പത്തനംതിട്ട: മത ന്യൂനപക്ഷങ്ങളെ ഭയാശങ്കയിലാക്കി ഇടതുപക്ഷം നടത്തിയ ഹീനമായ പ്രചാരണമാണ് രാജ്യം മുഴുവന്‍ തിരസ്‌കരിച്ചപ്പോഴും കോണ്‍ഗ്രസിനെ സ്വീകരിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ നിര്‍ബന്ധിതരായതെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍. പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍.  

ഇന്ത്യാ രാജ്യം മുഴുവന്‍ ജനങ്ങള്‍ കോണ്‍ഗ്രസിനെ തിരസ്‌കരിച്ചപ്പോള്‍ ഇടതുപക്ഷം നടത്തിയത്‌ വിഷലിപ്തമായ പ്രചാരണമാണ്, ശബരിമലയോട് അവര്‍ കാണിച്ച നീചമായ പ്രവൃത്തി ഒരു വലിയ ജന വിഭാഗത്തിനിടയില്‍ കോണ്‍ഗ്രസിന് അനുകൂലമായ വികാരമുണ്ടാക്കി. പത്തനംതിട്ടയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 1,20,000 വോട്ടുകള്‍ അധികമായി സമാഹരിക്കാന്‍ എന്‍ഡിഎയ്ക്ക് സാധിച്ചു. 

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 1,36000 വോട്ടുകളാണ് ലഭിച്ചത്. ഇത്തവണ മൂന്നുലക്ഷത്തിലധികം വോട്ടുകളാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ഞങ്ങള്‍ക്ക് വോട്ട് ചെയ്താല്‍ പിണറായി വിജയന്റെ സ്ഥാനാര്‍ഥി വിജയിച്ചുപോകുമോ എന്ന ആശങ്ക കുറച്ചാളുകള്‍ക്കെങ്കിലും ഉണ്ടായിരുന്നുവെന്ന് സമ്മതിക്കുന്നു. ഞങ്ങള്‍ പ്രതീക്ഷിച്ച അത്രയും ഭൂരിപക്ഷ വോട്ടുകള്‍ ലഭിച്ചിട്ടില്ല. 

കോന്നി, അടൂര്‍ നിയമസഭാ മണ്ഡലത്തില്‍ എതാണ്ട് ആയിരം വോട്ടിനാണ് ഞങ്ങള്‍ രണ്ടാമത് എത്തിയത്. സര്‍വീസ് വോട്ടുകള്‍ കൂടി എണ്ണിക്കഴിയുമ്പോള്‍ മൂന്നുലക്ഷം വോട്ടുകള്‍ ഞങ്ങള്‍ മറികടക്കും.  വലിയ തോതില്‍ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

കേരളത്തില്‍ ഇടതുമുന്നണിയുടെ ദയനീയമായ പരാജയമാണ് ഉണ്ടായിരിക്കുന്നത്. വിശ്വാസികളോട് പിണറായി വിജയന്‍ എടുത്ത നിലപാടുകളാണ് ഈ തിരിച്ചടിക്ക് കാരണമെന്നും സുരേന്ദ്രൻ പറഞ്ഞു. 

Content Highlights: K Surendran NDA 2019 Loksabha Election