പത്തനംതിട്ട: മഴ പെയ്തോട്ടെ...കാറ്റുവീശട്ടെ... ഇതൊന്നും ഞങ്ങളുടെ ആവേശത്തെ തളർത്തില്ല... കനത്തമഴയിലും പത്തനംതിട്ട നഗരത്തെ അലകടലാക്കി അമിത് ഷായുടെ റോഡ്ഷോ.

ബി.ജെ.പി.യുടെ അമരക്കാരനൊപ്പം എൻ.ഡി.എ. സ്ഥാനാർഥി കെ.സുരേന്ദ്രനും സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയും പി.സി.ജോർജ് എം.എൽ.എ.യും ചേർന്നതോടെ അണികളുടെ ആവേശം ഇരട്ടിയായി. മഴ ശക്തമായിട്ടും അലങ്കാര വാഹനത്തിന് ചുറ്റും പൂക്കൾ വാരിവിതറിയും മുദ്രാവാക്യം മുഴക്കിയും പ്രവർത്തകർ നടന്നുനീങ്ങി. ആവേശമായി. അലകടലായി.

പുഷ്പവൃഷ്ടിയുടെ നടുവിലൂടെ

ഉച്ചമുതൽ വിവിധ പ്രദേശങ്ങളിൽനിന്നുള്ള പ്രവർത്തകർ പത്തനംതിട്ട നഗരത്തിലെത്തിയിരുന്നു. 3.30-ഓടെ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ അമിത് ഷാ വന്നിറങ്ങിയെന്നറിഞ്ഞതോടെ അണികളുടെ ആവേശം അണപൊട്ടി. നാലുമണിയോടെ ആശുപത്രി ജങ്ഷന് സമീപം പ്രത്യേകം തയ്യാറാക്കിയ വാഹനത്തിനരികിലേക്ക് അമിത്ഷായുടെ വാഹനം എത്തിചേർന്നു. പുഷ്പവൃഷ്ടി നടത്തി പ്രവർത്തകർ അദ്ദേഹത്തെ തുറന്ന വാഹനത്തിലേക്ക് ആനയിച്ചു.

മുന്നിൽ നരേന്ദ്രമോദി സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിളിച്ചോതിയുള്ള പ്രത്യേകം സജ്ജമാക്കിയ വാഹനം. അതിനുപിന്നാലെ ചെണ്ടമേളം, ഫ്ലോട്ടുകൾ, അതിന്‌ പിന്നിൽ ബി.ജെ.പി., ബി.ഡി.ജെ.എസ്., ജനപക്ഷം പാർട്ടികളുടെ കൊടിയുമേന്തി ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി പ്രവർത്തകർ. ഏറ്റവും പിന്നിലായി ചുറ്റും കൂടിനിന്ന ജനസഞ്ചയത്തെ അഭിവാദ്യം ചെയ്തുള്ള അമിത്ഷായുടെ വാഹനം.

മുക്കാൽ കിലോമീറ്റർ പിന്നിട്ടത് ഒരുമണിക്കൂർ കൊണ്ട്. ക്രിക്കറ്റ് താരം ശ്രീശാന്തും സ്വാമി അയ്യപ്പൻ ടെലിഫിലിം നായകൻ കൗശിക് ബാബുവും അണികൾക്ക് ആവേശമായി.

എല്ലാവരെയും അഭിവാദ്യം ചെയ്ത് നേതാക്കൾ അബാൻ ജങ്ഷനിലെത്തിയപ്പോൾ മഴയും കാറ്റും ശക്തമായി. മുദ്രാവാക്യങ്ങൾക്കും ശക്തിയേറി. കാലാവസ്ഥ പ്രതികൂലമായി തുടരുന്നതിനിടെ സമാപന വേദിയായ നഗരസഭ ബസ് സ്റ്റാൻഡിന് അൻപതുമീറ്റർ അകലെ അബാൻ ജങ്ഷനിൽ അമിത് ഷാ യാത്ര അവസാനിപ്പിച്ചു. രണ്ടു മിനിറ്റ്‌ പ്രവർത്തകരോട് സംസാരിച്ച് അദ്ദേഹം മടങ്ങി.

ഇതിനുശേഷം എൻ.ഡി.എ. സ്ഥാനാർഥിക്ക് അഭിവാദ്യമർപ്പിച്ച പ്രവർത്തകർ റോഡിൽ നിലയുറപ്പിച്ചു. പി.സി.ജോർജും സുരേന്ദ്രനും അശോകൻ കുളനടയും നഗരസഭ ബസ് സ്റ്റാൻഡിന് സമീപത്തെ വേദിയിലെത്തി പ്രസംഗിച്ച ശേഷമാണ് അണികൾ മടങ്ങിപ്പോയത്.

സ്ത്രീപങ്കാളിത്തം ശ്രദ്ധേയം

ലോക്‌സഭാ മണ്ഡലത്തിൽ എൻ.ഡി.എ.യുടെ ശക്തിപ്രകടനമായി മാറിയ റോഡ്‌ഷോയിൽ നിരവധി സ്ത്രീകളാണ് പങ്കെടുത്തത്. താമര ആലേഖനം ചെയ്ത കുങ്കുമ, ഹരിത വർണത്തിലുള്ള തൊപ്പിയും ഷാളും റിബണും ധരിച്ചാണ് യുവതികൾ അണിനിരന്നത്. തന്നെ കാത്തിരുന്ന അമ്മമാരെ കൂപ്പുകൈയോടെ, ചെറുപുഞ്ചിരിയോടെ അഭിവാദ്യം ചെയ്താണ് ബി.ജെ.പി. അധ്യക്ഷന്റെ റോഡ് ഷോ മുന്നോട്ടുനീങ്ങിയത്. പരിപാടി മുഴുവൻ കഴിഞ്ഞശേഷമാണ് മഴയിൽ കുതിർന്ന് അമ്മമാർ മടങ്ങിപ്പോയത്.

Content Highlights: Pathanamthitta Amit Sha Road Show pathanamthitta