കോട്ടയം: ജനപക്ഷം ചെയർമാൻ പി.സി. ജോർജിനെയുൾപ്പെടെ രംഗത്തിറക്കി പത്തനംതിട്ടയിൽ കെ. സുരേന്ദ്രനുവേണ്ടി പ്രചാരണം മുറുക്കാൻ ബി.ജെ.പി. ശബരിമല കർമസമിതി നടത്തിയ പ്രക്ഷോഭങ്ങളിലും ജോർജുണ്ടായിരുന്നു. ജോർജിന്റെ വരവ് ക്രിസ്ത്യൻ മേഖലകളിൽ ചലനമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ക്രൈസ്തവ സമുദായങ്ങൾക്ക് നിർണായക പ്രാധാന്യമുള്ള മണ്ഡലത്തിൽ ഈ വോട്ടുകളിൽ വിള്ളൽ വീഴ്ത്തുകയെന്നതാണ് ലക്ഷ്യം.

2014-ൽ പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും യു.ഡി.എഫ്. വോട്ടുകളിൽ വലിയ ചോർച്ചയുണ്ടായി. 33,189 വോട്ടുകളാണ് കുറഞ്ഞത്. കോൺഗ്രസ് സ്ഥാനാർഥി ആന്റോ ആന്റണിയുമായി പി.സി. ജോർജിനുള്ള നീരസത്തിൽ ഇപ്പോഴും മാറ്റമില്ല. രാഹുൽ ഗാന്ധിയുടെ കേരളത്തിലെ സാന്നിധ്യം ന്യൂനപക്ഷ വോട്ടുകളിൽ പ്രതിഫലിക്കുമോയെന്ന ആകുലതയും എൻ.ഡി.എ. നേതൃത്വത്തിനുണ്ട്.

വിശ്വാസസംരക്ഷണത്തിന് മുൻപന്തിയിലുണ്ടായിരുന്നത് ചൂണ്ടിക്കാട്ടി സുരേന്ദ്രന് വോട്ട് ചെയ്യണമെന്ന പ്രചാരണത്തിനാകും ജോർജ് മുൻതൂക്കം നൽകുക. ചർച്ച് ആക്ടിനെതിരേയും ജോർജ് പരസ്യമായി പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം കരുത്തിൽ പൂഞ്ഞാറിൽ ജയം കുറിച്ചുവെന്നതാണ് ജോർജിനെ ബി.ജെ.പി.ക്ക് പ്രിയങ്കരനാക്കുന്നത്. അതേസമയം, എൻ.ഡി.എ.യുമായി അടുക്കാനുള്ള ജനപക്ഷത്തിന്റെ ശ്രമങ്ങൾ പൂർണതയിലെത്തിയിട്ടില്ല. ഈരാറ്റുപേട്ടയിൽ തനിക്കെതിരേ രൂപപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കത്തിന് ജോർജ് വേഗം കുറച്ചത്.

അദ്ഭുതം ആവർത്തിക്കും

പൂഞ്ഞാർ മണ്ഡലത്തിൽ സ്വതന്ത്രനായി ജയിച്ച് ചരിത്രം തിരുത്തിയ വ്യക്തിയാണ് പി.സി. ജോർജ്. ഈ അദ്ഭുതം ആവർത്തിക്കുന്ന സാഹചര്യമാണുളളത്.

-കെ. സുരേന്ദ്രൻ, ബി.ജെ.പി. സ്ഥാനാർഥി

സ്ഥാനാർഥിയോടുള്ള താത്പര്യം

ബി.ജെ.പി.ക്ക് വേണ്ടിയല്ല എന്റെ പ്രചാരണം. സ്ഥാനാർഥിയുടെ മേൻമ ജനങ്ങളിലേക്കെത്തിക്കും. കെ. സുരേന്ദ്രന് മികച്ച ഭൂരിപക്ഷം കിട്ടും.

പി.സി. ജോർജ്, ജനപക്ഷം ചെയർമാൻ

Content Highlights: pc george-k surendran-pathanamthitta