പാലക്കാട്: ലോക് സഭാ തിരഞ്ഞെടുപ്പില്‍ ശക്തികേന്ദ്രങ്ങളിലൊന്നായ പാലക്കാടില്‍ കാലിടറി വീണിരിക്കുകയാണ് ഇടതുമുന്നണി. എല്‍.ഡി.എഫ് നെ സംബന്ധിച്ച് ഏറെ പ്രതീക്ഷകള്‍ വച്ചു പുലര്‍ത്തിയ മണ്ഡലമായിരുന്നു പാലക്കാട്. എന്നാല്‍ ഏക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ അട്ടിമറിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠനാണ് മുന്നിൽ.  

സിറ്റിങ് എം.പിയായ എം. ബി രാജേഷിന്റെ പരാജയം എല്‍.ഡി.എഫിനെ സംബന്ധിച്ച് കടുത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെല്ലാം എം.ബി  രജേഷിന് അനുകൂലമായിരുന്നു. പ്രചാരണം കഴിഞ്ഞപ്പോള്‍ തന്നെ മികച്ച വിജയം ഉറപ്പിച്ചുവെന്ന് എക്‌സിറ്റ് പോള്‍ ഫലം പുറത്ത് വന്നപ്പോള്‍ എം.ബി രാജേഷ് പ്രതികരിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെയും രാജേഷിന്റെയും പ്രതീക്ഷകള്‍ അസ്ഥാനത്തായിരുന്നുവെന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. 

കേരളത്തിലൊട്ടാകെയുണ്ടായ യു.ഡി.എഫ് തരംഗം പാലക്കാടും ഇടതുമുന്നണിയുടെ കോട്ടയെ തകര്‍ത്തു. ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ എന്നി അസംബ്ലി മണ്ഡലങ്ങളില്‍ എം.ബി രാജേഷ് മുന്നിട്ട് നിന്നുവെങ്കിലും പട്ടാമ്പി, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ വി.കെ ശ്രീകണ്ഠന്‍ ശക്തമായ മുന്‍തൂക്കം നേടി. പാലക്കാടും യു.ഡി.എഫ് തന്നെയാണ് മേല്‍ക്കൈ നേടിയത്. 

ന്യൂനപക്ഷ  വോട്ടുകളുടെ കേന്ദ്രീകരണം കോണ്‍ഗ്രസിന് അനുകൂലമായി എന്ന് കരുതുന്നുവെന്ന് എം.ബി രാജേഷ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ജയിക്കുക മാത്രമല്ല ചിലപ്പോള്‍ തോല്‍ക്കേണ്ടി വരും. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളിലെ തിരിച്ചടി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Content Highlights: sitting mp mb rajesh losses to vk sreekandan, palakkad constituency , lok sabha election 2019, ldf, udf