കോന്നി: പ്രവര്‍ത്തകരുടെ ആവേശം കെ.സുരേന്ദ്രന്റെ ആത്മവിശ്വാസമുയര്‍ത്തുന്നു. അവരുടെ ആവേശത്തിനൊപ്പം സ്ഥാനാര്‍ഥിയും കിലോമീറ്ററുകളോളം വാഹനം ഉപേക്ഷിച്ച് നടന്നു. പ്രവര്‍ത്തകരിലൊരാളായിമാറുന്ന ബി.ജെ.പി. സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്റെ റോഡ്‌ഷോ കോന്നിയെയും അടൂരിനേയും ഇളക്കിമറിച്ചു.

തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കോന്നി ചിറ്റൂര്‍ മുക്കില്‍നിന്നാണ് ബി.ജെ.പി. എന്‍.ഡി.എ. പ്രവര്‍ത്തകര്‍ സുരേന്ദ്രനെ സ്വീകരിച്ചത്. വഴിയില്‍ കണ്ടവരോടെല്ലാം അദ്ദേഹം വോട്ട് തേടി. വാഹനങ്ങളും വാദ്യമേളങ്ങളുമായി ബി.ജെ.പി. പ്രവര്‍ത്തകര്‍ നാടിനെ ഇളക്കി.

മാമ്മൂട്, പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ്, കോന്നി ടൗണ്‍, ചൈനാമുക്ക് വഴി എലിയറക്കല്‍ സമാപിച്ചു. പ്രവര്‍ത്തകരോടൊപ്പം നടന്നാണ് സുരേന്ദ്രനും അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഇരുചക്രവാഹനങ്ങളിലും കാറുകളിലുമായി അടൂരിലെ റോഡ് ഷോയില്‍ പങ്കെടുത്തു. 

കോന്നിയിലെ പരിപാടി കഴിഞ്ഞ് വൈകീട്ട് ഏഴിനാണ് സുരേന്ദ്രന്‍ അടൂരില്‍ എത്തിയത്. ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് കൊടുമണ്‍ ആര്‍.ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ അടൂര്‍ സെന്റര്‍ ടോളില്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചു.

അടൂരില്‍ നിന്ന് പന്തളത്തെത്തിയ സ്ഥാനാര്‍ത്ഥിയെ മെഡിക്കല്‍ മിഷന്‍ കവലയില്‍ ബി.ജെ.പി. നഗരസഭാ കമ്മിറ്റി സ്വീകരിച്ചു.  പന്തളത്തെ വോട്ടര്‍മാരെ അഭിവാദ്യം ചെയ്തു. പന്തളം കവലയില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് നടന്ന സമരത്തില്‍ മരണപ്പെട്ട ചന്ദ്രനുണ്ണിത്താന്റെയും ശിവദാസനാചാരിയുടെയും ചിത്രത്തിനു മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം പന്തളം കൊട്ടാരത്തിലെത്തി വലിയതമ്പുരാട്ടി തന്വംഗി തമ്പുരാട്ടിയെക്കണ്ട് അനുഗ്രഹം വാങ്ങി.

കൊട്ടാരം നിര്‍വ്വാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാര്‍ വര്‍മ്മ, സെക്രട്ടറി പി.എന്‍.നാരായണവര്‍മ്മ എന്നിവരെ കണ്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്.

Content Highlights: K Surendran Election road Show BJP Loksabha Election