പത്തനംതിട്ട:  ശബരിമല പ്രക്ഷോഭങ്ങളിലൂടെ പത്തനംതിട്ടയില്‍ ബിജെപി ഒരു സുവര്‍ണാവസരമാണ് പ്രതീക്ഷിച്ചിരുന്നത്. വിജയത്തില്‍ കുറഞ്ഞൊന്നും തന്നെ എന്‍ഡിഎ ഇവിടെ പ്രതീക്ഷിച്ചിരുന്നില്ല. വോട്ടെടുപ്പ് കഴിഞ്ഞ് നടന്ന ബൂത്തുതല അവലോകനത്തിലും 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിലെങ്കിലും പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ ജയിക്കുമെന്നായിരുന്നു എന്‍ഡിഎയുടെ പ്രതീക്ഷ. വോട്ടെണ്ണല്‍ പുരോഗമിക്കവേ സമാഹരിച്ച വോട്ടിന്റെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കാനായെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന കാഴ്ചയാണ് കണ്ടത്.
 
വോട്ടെണ്ണലിന്റെ ആദ്യഘട്ടഫല സൂചനകള്‍ പുറത്തുവന്ന സമയത്ത് എന്‍ഡിഎ ക്യാമ്പിന് ആവേശം പകര്‍ന്ന് സുരേന്ദ്രന്‍ ലീഡ് നിലനിര്‍ത്തിയിരുന്നു. എന്നാല്‍ പിന്നീട് യുഡിഎഫിന്റെ ആന്റോ ആന്റണി മുന്നിലേക്ക് വരികയായിരുന്നു. കഴിഞ്ഞതവണ നേടിയ ഭൂരിപക്ഷത്തിനടുത്ത് പത്തനംതിട്ടയില്‍ ആന്റോ ആന്റണി നേടുമെന്ന് തന്നെയാണ് കരുതുന്നത്.
 
കോട്ടയം ജില്ലയില്‍ പെട്ട കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളും തിരവല്ല, റാന്നി, അടൂര്‍, ആറന്മുള, കോന്നി എന്നീ പത്തനം തിട്ട ജില്ലയില മണ്ഡലങ്ങളും ചേര്‍ന്നതാണ് പത്തനംതിട്ട ലോകസഭാ മണ്ഡലം. ഇതില്‍ അടൂര്‍ ഒഴികെ മറ്റുള്ള എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് ആണ് മുന്നില്‍. അടൂരില്‍ എല്‍ഡിഎഫിനാണ് മേല്‍കൈ. അതേസമയം ഇടത് സ്ഥാനാര്‍ഥിയായ വീണാ ജോര്‍ജ് സ്വന്തം തട്ടകമായ ആറന്മുള മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നതും കൂട്ടിവായിക്കണ്ടതുണ്ട്.
 
മണ്ഡലം രൂപീകൃതമായി 2009 മുതല്‍ ആന്റോ ആന്റണിയാണ് ഇവിടെ നിന്ന് ജയിച്ചിട്ടുള്ളത്. മണ്ഡലം യുഡിഎഫില്‍ നിന്ന് പിടിച്ചെടുക്കാന്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ സമരങ്ങളില്‍ ബിജെപി കളമറിഞ്ഞ് കളിച്ചപ്പോള്‍ പ്രതിരോധത്തിലായത് യുഡിഎഫും എല്‍ഡിഎഫും ഒരുമിച്ചായിരുന്നു. എന്നാല്‍ സമരങ്ങളുടെ ഭാഗമായി പോലീസിന്റെ തല്ലുകൊണ്ടതും, കേസുകളില്‍ പെട്ട് ജയലില്‍ കിടക്കേണ്ടി വന്നതും ബിജെപി വോട്ടാക്കി മാറ്റാന്‍ ശ്രമിച്ചു.
 
ഇതിനായി സമരത്തിന് ഉടനീളം വാര്‍ത്താ താരമായി നിന്ന കെ. സുരന്ദ്രേനെ എന്‍ഡിഎ ഇവിടെ സ്ഥാനാര്‍ഥിയാക്കി ഇറക്കി. ആറന്മുള എംഎല്‍എ ആയ വീണാ ജോര്‍ജിനെ എല്‍ഡിഎഫും കളത്തിലിറക്കി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും കോട്ടങ്ങളും പറഞ്ഞ് വോട്ടുതേടുന്നതിനേക്കാള്‍ മണ്ഡലത്തിലുടനീളം ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങളും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് കൂടുതലും ചര്‍ച്ചയായത്. സുവര്‍ണാവസരം വിജയമാക്കി മാറ്റാന്‍ എന്‍ഡിഎ കാടിളക്കിയുള്ള പ്രചരണം നടത്തുകയും ചെയ്തു.
 
അഭിപ്രായ സര്‍വേകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിച്ചിരുന്നത്. സുരേന്ദ്രന്‍ വിജയിക്കുമെന്ന് പ്രവര്‍ത്തകര്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്തിരുന്നു. അത്രത്തോളം പ്രവര്‍ത്തനം മണ്ഡലത്തില്‍ നടന്നിട്ടുമുണ്ട്. എന്നാല്‍ ബിജെപി പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് ആന്റോ ആന്റണി വിജയിക്കുന്ന കാഴ്ചയാണ് കാണുന്നത്. 2014 ല്‍ ആറന്മുള സമരമാണ് വോട്ടാക്കി മാറ്റാന്‍ ബിജെപി ശ്രമിച്ചത്. അന്ന് ബിജെപി സ്ഥാനാര്‍ഥിയായ എം.ടി. രമേശ് 1,38,954 വോട്ടുകളാണ് പെട്ടിയിലാക്കിയത്. ഇത്തവണ വോട്ട് രണ്ടര ലക്ഷത്തിനടുത്ത് എത്തിക്കാന്‍ സാധിച്ചു എന്നതില്‍ എന്‍ഡിഎയ്ക്ക് ആശ്വസിക്കാം.
 
Content Highlights: 2019 loksabha Election, NDA, Kasurendra, BJP