പത്തനംതിട്ട: ദേശീയ രാഷ്ട്രീയം പോലും ശ്രദ്ധിച്ച മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. കേരളത്തില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ വിജയിക്കുമെന്നും അതിലൊന്ന് പത്തനംതിട്ടയില്‍ നിന്നായിരിക്കുമെന്നും നിരവധി ശ്രുതികള്‍ മുഴങ്ങിയിരിക്കെയാണ് മൂന്നാം തവണയും യുഡിഎഫിന്റെ ആന്റോ ആന്റണിയെ തന്നെ പത്തനംതിട്ട അടുത്ത അഞ്ച് വര്‍ഷത്തേക്ക് ലോക്‌സഭയിലേക്ക് തിരഞ്ഞെടുത്തത്. 
 
കോട്ടയം ജില്ലയില്‍ പെട്ട കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളും തിരുവല്ല, റാന്നി, അടൂര്‍, ആറന്മുള, കോന്നി എന്നീ പത്തനംതിട്ട ജില്ലയില മണ്ഡലങ്ങളും ചേര്‍ന്നതാണ് പത്തനംതിട്ട ലോകസഭാ മണ്ഡലം. 2008 ലാണ് മണ്ഡലം നിലവില്‍ വന്നത്. 2009 മുതല്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തിന്റെ മനസ് യുഡിഎഫിനൊപ്പമായിരുന്നു. 2009 ല്‍ ഈ ഏഴ് മണ്ഡലങ്ങളിലും യുഡിഎഫ് ആയിരുന്നു ലീഡ് ചെയ്തിരുന്നത്. ഭൂരിപക്ഷം 1,11,206. 
 
അതേസമയം 2014 ല്‍ കാര്യങ്ങള്‍ അല്‍പം കൈവിട്ടു. ആന്റോ ആന്റണിയെ തന്നെ യുഡിഎഫ് കളത്തിലിറക്കിയപ്പോള്‍ മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്നു പീലിപ്പോസ് തോമസിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കി. സ്വതവേ കോണ്‍ഗ്രസിന് അനുകൂലമായ ന്യൂനപക്ഷ വോട്ടില്‍ അത് പിളര്‍പ്പുണ്ടാക്കുമെന്നായിരുന്നു എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. മാത്രമല്ല ബിജെപി 2014 ല്‍ പത്തനംതിട്ടയില്‍ നിര്‍ത്തിയത് സംസ്ഥാനത്തെ ശക്തനായ എം.ടി രമേശ് എന്ന നേതാവിനെയാണ്. 
 
ആറന്മുള സമരവുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ ഉണ്ടാക്കിയ അനുകൂല മനോഭാവം വോട്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു രമേശിന്റെ സ്ഥാനാര്‍ഥിത്വം. സ്വാഭാവികമായും കോണ്‍ഗ്രസിന്റെ വോട്ടില്‍ ബിജെപി പിളര്‍ത്തുമെന്നും അതിനിടയില്‍ കൂടി ജയിച്ചുകയറാമെന്നും എല്‍ഡിഎഫ് കണക്കുകൂട്ടിയെങ്കിലും 56,191 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആന്റോ ആന്റണി തന്നെ വീണ്ടും എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. 
 
2014ലും ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ലീഡ് നിലനിര്‍ത്താന്‍ ആന്റോ ആന്റണിക്ക് സാധിച്ചു. ഇതില്‍ അടൂര്‍ മണ്ഡലത്തില്‍ മാത്രമാണ് ലീഡ് അല്‍പം കുറഞ്ഞു നിന്നത്. എങ്കിലും ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു. ആന്റോ ആന്റണി 3,58,842 വോട്ട് നേടിയപ്പോള്‍ പീലിപ്പോസ് തോമസ് 3,02,651 വോട്ടുകള്‍ പെട്ടിയിലാക്കി. ബിജെപിയുടെ എം.ടി രമേശ് 1,38,954 വോട്ടുകളും നേടി. മണ്ഡലത്തിലെ എല്‍ഡിഎഫിന്റെയും ബിജെപിയുടെയും മികച്ച പ്രകടനമായിരുന്നു അന്നത്തേത്. 
 
ഇത്തവണ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞ തിരഞ്ഞെടുപ്പാണ് നടന്നിരിക്കുന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും കോട്ടങ്ങളും പറഞ്ഞ് വോട്ടുതേടുന്നതിനേക്കാള്‍ മണ്ഡലത്തിലുടനീളം ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങളും അതുമായി ബന്ധപ്പെട്ട പ്രശ്ങ്ങളുമാണ് കൂടുതലും ചര്‍ച്ചയായത്. സുവര്‍ണാവസരം വിജയമാക്കി മാറ്റാന്‍ എന്‍ഡിഎ മുന്നണിയായാണ് ഇത്തവണ ബിജെപി മത്സരിച്ചത്. ശബരിമല സമരത്തില്‍ ഇടപെട്ട് അറസ്റ്റും ജയില്‍വാസവും വരിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാവുകയും ചെയ്തു.
 
മറുവശത്ത് യുഡിഎഫ് ആന്റോ ആന്റണിയെ കളത്തിലിറക്കിയപ്പോള്‍ ആറന്മുള എംഎല്‍എ ആയ വീണാ ജോര്‍ജിനെ എല്‍ഡിഎഫ് രംഗത്തിറക്കി. വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി വളരെയധികം വോട്ടു പിടിക്കുമെന്നും വിജയസാധ്യത ഉണ്ടെന്നുമുള്ള പ്രവചനങ്ങളും ഉണ്ടായി.  എന്‍ഡിഎ പിടിക്കുക യുഡിഎഫിന്റെ പരമ്പരാഗത ഭൂരിപക്ഷ വോട്ടുകളായിരിക്കുമെന്നും ന്യൂനപക്ഷ വോട്ടുകള്‍ നേടിയാല്‍ വിജയം പിടിക്കാമെന്നുമാണ് എല്‍ഡിഎഫ് കണക്കുകൂട്ടിയത്. ഇതിനുള്ള തന്ത്രങ്ങള്‍ അവര്‍ ആസൂത്രണം ചെയ്തു.
 
മറുവശത്ത് എല്‍ഡിഎഫിനെയും എന്‍ഡിഎ യെയും എതിര്‍ക്കേണ്ട ഗതികേടിലായി യുഡിഎഫ്. പക്ഷെ വിജയം തങ്ങളോടൊപ്പമെന്ന് യുഡിഎഫും കരുതുന്നു. മൂന്നുമുന്നണികളും വിജയപ്രതീക്ഷ പുലര്‍ത്തിയ കേരളത്തിലെ അപൂര്‍വം മണ്ഡലങ്ങളിലൊന്നായിരുന്നു പത്തനംതിട്ട. പക്ഷെ മൂന്നാം തവണയും വിജയം ആന്റോ ആന്റണിക്കൊപ്പമായിരുന്നു. 
 
ഇത്തവണയും ഭൂരിപക്ഷം 50,000 ത്തിന് അടുത്തെത്തി. എന്നാല്‍ ഇത്തവണ മത്സരം കടുത്തതായിരുന്നു. മൂന്നുലക്ഷത്തിലേറെ വോട്ടുകള്‍ മൂന്നുസ്ഥാനാര്‍ഥികളും സമാഹരിച്ചു. 3,80,000 വോട്ടുകള്‍ സമാഹരിച്ച് ആന്റോ ആന്റണി ഒന്നാമതെത്തിയപ്പോള്‍ 3,40,000 വോട്ടുകള്‍ക്കടുത്ത് വീണാ ജോര്‍ജും നേടി. എന്‍ഡിഎയുടെ കെ. സുരേന്ദ്രനും മൂന്നുലക്ഷത്തോളം വോട്ടുകള്‍ സമാഹരിച്ചു. മൂന്നു സ്ഥാനാര്‍ഥികളും തമ്മില്‍ വോട്ട് ശതമാനത്തില്‍ അധികം വ്യത്യാസമില്ലാത്തത് ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്.
 
Content Highlights: Anto Antoney, UDF, 2019 Loksabha Election, Pathanamthitta