പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ ഉള്ളത് എന്‍ഡിഎ സ്ഥാനാര്‍ഥിയായ കെ. സുരേന്ദ്രന്റെ പേരിലാണ്. 240 കേസുകളാണ് സുരേന്ദ്രന്റെ പേരിലുള്ളത്. കേസുകളുടെ വിവരങ്ങള്‍ സുരേന്ദ്രന് പ്രസിദ്ധീകരിച്ചു. ബിജെപി ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയിലൂടെയാണ് കേസുകളുടെ വിവരങ്ങള്‍ സുരേന്ദ്രന് പ്രസിദ്ധീകരിച്ചത്.
ജന്മഭൂമിയുടെ നാലുപേജുകളില്‍ മുഴുവന്‍ സുരേന്ദ്രന്റെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ വിവരങ്ങളാണ് ഉള്ളത്. പരസ്യത്തില്‍ പറയുന്നത് അനുസരിച്ച് സംസ്ഥാനത്തെ മിക്ക ജില്ലകളിലും പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ സുരേന്ദ്രന്റെ പേരില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേസുകളില്‍ ഭൂരിപക്ഷവും ശബരിമല സമരവുമായി ബന്ധപ്പെട്ടതാണ്. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ ഗതാഗതം തടയല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ കേസുകളാണ് സുരേന്ദ്രന്റെ പേരിലുള്ളത്.
കൊല്ലം ജില്ലയിലാണ് സുരേന്ദ്രനെതിരെ ഏറ്റവും കൂടുതല്‍ കേസുകളുള്ളത് -68 കേസുകള്‍. തിരുവനന്തപുരം-3, പത്തനംതിട്ട-38, ആലപ്പുഴ-56, കോട്ടയം-8, ഇടുക്കി-17,എറണാകുളം - 13, തൃശ്ശൂര്‍-6, കോഴിക്കോട്-2, മലപ്പുറം വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒന്നുവീതം, കാസര്‍ഗോഡ്-38 എന്നിങ്ങനെയാണ് സുരേന്ദ്രന്റെ പേരിലുള്ള കേസുകളുടെ എണ്ണം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധന പ്രകാരമാണ് സുരേന്ദ്രന് കേസുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.
ജില്ലാ വരണാധികാരി നിശ്ചയിച്ചിട്ടുള്ള ഏതെങ്കിലും പത്രത്തില്‍ മൂന്നുതവണയോ അല്ലെങ്കില്‍ മൂന്നു പത്രങ്ങളില്‍ ഒരു തവണ വീതമോ കേസുകളെപ്പറ്റിയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധന. ഇതുകൂടാതെ പ്രചാരമുള്ള ടി.വി ചാനലുകളിലും രാവിലെ എട്ടിനും രാത്രി 10 മണിക്കും ഇടയില്‍ കൃത്യമായി മനസിലാക്കുന്ന തരത്തില്‍ കുറഞ്ഞത് ഏഴു സെക്കന്‍ഡ് ദൈര്‍ഘ്യത്തിലും കേസുകളെപ്പറ്റിയുള്ള പരസ്യം നല്‍കണം. ഇങ്ങനെ പ്രസിദ്ധീകരിച്ച വിവരങ്ങളില്‍ പരാതിയുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് 500 രൂപ മുദ്രപത്രത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സത്യവാങ്മൂലം നല്‍കാം.
അതേസമയം ഇത്രയധികം കേസുകള്‍ ഉള്ളതിനാല്‍ പരസ്യം നല്കാന് കുറഞ്ഞത് 60 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് കണക്ക്. കേസുകള്‍ പരസ്യപ്പെടുത്തുന്നതിന് ചിലവാകുന്ന തുക സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചിലവായി കണക്കാക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കമ്മീഷന് നിലപാട് എടുത്തിട്ടില്ല. ബിജെപിയുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സുരേന്ദ്രന്റെ കാര്യത്തില്‍ പ്രതിസന്ധികളുണ്ടാകും. നിയമപരമായി 75 ലക്ഷം രൂപ മാത്രമേ ഒരു സ്ഥാനാര്‍ഥിക്ക് തിരഞ്ഞെടുപ്പിനായി ചിലവഴിക്കാനാകു. കേസുകള്‍ പ്രസിദ്ധപ്പെടുത്തിയ വകയില്‍ 60 ലക്ഷം ചിലവായാല് ബാക്കി 15 ലക്ഷം മാത്രമേ തിരഞ്ഞെടുപ്പിനായി സുരേന്ദ്രന് ചിലവഴിക്കാനാകു. അതില്‍ കവിഞ്ഞാല്‍ കമ്മീഷന് നിശ്ചയിച്ച പരിധി ലംഘിച്ചതിന് കെ. സുരേന്ദ്രനെതിരെ എതിര് സ്ഥാനാര്‍ഥികള്‍ക്ക് പരാതി നല്കാന് സാധിക്കും.
Content Highlights: 240 criminal case against NDA Candidate K Surendran