പത്തനംതിട്ട: എന്‍ഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ വിശ്വാസികളുടെ പ്രതിനിധിയെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പത്തനംതിട്ടയില്‍ നടന്ന എന്‍ഡിഎയുടെ റോഡ് ഷോയ്ക്കിടെയായിരുന്നു അമിത് ഷായുടെ പരാമര്‍ശം. കനത്ത മഴയെ തുടര്‍ന്ന് റോഡ് ഷോയ്ക്ക് ശേഷം നടത്താനിരുന്ന പൊതുയോഗം ഉപേക്ഷിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വാഹനത്തില്‍ നിന്ന് പ്രവര്‍ത്തകരെ അമിത ഷാ അഭിസംബോധന ചെയ്ത്. 

ശബരിമലയില്‍ തന്നെയാണ് എന്‍ഡിഎ ഊന്നല്‍ നല്‍കുന്നതെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം പ്രസംഗിച്ചത്. സുരേന്ദ്രന്‍ ബിജെപിയുടേതല്ല ലോകമെമ്പാടുമുള്ള വിശ്വാസികളുടെ സ്ഥാനാര്‍ഥിയെന്നായിരുന്നു അമിത് ഷാ വിശേഷിപ്പിച്ചത്. വിശ്വാസ സംരക്ഷണത്തിനുള്ള സ്ഥാനാര്‍ഥിയാണ് സുരേന്ദ്രനെന്നും അദ്ദേഹത്തെ വിജയിപ്പിക്കണമെന്നും അമിത് ഷാ അഭ്യര്‍ഥിച്ചു. ചുരുക്കം ചില വാക്കുകള്‍ മാത്രമാണ് അദ്ദേഹം സംസാരിച്ചത്. 

മഴയെ അവഗണിച്ച് നൂറുകണക്കിന് പ്രവര്‍ത്തകരാണ് പത്തനംതിട്ടയില്‍ ബിജെപി അധ്യക്ഷന്റെ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയത്. മുന്‍കൂട്ടി നിശ്ചയിച്ച സമയത്തിനും വൈകിയാണ് അമിത് ഷാ തിരുവനന്തപുരത്തു നിന്ന് പത്തനംതിട്ടയിലെത്തിയത്. വൈകിട്ട് നാലുമണിക്ക് പത്തനംതിട്ട ജനറല്‍ ആശുപത്രി ജങ്ഷനില്‍ നിന്ന് റോഡ് ഷോ ആരംഭിച്ചു.  അരമണിക്കുറിന് ശേഷം പുതിയ ബസ്റ്റാന്‍ഡിന് സമീപമുള്ള സമ്മേളന സ്ഥലത്തേക്ക് എത്തുന്ന തരത്തിലാണ് റോഡ് ഷോ ആസൂത്രണം ചെയ്തത്. എന്നാല്‍ പ്രവര്‍ത്തകരുടെ വലിയ തോതിലുള്ള തിരക്ക് കാരണം അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് പതുക്കെ മാത്രമേ സഞ്ചരിക്കാനായുള്ളു. 

പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തതിന് ശേഷം അമിത് ഷാ ആലപ്പുഴയിലേക്ക് മടങ്ങി. എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള, ക്രിക്കറ്റ് താരം ശ്രീശാന്ത്, മുന്‍ വനിതാ കമ്മീഷന്‍ അംഗം പ്രമീളാ ദേവി, അടുത്തിടെ എന്‍ഡിഎയുടെ ഭാഗമായ ജനപക്ഷം നേതാവ് പി.സി. ജോര്‍ജ് എം.എല്‍.എ എന്നിവര്‍ റോഡ് ഷോയില്‍ പങ്കെടുത്തു.

Content Highlights: K Surendran Ayyappa devotees representative say Amit Shah