കോഴിക്കോട്: 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളം കണ്ട ഏറ്റവും വലിയ അട്ടിമറി വിജയമുണ്ടായത് പാലക്കാടാണ്. സിറ്റിങ് എംപിയായിരുന്ന എല്‍ഡിഎഫിന്റെ എംബി രാജേഷിനെ 11,637 വോട്ടിനാണ് യുഡിഎഫിന്റെ വികെ ശ്രീകണ്ഠന് തോല്‍പ്പിച്ചത്. ശ്രീകണ്ഠനെ സംബന്ധിച്ചടുത്തോളം ഇതൊരു മധുര പ്രതികാരമാണ്. അതിന് പിന്നില്‍ ഒരു കഥയുണ്ട്. ആ കഥയുടെ അടയാളമാണ് ശ്രീകണ്ഠന്റെ മുഖത്ത് ചെറുതായി വെട്ടിയൊതുക്കിയ താടി. ആ കഥ ഇങ്ങനെ..
ഷൊര്‍ണൂര്‍ എസ്എന്‍ കോളേജില്‍ പഠിക്കുകയായിരുന്നു ശ്രീകണ്ഠന്. അങ്ങനെയൊരു ദിവസമാണ് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണം- ശ്രീകണ്ഠന് ഓര്‍ക്കുന്നു. ആക്രമണത്തിന്റെ ഒരു ഘട്ടത്തില്‍ ആക്രമികളിലൊരാള്‍ സോഡാക്കുപ്പി പൊട്ടിച്ച് ശ്രീകണ്ഠന്റെ മുഖത്ത് കുത്തി. ഇടതുകവിള്‍ തുളച്ച ഗ്ലാസ് വായ്ക്കുള്ളില്‍ വരെയെത്തി. 13 തുന്നലുകളുമായി ശ്രീകണ്ഠന് ആശുപത്രിയിലെ ഐസിയുവില്‍..
ആശുപത്രി വിട്ടിട്ടും വെളുത്ത മുഖത്ത് 'എല്‍' ആകൃതിയില്‍ ആ മുറിപ്പാട് മായാതെ കിടന്നു. ആ ധര്മസങ്കടത്തില് നിന്നും പുറത്തു കടക്കാനാണ് താടി വളര്‍ത്താനുള്ള തീരുമാനത്തില്‍ അദ്ദേഹമെത്തുന്നത്. മുഖത്തെ മുറിവുണങ്ങുന്നതുവരെ ഷേവ് ചെയ്യരുതെന്ന ഡോക്ടറുടെ ഉപദേശവും അതിന് പിന്നിലുണ്ടായിരുന്നു. എതിര് പാര്ട്ടിക്കാര് തീര്‍ത്ത മുറിപാടിനു മേല്‍ താടി വളര്‍ന്നുതുടങ്ങിയതോടെ മുഖത്ത് മാറ്റം വന്നുതുടങ്ങിയതായി ശ്രീകണ്ഠനും തോന്നി. പതിയെ ആ താടി ശ്രീകണ്ഠന്റെ മുഖത്തിന്റെ ഭാഗമാവുകയും ചെയ്തു.
പക്ഷെ അതോടെ വേറൊരു ചോദ്യം അദ്ദേഹത്തിന് നേരെ ഉയരാന്‍ തുടങ്ങി. 'എന്ന് താടി വടിക്കും?' കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും തുടര്‍ച്ചയായി ചോദ്യങ്ങളുയര്‍ന്നതോടെ 'എന്നെ ആക്രമിച്ച പ്രസ്ഥാനത്തെ തോല്‍പ്പിക്കുന്ന അന്നുമാത്രമേ താടിയെടുക്കൂ' എന്ന് ശ്രീകണ്ഠന് പ്രഖ്യാപിച്ചു, ! ആ പ്രതിജ്ഞ പാലിക്കാന്‍ തന്നെയാണ് ശ്രീകണ്ഠന് തീരുമാനം. തന്നെ ആക്രമിച്ചവരെ കാണിക്കാനും തിരഞ്ഞെടുപ്പില്‍ ഉന്നയിച്ച മുദ്രാവാക്യങ്ങള്‍ ശരിയായിരുന്നുവെന്ന് വ്യക്തമാക്കാനും ഒരൊറ്റത്തവണ താടിയെടുക്കുമെന്ന് ശ്രീകണ്ഠന് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. അതിന് ശേഷം എല്ലാവരും കണ്ട് ശീലിച്ച താടിയുള്ള അതേ വി.കെ ശ്രീകണ്ഠനായി തുടരാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പില്‍ കണക്കുകൂട്ടിയ ഏകദേശം അത്ര തന്നെ വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. 27000 വോട്ടിന്റെ ഭൂരിപക്ഷം എന്ന കണക്കുകൂട്ടല്‍ തെറ്റിച്ചത് പാലക്കാടാണ്. കണക്കുകൂട്ടിയ അഞ്ച് നിയോജക മണ്ഡലത്തില്‍ പ്രതീക്ഷയ്ക്കൊത്തുള്ള ഫലമാണ് വന്നത്. മലമ്പുഴയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 7000 വോട്ട് കൂടുകയും പാലക്കാട് 6000 വോട്ട് കുറയുകയും ചെയ്തു. 12000 പ്രതീക്ഷിച്ചെങ്കിലും 4500 മാത്രമേ പാലക്കാട് കിട്ടിയുള്ളൂ. മണ്ണാര്‍ക്കാട് വിചാരിച്ചതിനേക്കാളും 5000 വോട്ട് കൂടുതല്‍ കിട്ടിയെന്നും ശ്രീകണ്ഠന് ചൂണ്ടിക്കാട്ടി.
Content Highlight: VK Sreekandan, Palakkad Loksabha Constituency, MB Rajesh Vs VK Sreekandan, Loksabha Election 2019