പത്തനംതിട്ട: പത്തനംതിട്ട ലോകസഭാ മണ്ഡലം എന്‍.ഡി.എ.സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് മുഖ്യവരണാധികാരിയായ കളക്ടര്‍ പി.ബി.നൂഹ് മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. രണ്ടു സെറ്റ് പത്രികകളാണ് നല്‍കിയത്.

സ്ഥാനാര്‍ഥിക്ക് ഹരിത തിരഞ്ഞെടുപ്പ് ചട്ടം സംബന്ധിച്ച ലഘുലേഖ കളക്ടര്‍ കൈമാറി. ബി.ജെ.പി. സംസ്ഥാന സമിതിയംഗം ടി.ആര്‍.അജിത്കുമാര്‍, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട, ബി.ഡി.ജെ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ കെ. ഹരിദാസ് എന്നിവര്‍ സ്ഥാനാര്‍ഥിയോടൊപ്പം ഉണ്ടായിരുന്നു.

കെ.സുരേന്ദ്രന് ബാങ്ക് നിക്ഷേപമായുള്ളത് 54000 രൂപയാണുള്ളത്. നാമനിര്‍ദേശപത്രികയോടൊപ്പം നല്‍കിയ സ്വത്തുവിവരങ്ങളുടെ കണക്കിലാണ് ഇക്കാര്യം രേഖപ്പെടുത്തിയത്. 25000 രൂപ വിലമതിക്കുന്ന സ്വര്‍ണവും സുരേന്ദ്രനുണ്ട്. 29 സെന്റ് ഭൂമിയാണ് സ്വന്തമായുള്ളത്.

13.50 ലക്ഷം രൂപയുടെ ബാങ്ക് വായ്പയുണ്ട്. ഇതിന് പുറമേ മൂന്നരലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും പാര്‍ട്ടി മുഖപത്രത്തില്‍ 1000 രൂപ ഷെയറുമുണ്ട്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി എന്‍.ഡി.എ. സ്ഥാനാര്‍ഥിയുടെ പേരില്‍ 20-കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.

പത്രിക സമര്‍പ്പിച്ച് പുറത്തിറങ്ങിയ കെ.സുരേന്ദ്രന് ഹരിത തിരഞ്ഞെടുപ്പിന്റ സൂചകമായി ജില്ലാ ശുചിത്വമിഷന്‍ പ്രവര്‍ത്തകര്‍ സമ്മാനങ്ങള്‍ നല്‍കി. ആലിലയില്‍ എഴുതിയ ആംശസാകാര്‍ഡ് സ്ഥാനാര്‍ഥിയുടെ വസ്ത്രത്തില്‍ പതിച്ചു. പത്തനംതിട്ടയില്‍ എന്‍.ഡി.എ. അട്ടിമറി വിജയം നേടുമെന്ന് കെ.സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. കക്ഷി, രാഷ്ട്രീയ, ജാതിമത ചിന്തകള്‍ വെടിഞ്ഞ് ജനങ്ങള്‍ ഒറ്റക്കെട്ടായി എന്‍.ഡി.എ.യുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നത് ഇതിന്റെ സൂചനയാണ്. എല്‍.ഡി.എഫും യു.ഡി.എഫും രണ്ടാം സ്ഥാനത്തിനുവേണ്ടിയാണ് മല്‍സരിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

നേരത്തെ നഗരസഭാ ബസ്സ്റ്റാന്‍ഡിന് സമീപമുള്ള കെ.കെ.നായരുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് കെ.സുരേന്ദ്രന്‍ കളക്ടറേറ്റില്‍ എത്തിയത്. രാവിലെ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷമാണ് എന്‍.ഡി.എ.സ്ഥാനാര്‍ഥിയുടെ പര്യടനം തുടങ്ങിയത്.

തുടര്‍ന്ന് ചെന്നീര്‍ക്കര പഞ്ചായത്തിലെ ആത്രപാട്, കാളീഘട്ട് കോളനികളിലെത്തി എന്‍.ഡി.എ.സ്ഥാനാര്‍ഥി വോട്ടുതേടി. പിന്നീട് കവിയൂര്‍ ഹനുമാന്‍ ക്ഷേത്രത്തിലും ഇലന്തൂര്‍ ഗണപതി ക്ഷേത്രത്തിലും മലയാലപ്പുഴ ദേവീ ക്ഷേത്രത്തിലും കെ.സുരേന്ദ്രന്‍ ദര്‍ശനം നടത്തി.

ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ആര്‍.നായര്‍, ആറന്മുള മണ്ഡലം പ്രസിഡന്റ് അഭിലാഷ്, കര്‍ഷക മോര്‍ച്ചാ സംസ്ഥാന വൈസ് പ്രിസിഡന്റ് കെ.കെ.സുശീല്‍, എസ്.സി.മോര്‍ച്ചാ ജില്ലാ പ്രസിഡന്റ് കെ.കെ.ശശി, മഹിളാമോര്‍ച്ചാ ജില്ലാ ജനറല്‍ സെക്രട്ടറി ജയാശ്രീകുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Content Highlights: K Surendran Submit nomination Paper