്ഷിയെന്ന നിലയില്‍ കേരള ജനപക്ഷം ഏതെങ്കിലും മുന്നണിയില്‍ ചേരാനുള്ള തീരുമാനത്തിലാണ്. വിശ്വാസികളെ അടിച്ചു തകര്‍ക്കുന്ന നാണംകെട്ട ഭരണം നടത്തുന്ന ഇടതുപക്ഷവുമായി യോജിച്ചുപോകാന്‍ കഴിയില്ല. അതോടൊപ്പം കേരള ജനപക്ഷത്തിനെ അപമാനിച്ച കോണ്‍ഗ്രസുമായി യോജിച്ചു പോകാനും കഴിയില്ല. 

ഉമ്മന്‍ചാണ്ടിയും പിണറായി വിജയനും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. രണ്ടും വര്‍ഗീയവാദികളാണ്. അവരുമായി യോജിച്ചുപോകാന്‍ സാധിക്കില്ല. പിന്നെ  ചേര്‍ന്നുപോകാന്‍ സാധിക്കുന്ന മുന്നണി എന്‍ഡിഎ ആണുള്ളത്. 

ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിയോ? 

കഴിഞ്ഞ ദിവസം കേരള ജനപക്ഷത്തിന്റെ സംസ്ഥാന കമ്മിറ്റി ചേര്‍ന്നിരുന്നു. വിഷയത്തില്‍ സ്റ്റേറ്റ് കമ്മിറ്റി എന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പലകാര്യങ്ങളും ചര്‍ച്ച ചെയ്യാനുണ്ട്. നാലഞ്ചുദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. അതല്ലാതെ പത്തനംതിട്ടയുമായി ഇതിനു ബന്ധമില്ല. 

ബിജെപിയുടെ ചില നേതാക്കന്മാരുമായും മുന്നണിപ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി സംസാരിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഇപ്പോള്‍ പറയാന്‍ പറ്റില്ല. നാലഞ്ചുദിവസത്തിനകം ഇക്കാര്യത്തില്‍ ഒരു തീരുമാനം അറിയിക്കും. 

പത്തനംതിട്ടയിലെ മത്സര രംഗത്ത് നിന്ന് പിന്മാറിയിരുന്നല്ലോ, അതിന് ശേഷം വീണ്ടും മത്സരിക്കുമെന്നും പറഞ്ഞിരുന്നു?

കോണ്‍ഗ്രസ് എന്നെ വഞ്ചിക്കുകയായിരുന്നു. പത്തനംതിട്ടയില്‍ നിന്ന് പിന്മാറിയാല്‍ മുന്നണിയില്‍ ഉള്‍പ്പെടുത്താം എന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിരുന്നു. ഇതാണ് മത്സര രംഗത്ത് നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. എന്നാല്‍ അവര്‍ വഞ്ചിച്ചു. വഞ്ചകന്മാരുമായി ഇനി ഒരു കൂട്ടുകെട്ടുമില്ല. മുന്നണിയില്‍ ഉള്‍പ്പെടുത്താമെന്ന് പറഞ്ഞ് ചര്‍ച്ചകള്‍ക്കായി പലയിടത്തേക്കും വിളിച്ചുവരുത്തി അപമാനിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായാണ് ചര്‍ച്ചകള്‍ നടത്തിയത്. കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടാണ് യുഡിഎഫ് പ്രവേശനത്തിന് കത്തുനല്‍കിയത്. ആ കത്തിന് മറുപടിപോലും ഇതുവരെ തന്നിട്ടില്ല.

Content Highlights: PC George MLA tobe Join NDA