amit shahകോഴിക്കോട്: പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥിയായി കെ. സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നതിനിടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഫേസ്ബുക്ക് പേജിലും പരാതി പ്രവാഹം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയ്ക്കു പകരം കെ. സുരേന്ദ്രന് സീറ്റ് നല്‍കണമെന്നാണ് മലയാളത്തില്‍ അടക്കമുള്ള കമന്റുകളിലൂടെ ആവശ്യമുയരുന്നത്.

അമിത് ഷായുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ക്കു കീഴിലാണ് നൂറു കണക്കിന് കമന്റുകള്‍ വന്നു നിറയുന്നത്. ഇവയില്‍ ഏറെയും മലയാളത്തിലുള്ള കമന്റുകളാണ്. കെ. സുരേന്ദ്രനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാക്കണമെന്നും ശ്രീധരന്‍പിള്ളയ്ക്ക് മറ്റേതെങ്കിലും സീറ്റ് നല്‍കണമെന്നുമാണ് ആവശ്യങ്ങളുടെയെല്ലാം ഉള്ളടക്കം. ശ്രീധരന്‍പിള്ള മത്സരിച്ചാല്‍ വോട്ട് ചെയ്യില്ലെന്ന ഭീഷണിയും കമന്റുകളിലുണ്ട്.

അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് ആദരാഞ്ജലി അര്‍പിച്ചുകൊണ്ടുള്ള അമിത് ഷായുടെ പോസ്റ്റിനു കീഴിലടക്കം ഈ ആവശ്യങ്ങളുടെ പ്രവാഹമാണ്. ഈ ആവശ്യങ്ങള്‍ ഉന്നയിക്കുന്നവരെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളും ഇതോടൊപ്പം നിരവധിയുണ്ട്.

കെ. സുരേന്ദ്രന് പത്തനംതിട്ടയില്‍ സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസംമുതല്‍ സമൂഹ മാധ്യമങ്ങളില്‍ കടുത്ത പ്രചാരണമാണ് നടക്കുന്നത്. ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഈ ആവശ്യമുന്നയിച്ച് നൂറുകണക്കിന് കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ശബരിമല വിഷയത്തിലുള്ള സമരത്തില്‍ സജീവമായി നിന്നിട്ടും പാര്‍ട്ടിക്ക് പ്രതീക്ഷയുള്ള സീറ്റുകളില്‍നിന്ന് സുരേന്ദ്രനെ ഒഴിവാക്കിയെന്നാരോപിച്ചാണ് സുരേന്ദ്രനുവേണ്ടി മുറവിളിയുയരുന്നത്.

Content Highlights: Pathanamthitta, Amit Shah's facebook page, k surendran, election 2019