ഇടതുകോട്ടയായ പാലക്കാട്ട് 23 വർഷത്തെ ചരിത്രം തിരുത്തി വി.കെ ശ്രീകണ്ഠൻ. ശ്രീകണ്ഠന്റെ വിജയം സംസ്ഥാന തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തിളക്കമാർന്ന വിജയങ്ങളിലൊന്നായി മാറുകയും ചെയ്തു. 11637 വോട്ടിന്റെ ഭൂരിപക്ഷമുണ്ട് പാലക്കാട് യു.ഡി.എഫിന്. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലെ കേരളത്തിൽ നടന്ന ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറി കൂടിയായി ശ്രീകണ്ഠന്റെ വിജയം.

2009 ൽ 1820 വോട്ടിന് ജയിച്ചുകയറിയ എം.ബി രാജേഷ് 2014 ൽ ഭൂരിപക്ഷം 1.53 ലക്ഷമായാണ് ഉയർത്തിയത്. ഇത്തവണ എൽ.ഡി.എഫിന്റെ ഏറ്റവും ഉറച്ച സീറ്റായി വിലയിരുത്തിയതും പാലക്കാടാണ്. അവിടെയാണ് എൽ.ഡി.എഫിന്റെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി വി.കെ ശ്രീകണ്ഠൻ മുന്നേറിയത്. 399274 വോട്ട് ശ്രീകണ്ഠന് ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ സിറ്റിങ് എം.പി കൂടിയായ എം.ബി.രാജേഷിന് ലഭിച്ചത് 387637 വോട്ടായിരുന്നു. 218556 വോട്ട് ലഭിച്ച ബി.ജെ.പിയുടെ സി. കൃഷ്ണകുമാറിന് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽപ്പോലും യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വെല്ലുവിളിയുയർത്താൻ പറ്റിയില്ല.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ, പാലക്കാട് നിയമസഭാ മണ്ഡലങ്ങളെല്ലാം എം.ബി രാജേഷിനേയാണ് തുണച്ചത്. ഇത്തവണ പാലക്കാട്, മണ്ണാർക്കാട്, പട്ടാമ്പി എന്നിവിടങ്ങളിൽ ശ്രീകണ്ഠൻ ലീഡുയർത്തി. 

27,000 വോട്ടിന്റെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് ശ്രീകണ്ഠൻ പറഞ്ഞിരുന്നതെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആ ആത്മവിശ്വാസത്തിന് കോട്ടം തട്ടിയിരുന്നു. തിരഞ്ഞെടുപ്പ് ഫണ്ട് കിട്ടിയില്ല, ഏകോപനം ഉണ്ടായില്ല തുടങ്ങിയ വിമർശനങ്ങൾ ശ്രീകണ്ഠന്റെ ഭാ​ഗത്തു നിന്നുണ്ടായെങ്കിലും പിന്നീട് നേതൃത്വം നേരിട്ട് ഇടപെടുകയായിരുന്നു.

ശ്രീകണ്ഠന്റെ തിരഞ്ഞെടുപ്പ് പ്രചാരണവും ചരിത്രത്തിൽ ഇടം നേടാവുന്നതായിരുന്നു. ആന്ധ്രയിൽ വൈ.എസ്. ആർ നടത്തിയ പദയാത്രകളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് 430 ഓളം കിലോമീറ്ററാണ് സ്ഥാനാർഥി എന്ന നിലയിലും ഡി.സി.സി പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹം നടന്നത്. ഒരു മാസം നീണ്ട പദയാത്രയായിരുന്നു അത്. 100 പൊതുയോ​ഗങ്ങൾ സംഘടിപ്പിച്ചു. പാലക്കാട് മണ്ഡലത്തിലും ആലത്തൂരിന്റെ ചില മേഖലകളിലൂടെയുമായിരുന്നു ആ യാത്ര. പാലക്കാട്ടെ വിവിധ മേഖലകളിലെ വികസന മുരടിപ്പായിരുന്നു വി.കെ.ശ്രീകണ്ഠൻ ജനസമക്ഷം ഉയര്‍ത്തിയത്. 

2014 ല്‍ 4,12,897 വോട്ടുകള്‍ രാജേഷിന് ലഭിച്ചപ്പോള്‍ യു.ഡി. എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എം.പി.വീരേന്ദ്രകുമാറിന് ലഭിച്ചത് 3,07,597 വോട്ടായിരുന്നു. ഇത്തവണയും നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് തന്നെയാണ് ഇടതുപക്ഷം വിലയിരുത്തിയത്.

മണ്ണാര്‍ക്കാട്, പട്ടാമ്പി, പാലക്കാട്, കോങ്ങാട് എന്നീ മണ്ഡലങ്ങളില്‍ വന്‍ മുന്നേറ്റമുണ്ടാകുമെന്നും ഒറ്റപ്പാലം, മലമ്പുഴ മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന് നിലവിലുള്ള വോട്ട് ശതമാനത്തില്‍ കുറവ് വരുമെന്നുമായിരുന്നു യു.ഡി.എഫ് കേന്ദ്രങ്ങളുടെ വിശ്വാസം. ഏതാണ്ട് അതുപോല തന്നെ സംഭവിക്കുകയും ചെയ്തു.

അതേസമയം മൂന്ന് ലക്ഷം വോട്ടുകള്‍ നേടാനാവുമെന്നായിരുന്നു ബി.ജെ.പി പ്രതീക്ഷിച്ചിരുന്നത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെയുള്ള പ്രതിഷേധം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലെ വിശ്വാസികളുടെ വോട്ടായി വരുമെന്നും അവര്‍ കണക്കുകൂട്ടി. ആ പ്രതീക്ഷയും അസ്ഥാനത്തായി.

എക്സിറ്റ് പോളുകൾ പലതും പാലക്കാട്ട് എം.ബി.രാജേഷ് വിജയിക്കുമെന്നും ബി.ജെ.പിയുടെ സി.കൃഷ്ണകുമാർ രണ്ടാം സ്ഥാനത്ത് വരുമെന്നും പ്രവചിച്ചിരുന്നെങ്കിലും അതെല്ലാം അസ്ഥാനത്താക്കിക്കൊണ്ടാണ് വി.കെ.ശ്രീകണ്ഠൻ ജയിച്ചുകയറിയത്. 

Content highlights: VK Sreekandan makes history in Palakkad LS constituency mb rajesh sitting mp loses, lok sabha election, ldf, udf