ആറന്മുള: തന്നെ സ്നേഹിക്കാനും ആവേശം തരാനും ഒത്തുകൂടുന്ന ആയിരക്കണക്കിന് അമ്മമാരാണ് തന്റെ ശക്തിയെന്ന് എൻ.ഡി.എ.സ്ഥാനാർഥി കെ. സുരേന്ദ്രൻ. എൻ.ഡി.എ. ആറന്മുള നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസ സംരക്ഷണത്തിനായി ആദ്യം തെരുവിലിറങ്ങിയത് അമ്മമാരാണ്. അവർ തെളിച്ചിട്ട വഴിയിലൂടെയായിരുന്നു പിന്നീടുള്ള സമരങ്ങളെല്ലാം. കാലിടറാതെ കരുത്ത് പകർന്നതും കൈപിടിച്ച് മുന്നോട്ട് നടത്തിയതും അവർതന്നെയാണ്. ഇത് തിരഞ്ഞെടുപ്പ് രംഗത്തും ആത്മവിശ്വാസം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷിത മണ്ഡലം തേടി രാഹുൽഗാന്ധി കേരളത്തിലേക്ക് വന്നത് കോൺ‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാണെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. ഉത്തരേന്ത്യയിൽ ബി.ജെ.പി.യെ ഭയന്നാണ് രാഹുൽ കേരളത്തിലെത്തിയത്. ബാലാക്കോട്ടിലെ സൈനിക നടപടിയെ വരെ ചോദ്യം ചെയ്യുന്ന കോൺഗ്രസിൽ ദേശീയവാദികൾ നിൽക്കില്ല. പത്തനംത്തിട്ടയിൽ ഉൾപ്പെടെ കേരളത്തിന്റെ പല മണ്ഡലങ്ങളിലും താമര വിരിയുമെന്നും അദ്ദേഹം പറഞ്ഞു.

ആറന്മുള ആൽത്തറ ജങ്‌ഷനിലെത്തിയ കെ.സുരേന്ദ്രനെ പ്രവർത്തകർ കൺവെൻഷൻ നടന്ന ശ്രീകൃഷ്ണ ഓഡിറ്റോറിയത്തിലേക്ക് വഞ്ചിപ്പാട്ട് പാടി ആനയിച്ചു. ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജി.രാമൻ നായർ, ജില്ലാപ്രസിഡൻറ് അശോകൻ കുളനട, ബി.ഡി.ജെ.എസ്. ജില്ലാ സെക്രട്ടറി പി.സി.ഹരി, ആറന്മുള മണ്ഡലം പ്രസിഡന്റ് വിജയ വിദ്യാസാഗർ, ബി.ജെ.പി. ജില്ലാജനറൽ സെക്രട്ടറി ഷാജി ആർ നായർ, ജില്ലാസെക്രട്ടറി കൃഷ്ണകുമാർ, യുവമോർച്ചാ മണ്ഡലം പ്രസിഡൻറ് ഹരീഷ് പൂവത്തൂർ എന്നിവർ പ്രസംഗിച്ചു.

Ranniഎൻ.ഡി.എ.നിയോജക മണ്ഡലം കൺവെൻഷൻ 

റാന്നി: എൻ.ഡി.എ. റാന്നി നിയോജക മണ്ഡലം കൺവെൻഷൻ ഗായകൻ കെ.ജി.ജയൻ ഉദ്ഘാടനം ചെയ്തു. ജനഹൃദയം എന്തെന്ന് മനസ്സിലാക്കിയ നേതാവാണ് എൻ.ഡി.എ. സ്ഥാനാർഥി കെ.സുരേന്ദ്രനെന്ന് അദ്ദേഹം പറഞ്ഞു.

ബി.ജെ.പി.റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് ഷൈൻ ജി.കുറുപ്പ് അധ്യക്ഷത വഹിച്ചു. പത്തനംതിട്ടയിൽ ചരിത്രം രചിക്കപ്പെടാൻ പോവുകയാണെന്ന് സ്ഥാനാർഥി കെ.സുരേന്ദ്രൻ പറഞ്ഞു. എൻ.ഡി.എ.നേതാക്കളായ ജെ.ആർ.പദ്‌മകുമാർ, കെ.പദ്‌മകുമാർ, പ്രമീളാദേവി, അശോകൻ കുളനട, റ്റി.ആർ.അജിത്ത് കുമാർ, ഷാജി ആർ.നായർ, മധു പരുമല, ബോബി കാക്കാനപ്പള്ളി, പ്രസാദ് എൻ.ഭാസ്കരൻ, കെ.ഹരികുമാർ, അയ്യപ്പൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

വിവിധ പാർട്ടികൾ വിട്ട് ബി.ജെ.പി.യിൽ ചേർന്ന ഇരുന്നൂറോളം പേരെ കെ.സുരേന്ദ്രൻ ഷാളണിയിച്ച് സ്വീകരിച്ചു. സ്ത്രീകളടക്കം നിരവധി പ്രവർത്തകർ കൺവെൻഷനിലും തുടർന്നുനടന്ന റോഡ് ഷോയിലും പങ്കെടുത്തു. മാമുക്കിൽനിന്നാരംഭിച്ച റോഡ് ഷോ ഇട്ടിയപ്പാറ, മാമുക്ക്, പെരുമ്പുഴ വഴി ബ്ലോക്കുപടിയിലെത്തി സമാപിച്ചു.

Content Highlights: K Surendran NDA Candiate Loksabha Election Pathanamthitta